2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പല പാതകളിലൂടെ എവറസ്റ്റിലേക്ക്

 

‘ഓ, നിങ്ങള്‍ ദിവസവും 12 മുതല്‍ 16 മണിക്കൂര്‍ വരെയൊക്കെ പഠിക്കുന്നുണ്ടാവണം.!!
റൊണാള്‍ഡ് റോസിനോട് ചിലര്‍ ചോദിക്കും.
‘ഒരിക്കലുമില്ല, ഒരു മനുഷ്യജീവിയ്ക്കും പാഠപുസ്തകങ്ങള്‍ അത്രയും സമയം ശ്രദ്ധയോടെ പഠിക്കാനാവില്ല. ഒരു പക്ഷെ ചിലര്‍ അത്രയും സമയം ബുക്കിനുമുമ്പില്‍ ഇരിക്കുന്നുണ്ടാവണം. അതുവേറെ കാര്യം’
‘ഞാന്‍ പരമാവധി പഠിച്ചത് പ്രതിദിനം നാലുമണിക്കൂര്‍ മാത്രമാണ്. പക്ഷെ അത് സമ്പൂര്‍ണശ്രദ്ധയോടെയായിരുന്നു. ശരിക്കും മനസിലാക്കിക്കൊണ്ട്!! അതായിരുന്നു അയാളുടെ മറുപടി.
അപ്പോള്‍ അവര്‍ വീണ്ടും ചോദിച്ചെന്നിരിക്കും;’എങ്കില്‍ നിങ്ങള്‍ ഒരു അസാധാരണ പ്രതിഭയായിരിക്കും. സ്‌കൂളില്‍ എന്നും ഒന്നാമനായിക്കൊണ്ടിരുന്ന മിടുമിടുക്കന്‍! അല്ലേ? ‘അപ്പോള്‍ സദസിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടിവരികയായി.
‘അതേയതെ. ഒന്നാംസ്ഥാനക്കാരനാവാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ എന്റെ ക്ലാസിലെ മിടുക്കന്മാരായ മറ്റു കുട്ടികള്‍ എന്നെ അതിനനുവദിച്ചില്ല!!’ അതുകഴിഞ്ഞ് ഒരു നിമിഷത്തെ നിശബ്ദത. റൊണാള്‍ഡ് റോസ് തുടരുകയായി;
‘എന്നിട്ടും ഞാന്‍ ഐ.എ.എസുകാരനായി.
കാരണം, രാജ്യത്തെ ഏറ്റവും വലിയ സര്‍വകലാശാലയിലാണ് ഞാന്‍ പഠിച്ചത്; റെയില്‍വേ സ്റ്റേഷനില്‍!!’
റൊണാള്‍ഡ് റോസ് ഐ.എ.എസുകാരനു മുമ്പില്‍ സദസ്യര്‍ അല്‍ഭുതത്തോടെയും ആരാധനയോടെയും ഇരുന്നു. അദ്ദേഹം തുടര്‍ന്നു:
‘രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകന് പോലും പഠിപ്പിക്കാന്‍ കഴിയാത്ത പാഠങ്ങള്‍ ഞാന്‍ ആ സര്‍വകലാശാലയില്‍ വെച്ചുപഠിച്ചു. അതിശയകരമായ അനുഭവങ്ങള്‍. ഒരു ദിനംപോലും മറ്റൊരു ദിനം പോലെയായിരുന്നില്ല അവിടെ. ജനങ്ങളോട് എങ്ങിനെ ഇടപെടണമെന്ന് ഞാന്‍ പഠിച്ചു.
നിങ്ങള്‍ ഏറ്റവും ടോപ്പറോ ഗോള്‍ഡ് മെഡലിസ്റ്റോ ആവണമെന്നില്ല സിവില്‍ സര്‍വിസിലെത്തിച്ചേരാന്‍. ക്ലാസില്‍ ടോപ്പറോ ബോട്ടമോ എന്നതൊന്നുമല്ല പ്രശ്‌നം.
അഭിമുഖങ്ങളില്‍ യു.പി.എസ്.സി പരിശോധിക്കുന്നത് ഈ ജോലിക്ക് അനുയോജ്യമായ അഭിരുചിയും മനോഭാവവും നിങ്ങള്‍ക്കുണ്ടോയെന്നതാണ്. ഈ കലക്ടര്‍ പറയുന്നു.
‘സിവില്‍ സര്‍വിസ് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ?’
അതാണ് മറ്റൊരു ചോദ്യം.
ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ സാധാരണക്കാരായ കുട്ടികള്‍ക്ക് അങ്ങിനെയൊരു ചിന്തയൊന്നും ഉണ്ടായിരുന്നതേയില്ല. അത്യുന്നതരായ ചുരുക്കം ചിലരുടെ മക്കള്‍ക്കൊഴികെ.
ആര്‍ക്കും ഏതു ഘട്ടത്തിലും സിവില്‍ സര്‍വിസ് പോലുള്ള വലിയവലിയസ്വപ്നങ്ങള്‍ കാണാം. ബാല്യത്തിലോ കൗമാരത്തിലോ യൗവനത്തിലോ… എപ്പോഴായാലും. റൊണാള്‍ഡ് റോസ് പറയുന്നു.
