
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാധാരണ പരിശോധന എന്നതിലുപരി കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയില്ലെന്നും വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയില്‍നിന്നുണ്ടായ പരസ്യ പ്രതികരണം ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ചേര്‍ന്ന സി.പി.എം അവയിലബിള്‍ സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കി.
സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി വിശദമായി പരിശോധിക്കും. ഇന്നലെ ചേര്‍ന്ന അവയിലബിള്‍ സെക്രട്ടേറിയറ്റില്‍ കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വിശദീകരണം നടത്തി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പരസ്യമായി പ്രതികരിക്കുന്നതു പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷമേ ഉണ്ടാക്കൂവെന്നും ഇത്തരം പ്രതികരണങ്ങള്‍ അനുചിതമാണെന്നും മന്ത്രി തോമസ് ഐസക്കിന്റെയും ആനത്തലവട്ടം ആനന്ദന്റെയും പേരു പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ നല്ല ഉദ്ദ്യേശത്തോടെയാണു വിജിലന്‍സിന്റെ നടപടിക്കെതിരേ പ്രതികരിച്ചതെന്നായിരുന്നു സെക്രട്ടറിയേറ്റില്‍ ഐസകിന്റെ പ്രതികരണം.