ചെന്നൈ • എടപ്പാടി പളനിസാമിയെ (ഇ.പി.എസ്) അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. അണ്ണാ ഡി.എം.കെയിലെ ഇ.പി.എസ് – ഒ.പി.എസ് (ഒ. പനീർശെൽവം) വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ സിംഗിൾ ബെഞ്ചിന്റെ വിധി ഇതോടെ റദ്ദായി.
അണ്ണാ ഡി.എം.കെയിൽ നിന്ന് പനീർശെൽവത്തെ പുറത്താക്കി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കിയ പാർട്ടി ജനറൽ കൗൺസിൽ തീരുമാനം നേരത്തെ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഇ.പി.എസ് വിഭാഗം നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിലിന്റെ തീരുമാനങ്ങൾക്ക് വീണ്ടും സാധുതവന്നു. ഇ.പി.എസിന്റെ കൈയിൽ വീണ്ടും അണ്ണാ ഡി.എം.കെ എത്തുകയും അദ്ദേഹം ജനറൽ സെക്രട്ടറിയാവുകയുംചെയ്തു. ഒപ്പം പാർട്ടിയിലെ പ്രതിസന്ധി മറികടക്കാനും പളനിസാമിക്ക് കഴിഞ്ഞു. പുതിയ തീരുമാനത്തോടെ പനീർശെൽവം പാർട്ടിയിൽ അപ്രസക്തനായി.
മധുരം വിതരണം ചെയ്തും ആഹ്ലാദപ്രകടനം നടത്തിയുമാണ് ഇ.പി.എസ് അനുയായികൾ ഹൈക്കോടതി വിധിയെ സ്വാഗതംചെയ്തത്. അതേസമയം, ഡിവിഷൻ ബെഞ്ചിന്റെ തീരുമാനത്തെ സുപ്രിംകോടതിയിൽ ചോദ്യംചെയ്യുമെന്ന് ഒ.പി.എസ് വിഭാഗം അറിയിച്ചു. ഇതോടെ അണ്ണാ ഡി.എം.കെയിലെ അധികാരത്തർക്കം സംബന്ധിച്ച നിയമയുദ്ധം നീളുമെന്ന് ഉറപ്പായി.
ഒ.പി.എസ് പക്ഷത്തെ പ്രമുഖരായ ജെ.സി.ഡി പ്രഭാകർ, ആർ വൈത്തിലിംഗം, പി.എച്ച് മനോജ് പാണ്ഡ്യൻ എന്നിവരെയും പുറത്താക്കിയിരുന്നു. 2500ലധികം പേരുള്ള ജനറൽ കൗൺസിലിൽ ഭൂരിഭാഗവും പളനിസാമിയെയായിരുന്നു അനുകൂലിച്ചത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ. പനീർസെൽവത്തെ പുറത്താക്കണമെന്ന് യോഗത്തിൽ ആവശ്യമുയരുകയും പ്രത്യേക പ്രമേയം അവതരിപ്പിച്ച് പാസാക്കുകയുമായിരുന്നു.
Comments are closed for this post.