പത്ത് പാസായി, റെയില്‍വേ റിക്രൂട്‌മെന്റ് ബോഡിന്റെ ‘വൊക്കേഷനല്‍ കോഴ്‌സ് ഇന്‍ റെയില്‍വേ കൊമേഴ്‌സ്യല്‍’ പരീക്ഷയെഴുതി. അതിന്റെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍, പ്ലസ്ടു പൂര്‍ത്തിയാക്കി റെയില്‍വേയില്‍ ജോലി നേടിയപ്പോള്‍ റൊണാള്‍ഡ് റോസിന് പ്രായം 17 കഴിഞ്ഞതേയുള്ളൂ. കടലൂര്‍ പോര്‍ട് ജങ്ഷന്‍ സ്റ്റേഷനില്‍ ജോയിന്‍ ചെയ്യാന്‍ എത്തിച്ചേര്‍ന്നത് അര്‍ധരാത്രി കഴിഞ്ഞ് രണ്ടുമണിക്ക്. ആ രാവില്‍ റെയില്‍വേ ബെഞ്ചിലുറങ്ങി പിറ്റേന്നു ജോയിന്‍ ചെയ്ത റൊണാള്‍ഡ് ഏഴുവര്‍ഷക്കാലം സര്‍വിസില്‍ തുടര്‍ന്നു.
1999 ല്‍ ഒറീസയിലുണ്ടായ ഭീകര ചുഴലിക്കാറ്റില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ സന്നദ്ധസേവനം നടത്താന്‍ റൊണാള്‍ഡ് ഉള്‍പ്പെടെ റെയില്‍വേക്കാരായ പത്ത് പേര്‍ പോയതാണ് വഴിത്തിരിവായത്.
അവിടുത്തെ അന്തരീക്ഷം അതീവ ദയനീയവും ഭീകരവുമായിരുന്നു. തകര്‍ന്നടിഞ്ഞ പ്രദേശങ്ങളില്‍ യാതൊന്നുമില്ലാതെ ഉഴലുന്ന നിസഹായരായ മനുഷ്യര്‍. പത്തുനാള്‍ അവിടെ പ്രവര്‍ത്തിച്ചപ്പോള്‍ തിരിച്ചറിവുണ്ടായി, ഇനിയും ചിലതൊക്കെക്കൂടി ചെയ്യാനുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനമേഖലയിലെത്തിച്ചേരണം. അവര്‍ കൂടിയാലോചിച്ചു. അങ്ങിനെയാണ് സിവില്‍ സര്‍വിസ് എന്ന സ്വപ്നത്തിലേക്ക് എത്തുന്നത്. 24-ാം വയസില്‍!!
ജോലിക്കിടയില്‍ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ രീതിയില്‍ സ്വയം പഠിച്ച് നേടിയ ബി.കോം ബിരുദം തുണയായി. അപേക്ഷിക്കാനുള്ള ഏക യോഗ്യത ഏതെങ്കിലും ഒരു ബിരുദം എന്നതാണല്ലോ!!
തുടര്‍ന്ന്, അവധി പോലുമെടുക്കാതെ, രാത്രിയിലിരുന്നായിരുന്നു അതീവശ്രദ്ധയോടെയുള്ള പഠനം.
ഏതു പരീക്ഷയിലും ഇത്തരം പഠനരീതിയിലൂടെ വിജയിക്കുന്ന ചിലരുണ്ടാവും.. പക്ഷെ ഓരോരുത്തരുടേയും മാര്‍ഗങ്ങള്‍ തികച്ചും വിഭിന്നങ്ങളാവും.
കേരളത്തില്‍ നിന്ന് ഇത്തവണ സിവില്‍ സര്‍വിസിലേക്കെത്തിയവരില്‍, കോച്ചിങ് കേന്ദ്രത്തിലെ ലൈബ്രറിയില്‍ പകല്‍ എട്ടുമണിക്കൂറോളം പഠിക്കുകയും രാത്രിയില്‍ വീട്ടില്‍ വിശ്രമിച്ച് കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്തവരുണ്ട്.
ബി.എ.ഇക്കണോമിക്‌സ് കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം നേരെ സിവില്‍സര്‍വിസിലേക്ക് കടന്നുവന്നയാളുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനവും ജോലിയും തുടര്‍ന്ന് ഫയര്‍സര്‍വിസ് വിഭാഗത്തില്‍ ഉദ്യോഗവും അതൊടൊപ്പം പഠനവുമൊക്കെയായി അഞ്ച് അവസരങ്ങള്‍ക്ക് ശേഷം സ്വപ്നസാക്ഷാത്കാരം സാധ്യമായവരുണ്ട്. മലയാളമാധ്യമത്തില്‍ സ്‌കൂള്‍ പഠനം നടത്തിയവരും ഇംഗ്ലീഷ് സ്‌കൂളുകളില്‍ പഠിച്ചവരുമുണ്ട്. എഞ്ചിനീയറിങ് ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത്, ഒരു സഹപ്രവര്‍ത്തക ഇന്റര്‍വ്യൂ ഘട്ടത്തിലെത്തിയതറിഞ്ഞപ്പോള്‍ മോഹം മൊട്ടിടുകയും അത് നേടിയെടുക്കുകയും ചെയ്തവരുണ്ട്. പൊതുവായി ഇവര്‍ക്കെല്ലാം എന്തെങ്കിലുമുണ്ടോ?
ചുരുക്കം കാര്യങ്ങള്‍ മാത്രം. അതിലൊന്ന് തീര്‍ച്ചയായും ഇതുതന്നെ.
മനസ്സില്‍ മൊട്ടിട്ട സ്വപ്നം സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയവും, കഠിനാധ്വാനവും, തോല്‍വിയെ ഭയപ്പെടാത്ത മനസും.
‘A dream doesn’t become realtiy through magic; it takes sweat, determination and hard work.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.