
ചാരുംമൂട്: നൂറനാട് പത്താംമൈല്‍ പന്തളം റോഡില്‍ സുജിത്ത് ബാബു സ്മൃതി മണ്ഡപത്തിനു വടക്കുഭാഗം മുതല്‍ വടക്ക് രണ്ടുതുണ്ടില് ജങ്ഷന്‍വരെ മാലിന്യം തള്ളുന്നത് വര്‍ധിക്കുന്നു. ഇതുവഴി ആര്‍ക്കും മൂക്കുപൊത്താതെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ ഭാഗത്ത് വീടുകള്‍ അധികമില്ലാത്തതും വിജനമായ പ്രദേശവുമായതിനാല്‍ ആര്‍ക്കും ഇവിടെ എന്തും തള്ളിയിട്ടു പോകാമെന്ന അവസ്ഥയാണ്.
തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും സമൂഹ്യവിരുദ്ധര്‍ക്ക് വലിയ അനുഗ്രഹമാണ്. ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയ റോഡിന്റെ ഇരുവശങ്ങളിലും ചാക്കില്‍കെട്ടിയാണ് മാലിന്യങ്ങള്‍ തള്ളുന്നത്. കോഴി വേസ്റ്റ്, അറവുമാലിന്യങ്ങള്‍, സദ്യാലയങ്ങളിലെ മാലിന്യങ്ങള്‍, സ്വകാര്യ ആശുപത്രി വേസ്റ്റ്, വീടുകളിലെ സാനിട്ടറി വേസ്റ്റുകള്‍, ബാര്‍ബര്‍ ഷോപ്പിലെ തലമുടി, ഉടുത്ത പഴകിയ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് പാഴ്വസ്തുക്കള് തുടങ്ങിയവയാണ് അധികവും.
ഈ റോഡിനു കിഴക്കു ഭാഗം ചേര്‍ന്ന് കെ.ഐ.പി കനാല്‍ ഒഴുകുന്നു. വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ ചിലത് കനാലില്‍ പതിക്കുന്നതായും ആക്ഷേപം മുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കള്‍ കനാല്‍വെള്ളത്തില്‍ കലരുന്നതിനാല്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാകുമെന്നു ജനം ഭയക്കുന്നു. ഇവിടെങ്ങളില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കുവാന് പാലമേല്‍ ഗ്രാമപഞ്ചായത്ത് മുന്‍കരുതല്‍ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.