2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പരാജയപ്പെടുന്ന റോഡ് അപകടനിവാരണപദ്ധതികള്‍


റോഡ് ഗതാഗതം സുഗമമാക്കാനും പെരുകുന്ന റോഡപകടങ്ങള്‍ക്ക് അറുതിവരുത്താനും കേന്ദ്രഗതാഗതവകുപ്പ് ആവിഷ്‌കരിക്കുന്ന പദ്ധതികളെല്ലാം പരാജയപ്പെടുകയാണെന്നു കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുദിവസം ഇന്ത്യയില്‍ നാനൂറോളംപേര്‍ റോഡപകടങ്ങളെത്തുടര്‍ന്നു മരിക്കുന്നുണ്ടെന്നാണു മന്ത്രാലയത്തിന്റെ കണക്കിലുള്ളത്.
പേടിപ്പെടുത്തുന്നതാണ് ഈ വിവരം. ഒരുദിവസം നാനൂറോളംപേരുടെ ജീവന്‍ റോഡുകളില്‍ പൊലിയുമ്പോള്‍ ഒരുമാസത്തില്‍ പന്ത്രണ്ടായിരംപേരുടെ ജീവനാണു റോഡുകളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ കുരുതിക്കളമാവുകയാണു നമ്മുടെ റോഡുകള്‍. കേന്ദ്രഗതാഗതമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പിന്നെയുമുണ്ട് അസ്വസ്ഥപ്പെടുത്തുന്നവ. റോഡപകടത്തില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ നാലാംസ്ഥാനത്താണു കേരളം. ഏറ്റവുംകൂടുതല്‍ തമിഴ്‌നാട്ടിലാണെങ്കിലും ഗുരുതരമായി പരുക്കേല്‍ക്കുന്നവരില്‍ ഒന്നാംസ്ഥാനത്താണു കേരളം. കഴിഞ്ഞവര്‍ഷം റോഡപകടത്തില്‍ ഇന്ത്യയില്‍ ഗുരുതരമായി പരുക്കേറ്റവര്‍ 61409 പേരാണ്.
അപകടങ്ങളുണ്ടാക്കുന്നതില്‍ മുഖ്യമായും പങ്കുവഹിക്കുന്നതു ഡ്രൈവര്‍മാരുടെ അശ്രദ്ധയാണെന്നു മന്ത്രാലയം പറയുന്നു. 77.1 ശതമാനം അപകടങ്ങളുമുണ്ടാകുന്നതു ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമാണ്. മദ്യപിച്ചുള്ള ഡ്രൈവിങ്ങും അപകടങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ അശ്രദ്ധയോളം വരുന്നില്ല അത്. 2014 ല്‍ നിന്നു 2015 ലേയ്‌ക്കെത്തുമ്പോള്‍ അപകടങ്ങളുടെ തോത് 4.6 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.
ഡ്രൈവര്‍മാരുടെ അശ്രദ്ധയെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഈ വഴിക്കുള്ള പരിഹാരപദ്ധതികളൊന്നും വേണ്ടത്ര വിജയിക്കുന്നില്ലെന്നും ഗതാഗതമന്ത്രാലയം കുറ്റസമ്മതം നടത്തുന്നു. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവത്രെ. ഗതാഗതമന്ത്രാലയം ഇതേ കണക്കുകള്‍ കഴിഞ്ഞമാസം രാജ്യസഭയില്‍ അവതരിപ്പിച്ചതാണ്. എന്നാല്‍, അപകടം കുറയ്ക്കുന്നതിനാവശ്യമായ പരിഹാര നടപടികള്‍ എന്തുകൊണ്ടു പരാജയപ്പെടുന്നുവെന്നുകൂടി മന്ത്രാലയം വ്യക്തമാക്കേണ്ടതുണ്ടായിരുന്നു.
കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഉദാസീനനിലപാടാണു സ്വീകരിക്കുന്നതെന്നതിനു സംശയമില്ല. അശ്രദ്ധയോടെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ കഴിയാതെവരുന്നതുകൊണ്ടാണു പിന്നെയും അതേ ഡ്രൈവര്‍മാര്‍ അപകടം ആവര്‍ത്തിക്കുന്നത്. അശ്രദ്ധകൊണ്ട് അപകടംവരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി അടുത്തകാലത്തു തുടങ്ങിയിട്ടുണ്ടെന്നതു വിസ്മരിക്കുന്നില്ല. മറ്റു മാര്‍ഗത്തിലൂടെ ഇതേ ഡ്രൈവര്‍മാര്‍ ലൈസന്‍സ് സംഘടിപ്പിക്കുന്നുണ്ടോയെന്നറിയാന്‍ എന്തുണ്ട് മാര്‍ഗം?
