
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലൈഫ് ഭവന പദ്ധതിയടക്കമുള്ള വികസന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാരിനോടു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ലഭിച്ച മുന്‍കൈ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളുടെ ഗുണഫലം ജനങ്ങളിലെത്തണം. ഇതിനു സര്‍ക്കാര്‍ സംവിധാനത്തില്‍ ഓരോ പദ്ധതിയായി പരിശോധിച്ചു വിലയിരുത്തണം. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് ഓരോ വകുപ്പിലെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം. അടുത്ത മാസം അവസാനത്തോടെ പ്രോഗ്രസ് റിപ്പോര്‍ട്ടു പ്രസിദ്ധീകരിക്കണമെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താനാണു ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ നല്ല വിജയം നേടാനായെങ്കിലും സംസ്ഥാനത്തു ബി.ജെ.പിയുടെ മുന്നേറ്റം ഗൗരവമായി കാണണമെന്നാണു സെക്രട്ടേറിയറ്റ് വിലയിരുത്തി. പത്തനംതിട്ട, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ബി.ജെ.പിയ്ക്കു നല്ല സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതു പരിശോധിക്കണം. പരമ്പരാഗതമായി ഇടതുമുന്നേറ്റമുണ്ടാകുന്ന ആറ്റിങ്ങല്‍, വര്‍ക്കല, പന്തളം മേഖലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോയി. ഇവിടങ്ങളില്‍ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരം കിട്ടിയ തദ്ദേശസ്ഥാപനങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പൊതുവില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടില്‍ വലിയ വര്‍ധനയുണ്ടായിട്ടില്ല. പല ജില്ലകളിലും യു.ഡി.എഫ് പുറകില്‍ പോകാന്‍ കാരണം ബി.ജെ.പിയുടെ വളര്‍ച്ചയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുനില നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ 98 നിയമസഭാ സീറ്റുകളില്‍ ഇടതു മുന്നണി മുന്നിലെത്തിയെന്ന് സി.പി.എം വിലയിരുത്തുന്നു.
41 സീറ്റുകളില്‍ യു.ഡി.എഫും നേമത്ത് ബി.ജെ.പിയുമാണ് മുന്നില്‍. ഇടതുമുന്നണിക്ക് 42 ശതമാനത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ 38 ശതമാനം വോട്ട് മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. കാലാകാലങ്ങളായി ഇടതുപക്ഷത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകളിലും ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഹിന്ദു വോട്ടുകളാണ് ഇങ്ങനെ ബി.ജെ.പിയ്ക്കു ലഭിച്ചുവെന്നുള്ളതു ഗൗരവമായി കാണണമെന്നും ഏതെങ്കിലും ജില്ലകളില്‍ സംഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പരിഹരിക്കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശം നല്കി.
ഇന്നും നാളെയുമായി ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പും വിലയിരുത്തും. സംസ്ഥാന സമിതിയില്‍ നേതാക്കളുടെ അഭിപ്രായം കൂടി കേട്ട ശേഷമാകും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തെ സംബന്ധിച്ചു കൂടുതല്‍ വിലയിരുത്തലുകള്‍ ഉണ്ടാകുക.