സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനെതിരേ തിരുവനന്തപുരത്ത് പൊലിസ് നടത്തിയ ലാത്തിചാര്‍ജ്ജ് സംബന്ധിച്ചു നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ വാക്പ്പോര് വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷയെച്ചൊല്ലിയാണ് തര്‍ക്കം.
‘ചോരയാണെന്നു വരുത്താന്‍ ചുവന്നമഷിക്കുപ്പിയുമായി സമരം നടത്താന്‍ നാണമില്ലേ. പോയി പണിനോക്കെടോ. അനാവശ്യമായ കാര്യങ്ങള്‍ ചെയ്ത് ഇവിടെവന്നു പറഞ്ഞിട്ടു കാര്യമില്ല. ഇതൊന്നും നടക്കാന്‍ പോണില്ലെടോ. പോയിട്ടു വേറെ പണിനോക്ക്’ എന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗങ്ങളാണ് തെരുവിന്റെ ഭാഷയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി കമ്മിറ്റിയിലും തെരുവിലും ഉപയോഗിക്കുന്ന ഭാഷ മുഖ്യമന്ത്രി നിയമസഭയ്ക്കകത്തുവന്ന് ഉപയോഗിക്കരുതെന്നായി പ്രതിപക്ഷനേതാവ്.
ഇതോടെ ഏതൊരു വിഷയത്തെച്ചൊല്ലിയാണോ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഒമ്പതുദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരസമരം നടത്തുന്നത് ആ വിഷയംതന്നെ തമസ്കരിക്കുംവിധമായി കഴിഞ്ഞദിവസത്തെ ഭരണപക്ഷ, പ്രതിപക്ഷ നിയമസഭാപ്രകടനം. സ്വാശ്രയമെഡിക്കല്‍ കരാര്‍ സര്‍ക്കാര്‍ മാനേജ്മെന്റുമായി ഉണ്ടാക്കിയതു മാനേജ്മെന്റിന്റെ തീവെട്ടിക്കൊള്ളയ്ക്ക് അവസരംനല്കിയിരിക്കുകയാണെന്നും കരാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണു യൂത്ത്കോണ്‍ഗ്രസ് സമരംചെയ്യുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിലപാടില്‍നിന്നു മാറുന്നതിന്റെ സൂചനകളൊന്നും ഇതുവരെ നല്‍കാത്ത സ്ഥിതിക്ക് സമരം യു.ഡി.എഫ് ഏറ്റെടുക്കുമ്പോള്‍ കേരളത്തിലെ സാമൂഹ്യാന്തരീക്ഷം കൂടുതല്‍ കലുഷിതമാവാനാണു സാധ്യത.
ക്രമസമാധാന നില തകരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനടക്കമുള്ള നേതാക്കള്‍ നില്ക്കുമ്പോഴാണു യൂത്ത്കോണ്‍ഗ്രസ് സമരപ്പന്തലിലേയ്ക്കു പൊലിസ് ഗ്രനേഡ് എറിഞ്ഞത്. അതൊട്ടും ശരിയായില്ല. നിരാഹാരസത്യഗ്രഹം നടത്തുകയായിരുന്ന ഡീന്‍ കുര്യാക്കോസിനും വൈസ്പ്രസിഡന്റ് സി.ആര് മഹേഷിനും നേര്‍ക്കു കണ്ണീര്‍വാതക ഷെല്‍ എറിഞ്ഞതിനെത്തുടര്‍ന്ന് അവരെ ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടി വന്നു.
പൊലിസിന്റെ ലാത്തിച്ചാര്‍ജ്ജിലും സമരപ്പന്തലില്‍ പൊലിസ് നടത്തിയ അതിക്രമങ്ങളിലും പ്രതിഷേധിച്ചു കഴിഞ്ഞദിവസം തിരുവനന്തപുരത്തു ഹര്‍ത്താല്‍ ആചരിച്ചു. സര്‍ക്കാര്‍ മാനേജ്മെന്റുമായി കരാറിലൊപ്പിടുകയും പ്രവേശന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ കരാറില്‍നിന്നു പിന്മാറുക എളുപ്പമല്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നീറ്റ് അടിസ്ഥാനത്തിലാണു വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കേണ്ടത്. ഇതാകട്ടെ മെറിറ്റിന് അടിസ്ഥാനത്തിലാകണമെന്നു കോടതി പറയുന്നുണ്ട്.
