2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പരിയാരത്ത് ഗ്യാസ് ടാങ്കര്‍ അപകടം ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തി

തളിപ്പറമ്പ്: പരിയാരം ദേശീയപാതയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം. രണ്ടുപേര്‍ക്കു ഗുരുതര പരുക്ക്. കൊച്ചിയില്‍ നിന്നു മംഗളൂരുവിലേക്കു ഗ്യാസ് നിറക്കാന്‍ പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കറും മംഗളൂരുവില്‍ നിന്നു മണലുമായി കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണു പരിയാരം സെന്‍ട്രലില്‍ ഇന്നലെ രാവിലെ എട്ടോടെ കൂട്ടിയിടിച്ചത്.
ടാങ്കര്‍ ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി നാഗരാജന്‍(41), നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ എറണാകുളം സ്വദേശി അനസ് (26) എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാഗരാജന്റെ നില അതീവ ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
അപകടത്തില്‍ ടാങ്കറിന്റെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. ടാങ്കറിന്റെ ഡീസല്‍ ചോര്‍ന്നു മണം വ്യാപിച്ചതോടെ ഗ്യാസ് ലീക്കായെന്ന് അഭ്യൂഹം പരന്നതു പരിസരവാസികളില്‍ പരിഭ്രാന്തി പരത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി അപകട മുന്നറിയിപ്പുകള്‍ പ്രചരിച്ചതോടെ മറ്റൊരു ചാല ദുരന്തം സംഭവിച്ചേക്കാം എന്ന ആശങ്കയില്‍ നാട്ടുകാര്‍ വീടു വിട്ട് രക്ഷപ്പെടാനുള്ള ഒരുക്കം തുടങ്ങി. വ്യാപാരികള്‍ കടകള്‍ അടച്ചു. എസ്.ഐ കെ.എം മനോജിന്റെ നേതൃത്വത്തില്‍ പരിയാരം പൊലിസും അസി.സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേമരാജന്‍ കക്കാടിയുടെയും സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഹരിനാരായണന്റെയും നേതൃത്വത്തില്‍ തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും അപകട സ്ഥലത്തെത്തി. ഗ്യാസ് ഇല്ലാത്ത ടാങ്കറാണ് അപകടത്തില്‍പെട്ടതെന്ന് സ്ഥിരീകരിച്ചതും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി അപകടമില്ലെന്നു അറിയിപ്പു നല്‍കിയതും ആശങ്കകള്‍ക്കു വിരാമമിട്ടു. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ കുപ്പം-ഏഴോം റോഡുവഴി തിരിച്ചു വിട്ടു.  നാട്ടുകാരുടെയും കുപ്പം ഖലാസികളുടെയും സഹായത്തോടെ അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.