2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പരിയാരം ഏറ്റെടുക്കല്‍ കണ്ണൂരില്‍ പുതിയ സര്‍ക്കാര്‍ നേരിടുന്ന ആദ്യ വെല്ലുവിളി

വി.കെ പ്രദീപ്
പരിയാരം മെഡിക്കല്‍ സംരക്ഷണ സമിതി നല്‍കിയ ഹരജിയില്‍ ജൂണ്‍ ആറിനകം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കണം
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കലാണ് പുതിയ സര്‍ക്കാര്‍ കണ്ണൂരില്‍ നേരിടുന്ന ആദ്യവെല്ലുവിളി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ആദ്യമന്ത്രിസഭയുടെ മുന്നില്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതു സംബന്ധിച്ച ഫയലെത്തും. പരിയാരം മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നല്‍കിയ ഹരജയില്‍ ജൂണ്‍ ആറിനകം സര്‍ക്കാര്‍ മറുപടി നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആദ്യമന്ത്രിസഭായോഗത്തില്‍ പ്രഥമ പരിഗണനക്കായി പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ സംബന്ധിച്ച ഫയലെത്തും.
അധികാരമൊഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനെടുക്കുകയും ബജറ്റില്‍ നൂറുകോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി കലക്ടറോട് മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതയുടെ കണക്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കലക്ടര്‍ തയ്യാറാക്കിയ ആസ്തി ബാധ്യത കണക്ക് മുന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം നടന്നുവെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മാത്രം തീരുമാനമെടുത്തില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ കണ്ണൂരില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം നിരവധി മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നുവെങ്കിലും പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മാത്രം മന്ത്രിസഭാ തീരുമാനം ഉണ്ടായില്ല.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ പരിയാരം മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് കാണിച്ച് കത്തുനല്‍കിയത്. എന്നാല്‍ ഈ കത്തിന് ഒരുമറുപടിയും ചീഫ് സെക്രട്ടറി നല്‍കിയില്ല. തുടര്‍ന്ന് ഫെബ്രുവരിയില്‍ സംരക്ഷണ സമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കി. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് എന്താണെന്ന് അറിയിക്കണെമന്ന് കാണിച്ച് നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. രണ്ടുമാസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇത് ചീഫ് സെക്രട്ടറി അവഗണിച്ചു.
തുടര്‍ന്നാണ് കഴിഞ്ഞ വ്യാഴാഴ്ച്ച പരിയാരം മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കി. ഇതുപരിഗണിച്ച ഹൈക്കോടതിയാണ് ജൂണ്‍ ആറിനകം പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അത്യാവശ്യമാണെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ സര്‍ക്കാര്‍ പരിഗണിക്കുന്ന ആദ്യഫയലുകളില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന ഫയലുമുണ്ടാവും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.