മെറിറ്റ് സീറ്റിലായാലും മാനേജ്മെന്റ് സീറ്റിലായാലും നീറ്റില്‍ നിന്നു മുന്‍ഗണനാക്രമത്തിലാണു പ്രവേശനം നല്‍കേണ്ടത്. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് ഇത് അട്ടിമറിക്കുകയും സര്‍ക്കാര്‍ ഈ തീവെട്ടിക്കൊള്ളയ്ക്കു കൂട്ടുനില്ക്കുകയുമാണെന്ന് ആരോപിച്ചാണ് യൂത്ത്കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത്. സ്വാശ്രയ മാനേജ്മെന്റ് തലവരിപ്പണം വാങ്ങുന്നവെന്ന ആക്ഷേപം ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും ജയിംസ് കമ്മിറ്റിക്കു ശക്തമായ പിന്തുണനല്‍കി ആവശ്യമെങ്കില്‍ പ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ടുതന്നെ ഇടപെടുമെന്നു മുഖ്യമന്ത്രി പറയുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളജിലെങ്കിലും മെഡിക്കല്‍ ഫീസ് കുറച്ചിരുന്നുവെങ്കില് സ്വകാര്യമാനേജ്മെന്റിനെ സര്‍ക്കാറിനു സമ്മര്ദ്ദത്തിലാക്കാമായിരുന്നുവെന്ന വാദം ശാഫി പറമ്പില്‍ എം.എല്‍.എ ഉയര്‍ത്തുകയുണ്ടായി. അതുവഴി ഫീസ് കുറയ്ക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരാകുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇരുപത്തിമൂന്നു സ്വാശ്രയകോളജുകളില് ഇരുപതെണ്ണത്തിലും സര്‍ക്കാറുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതുവഴി 1250 സീറ്റുകളിലെങ്കിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം കിട്ടുമെന്നാണു മുഖ്യമന്ത്രി പറയുന്നത്.
ഇതൊക്കെ ശരിയാണെങ്കിലും 35 ശതമാനം ഫീസ് വര്‍ദ്ധിപ്പിച്ചത് ഒട്ടും ശരിയായില്ല. ഓരോവര്‍ഷം ഏഴുശതമാനം ഫീസ് വര്ദ്ധനവെന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുപോന്ന നയം. നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന കോടതിവിധി അട്ടിമറിക്കപ്പെട്ടുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നീറ്റ് റാങ്ക് ലിസ്റ്റില്‍ മുമ്പിലുള്ളവരെ തഴഞ്ഞ് വമ്പിച്ച തലവരിപ്പണം വ ാങ്ങി ഏറ്റവും താഴ്ന്ന നിലയിലുള്ളവര്‍ക്കു പ്രവേശനം നല്കി മാനേജ്മെന്റ് നീറ്റ് പട്ടിക അട്ടിമറിക്കുകയാണെന്നാണ് ആരോപണം. ഇതിനെ ഖണ്ഡിക്കുവാന്‍ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അമ്പതുശതമാനം സീറ്റില്‍ പ്രവേശനം മെറിറ്റ് അടിസ്ഥാനം വേണമെന്നും ബാക്കിയുള്ള 50 ശതമാനം സീറ്റില്‍ മാനേജ്മെന്റ് എന്തുമായിക്കൊള്ളട്ടെ എന്നുമുള്ള നിലപാട് ഇടതുപക്ഷസര്ക്കാറിനു യോജിച്ചതല്ല. രണ്ടരലക്ഷം മുടക്കിയും ഇരുപത്തയ്യായിരം മുടക്കിയും കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയുന്നുവെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ അവകാശപ്പെടുന്നുണ്ടെങ്കിലും മെറിറ്റ് സീറ്റില്‍ പ്പെട്ടവര്ക്കുപോലും 50 ലക്ഷം തലവരി കൊടുക്കേണ്ടിവരുന്നുവെന്ന പരാതി നിലനില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം.
ജയിംസ് കമ്മിറ്റിക്കു മുമ്പില്‍ കുന്നുകൂടിക്കിടക്കുന്ന പരാതികള്‍ വെറുതെ എഴുതിയതായിരിക്കില്ലല്ലോ. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനക്കെതിരേയും മാനേജ്മെന്റ് തീവെട്ടിക്കൊള്ളക്കെതിരേയുമുള്ള യൂത്ത്കോണ്‍ഗ്രസ് സമരം യു.ഡി.എഫ് ഏറ്റെടുത്തു നടത്താനിരിക്കുമ്പോള്‍ അതു കേരളീയാന്തരീക്ഷത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും. അതിനിടവരുത്താതെ പ്രതിപക്ഷവുമായി സംയമനത്തിന്റെ ഭാഷയില്‍ സംസാരിച്ചു പ്രശ്നം അവസാനിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
കേരളത്തിലെ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന സ്വാശ്രയകേളജ് പ്രവേശനപ്രശ്നത്തില് സത്യസന്ധയും സര്‍വസ്വീകാര്യവുമായ പരിഹാരത്തിനു ശ്രമിക്കാതെ ചര്‍ച്ച നാട്ടുഭാഷയുടെ വാമൊഴിവഴക്കത്തിലേയ്ക്കു നീങ്ങുന്നത് സമൂഹത്തിനുനേരേയുള്ള കൊഞ്ഞനം കുത്തലായി മാറുമെന്നു എല്ലാവരും ഓര്‍ക്കുന്നതു നന്ന്.