2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പറയുന്നകാര്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരന്‍

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടത് പക്ഷത്തിനെ വലിയ തോല്‍വിയില്‍ നിന്ന് കരകയറ്റിയത് പിണറായി വിജയന്‍ എന്ന കര്‍ക്കശനായ നേതാവ് സി.പി.എമ്മിന് ഉണ്ടായിരുന്നതുകൊണ്ടാണ്

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: പറയുന്ന കാര്യം ചെയ്യുന്നതും ചെയ്യുന്ന കാര്യം മാത്രം പറയുന്നയാളുമാണ് പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്‍. എന്നും കാര്‍ക്കശ്യകാരനായി കാണുന്നുവെങ്കിലും താന്‍ ഏറ്റെടുക്കുന്ന കാര്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന നേതാവ്. സമര ചരിത്രങ്ങളുടെ നായകന്‍. ഒന്നരപതിറ്റാണ്ട് സി.പി.എമ്മിന്റെ അമരത്തിരുന്ന് പാര്‍ട്ടിയെ വളര്‍ത്തിയ നേതാവ്.

കേരള രാഷ്ട്രീയത്തില്‍ ആരാണ് പിണറായി വിജയന്‍? സാധാരണ ഗതിയില്‍ കേരള രാഷ്ട്രീയം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് എങ്ങനെയാണ്? പലപ്പോഴും ആരോപണങ്ങളുടെ പ്രതിപ്പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ ഇനിയും ഏറെക്കാലം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നിലനിന്നേക്കാവുന്ന എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ പ്രതി.

സി.പി.എം നടപ്പാക്കിയെന്ന് ആരോപിക്കപ്പെടുന്ന ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ ഉത്തരവാദി. സര്‍വോപരി വി.എസ് അച്യുതാനന്ദനെന്ന ജനകീയ കമ്മ്യുണിസ്റ്റ് നേതാവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അഭിനവ കമ്മ്യൂണിസ്റ്റ്. വിശേഷണങ്ങള്‍ ഒരുപാടുണ്ട് പിണറായിക്ക്. സാധാരണക്കാരന്‍ മാധ്യമങ്ങളിലൂടെ മനസിലാക്കുന്ന പിണറായി ഇതൊക്കെയാണ്. എന്നാല്‍ ഇതിനുമപ്പുറമൊന്നുണ്ട്.

തിരുവമ്പാടി എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ ബോധാവസ്ഥയില്‍ത്തന്നെ ‘രോഗീലേപന’മെന്ന കൂദാശ സ്വീകരിച്ചുവന്നും മക്കളെ മാമോദീസ മുക്കിയെന്നുമുള്ള താമരശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ‘നുണ പറയുന്ന നികൃഷ്ട ജീവികളെ’ന്ന് പറയാന്‍ ഈ വിജയനു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ. അതിന്റെ പേരില്‍ പുകിലുണ്ടായെങ്കിലും.
ഈ ധൈര്യം അന്ന് പാര്‍ട്ടി സെക്രട്ടറി ആയതുകൊണ്ട് ഉണ്ടായതല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട പിണറായിയിലെ പാറപ്പുറത്തുനിന്ന് സ്വന്തം വീട്ടിലേക്ക് 20 മിനിറ്റ് മാത്രമുള്ള നടപ്പ്ദൂരം സമ്മാനിച്ചതുമാവില്ല. കുട്ടിക്കാലത്ത് തന്നെ പോറ്റി വളര്‍ത്തിയ, നെയ്ത്ത്‌തൊഴിലാളിയായ ജ്യേഷ്ഠന്‍ കുമാരന്റെ ഹൃദയത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയതാവണം ആ ധൈര്യവും പാര്‍ട്ടി കൂറും.

കര്‍ക്കശക്കാരനെന്നു എല്ലാവരും പറയുമ്പോഴും തന്റെ ശരികളാണ് ശരികളെന്ന നിലപാടും ആത്മവിശ്വാസവുമാണ് പിണറായി വിജയനെന്ന വ്യക്തിയെ മുന്നോട്ടു നയിച്ചത്. എല്ലാവരും അവനവനെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്വപ്നങ്ങള്‍ കാണുകയും ചെയ്യുന്ന കാലത്ത് ‘നിങ്ങള്‍ക്ക് സ്വപ്നങ്ങള്‍ കാണാന്‍ വിലക്കുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു’ എന്ന് വൃഥാ ഓര്‍മപ്പെടുത്തിയിരുന്നൊരാള്‍.

മലപ്പുറം സമ്മേളനത്തില്‍ വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എ.കെ.ജി സെന്റര്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി രാധാകൃഷ്ണനെ കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ പി.കെ ഗുരുദാസന്റെ സ്റ്റാഫായി നിയമിച്ചതിനെതിരേ പ്രതികരിച്ചവരോട് പിണറായി പറഞ്ഞത് അവര്‍ ഒരു കാലഘട്ടത്തില്‍ പാര്‍ട്ടിക്കുവേണ്ടി സേവനം ചെയ്തവരാണ്. കൈയില്‍ കിട്ടിയത് പുറത്തു കൊടുത്ത തെറ്റേ അവര്‍ ചെയ്തുള്ളൂ. അവരുടെ കൈയില്‍ എത്തിച്ചവര്‍ ഈപ്പോഴും അകത്തു തന്നെയല്ലേ?

തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം.

പിണറായിയുടെ രൗദ്രഭാവത്തെ എതിരാളികളും പാര്‍ട്ടിയിലെ ചില അസംതൃപ്തരും അസഹിഷ്ണുതയോടെ സമീപിച്ചിരുന്നു. പക്ഷെ ആ രൗദ്രഭാവം പാര്‍ട്ടിക്കാര്‍ക്ക് ജീവനാണ്. കാരണം പാര്‍ട്ടി ഓഫിസിലിരുന്നു കല്‍പ്പനകള്‍ നല്‍കുന്ന നേതാവല്ല, എന്തിനും ഇറങ്ങി ചെല്ലുന്നയാളാണ് അവരുടെ വിജയേട്ടന്‍.
കണ്ണൂരിനെ കാല്‍ക്കീഴിലാക്കി കേരളത്തിന്റെ ധാര്‍ഷ്ട്യക്കാരനായ നേതാവായിപ്പോയത് രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുകള്‍ വിളിച്ചുപറയാന്‍ കാണിച്ച ആര്‍ജവം ഒന്നുകൊണ്ട് മാത്രമാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിലപാടുകളില്‍ ഇന്നും പിണറായി വെള്ളം ചേര്‍ത്തിട്ടില്ല.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടത് പക്ഷത്തിനെ വലിയ തോല്‍വിയില്‍ നിന്ന് കരകയറ്റിയത് പിണറായി വിജയന്‍ എന്ന കര്‍ക്കശനായ നേതാവ് സി.പി.എമ്മിന് ഉണ്ടായിരുന്നതുകൊണ്ടാണ്. എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി സംവിധാനത്തെ പിണറായി ചലിപ്പിച്ചില്ലായിരുന്നു എങ്കില്‍ വലിയ തോല്‍വി ഇടതിന് നേരിടേണ്ടതായി വരുമായിരുന്നു.

അതേ പാര്‍ട്ടി സംവിധാനത്തെ പതിനാലാം നിയമസഭയിലേക്ക് ഒരുക്കാനായി സി.പി.എമ്മിന് മറ്റാരെയും ഏല്‍പ്പിക്കാനുണ്ടായിരുന്നില്ല. പിണറായി അല്ലാതെ വി.എസും മത്സരിച്ചെങ്കിലും പിണറായി മുഖ്യമന്ത്രിയാകും എന്ന് തന്നെ ഏവരും പ്രതീക്ഷിച്ചിരുന്നു.
1970ല്‍ ഇരുപത്താറാം വയസില്‍ കൂത്തു പറമ്പില്‍ നിന്നും നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥക്കാലത്ത് പൊലിസ് കസ്റ്റഡിയില്‍ മൂന്നാം മുറ ഉള്‍പ്പെടെയുള്ള മര്‍ദനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടു. ക്രൂരമര്‍ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ. കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. അതേ പിണറായിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പദത്തിലെത്തിയത്.

ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം ഉള്‍ക്കൊണ്ടോ, ജനപ്രിയതയുടെ സൂത്രവാക്യങ്ങളിലൂടെയോ അല്ല, മറിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് ജനഹൃദയങ്ങളിലേക്ക് പിണറായി എന്ന പേര് എഴുതി ചേര്‍ത്തത്. അത് ഇന്നോ ഇന്നലെയോ ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് കാലങ്ങളായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടായതാണ്.
കേരളത്തിന്റെ മാറ്റത്തിനായി നിരവധി കര്‍മപദ്ധതികള്‍ നിശ്ചയിച്ചുറപ്പിച്ചാണ് പിണറായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. എല്‍.ഡി.എഫ്് പ്രകടന പത്രികയില്‍ സമൂലം ഒരു പിണറായി ടച്ച് കാണാം. വൈദ്യുതി, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വികസനം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ പിണറായിയുടെ നിലപാടുകള്‍ തീരുമാനിച്ചുറപ്പിച്ചവയാണ്.

പിണറായി വിജയന്റേത് ഒരു പുഞ്ചിരി പോലും വിടരാത്ത മുഖമെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. പുഞ്ചിരിയല്ല കേരളത്തെ മുന്നോട്ട് നയിക്കാനും ഉറച്ച തീരുമാനമെടുക്കാനുമുള്ള ആര്‍ജവമാണ് ഒരു മുഖ്യമന്ത്രിയ്ക്ക് വേണ്ടത്. അതാണ് പിണറായിയുടെ കൈമുതല്‍. കേരളം കാത്തിരിക്കുന്നു പിണറായിയിലൂടെ എല്‍.ഡി.എഫ് മുന്നോട്ടുവച്ച എല്ലാം ശരിയാകുന്ന നല്ല നാളേക്കായി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.