ലൈസന്‍സ് റദ്ദായ ഡ്രൈവര്‍മാരെക്കുറിച്ചുള്ള വിവരം ഇന്ത്യയൊട്ടാകെയുള്ള ആര്‍.ടി.ഓഫീസുകളിലെ സൈറ്റുകളില്‍ സൂക്ഷിക്കുന്നുണ്ടോ? അപകടംവരുത്തിയ ഡ്രൈവര്‍മാര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇപ്പോള്‍ കേസെടുക്കുന്നത്. അശ്രദ്ധകൊണ്ട് ഒരു ജീവനോ പല ജീവനോ നഷ്ടപ്പെടുത്തിയ ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യക്കാണു കേസെടുക്കേണ്ടത്. വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റങ്ങളാകുമ്പോഴേ അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് അവസാനിപ്പിക്കൂ. അപ്പോള്‍മാത്രമേ, ഇതുവഴിയുണ്ടാകുന്ന അപകടമരണനിരക്കു കുറച്ചുകൊണ്ടുവരാനാകൂ.
നിലവിലുള്ള നിയമങ്ങള്‍ ഇത്തരം നടപടികള്‍ക്കു പര്യാപ്തമല്ലെങ്കില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തയാറാകണം. റോഡപകടങ്ങള്‍ നിത്യേനയെന്നോണം പെരുകുമ്പോള്‍ അവ കുറയ്ക്കാന്‍ ഉതകുംവിധമുള്ള നിയമ ഭേദഗതികളാണുണ്ടാകേണ്ടത്. ഇതുസംബന്ധിച്ച് ഒരു ആലോചനപോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വിദേശരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സുരക്ഷിതമല്ലാത്ത റോഡുകളും പ്രധാനകാരണമാണ്. മോശം എന്‍ജിനിയറിങ്ങാണ് ഇന്ത്യയിലെ റോഡുനിര്‍മാണങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതെന്നാണു കേന്ദ്രഗതാഗതമന്ത്രാലയം പറയുന്നത്.
ഇതിന്റെ മുഖ്യകാരണം റോഡുനിര്‍മാണത്തിന്റെ കരാറെടുക്കുന്നവരുടെ ലാഭക്കൊതി തന്നെയാണ്. നിഷ്‌കര്‍ഷിക്കപ്പെട്ട അളവില്‍ മെറ്റലും ടാറും ചേര്‍ക്കാതെ ഇരുട്ടുകൊണ്ടു ദ്വാരമടയ്ക്കുന്നപോലുള്ള പ്രവര്‍ത്തനങ്ങളാണു ചില കരാറുകാരില്‍നിന്നുണ്ടാകുന്നത്. ഒരു മഴ പെയ്യുമ്പോഴേയ്ക്കും റോഡ് കുത്തിയൊലിച്ചുപോകുകയോ കുഴികളാല്‍ സമൃദ്ധമാവുകയോ ചെയ്യുന്നു. റോഡുപണി പൂര്‍ത്തിയായാല്‍ അതിന്റെ കാലാവധി നിശ്ചയിക്കപ്പെടുകയും കാലാവധിക്കുള്ളില്‍ റോഡുകള്‍ തകര്‍ന്നാല്‍ അതിന്റെ നഷ്ടപരിഹാരം കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് ഈടാക്കുകയുംചെയ്യുന്ന നിയമമുണ്ടായാല്‍ റോഡ്പണികളിലെ മായംചേര്‍ക്കല്‍ ഒരളവോളം ഇല്ലാതാക്കാം.
കരാറുകാരെ പിണക്കാനാവുകയില്ലെന്നാണു സര്‍ക്കാരുകളുടെ നിലപാടെങ്കില്‍ റോഡുകളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞുകൊണ്ടേയിരിക്കും. അമിതവേഗതയും റോഡപകടങ്ങള്‍ക്കു കാരണമാണ്. അമിതവേഗതക്കാരുടെ പിന്നാലെ പാഞ്ഞല്ല വിദേശരാഷ്ട്രങ്ങളില്‍ നടപടിയെടുക്കുന്നത്. ഹൈവേകളില്‍ സ്ഥാപിച്ച നിരീക്ഷണകാമറകള്‍വഴി അമിതവേഗക്കാരെ സ്റ്റേഷനിലിരുന്നുതന്നെ പിടികൂടാം.
ചെലവുകുറയുകയും ചെയ്യും. ഇതിനുവേണ്ട മോണിറ്ററിങ് സംവിധാനം കാര്യക്ഷമമായി നടപ്പിലാവുകയാണെങ്കില്‍ അമിതവേഗമൂലമുള്ള റോഡപകടങ്ങള്‍ കുറയ്ക്കാനാകും. ഇതിനെല്ലാംവേണ്ടത് ഇച്ഛാശക്തിയുള്ള ഭരണകൂടമാണ്. നിയമങ്ങളുടെ പോരായ്മകളുണ്ടെങ്കില്‍ നിയമഭേദഗതിക്കു ഭരണകൂടം തയാറാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.