2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പത്തനംതിട്ടയില്‍ രണ്ടിടത്ത് എല്‍.ഡി.എഫ്  പ്രസിഡന്റ് സ്ഥാനം രാജിവച്ചു

 
 
 
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐ, ബി.ജെ.പി പിന്തുണയില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് പ്രതിനിധികള്‍ രാജിവച്ചു. എസ്.ഡി.പി.ഐ പിന്തുണയില്‍ പ്രസിഡന്റ് സ്ഥാനം ലഭിച്ച കോട്ടാങ്ങല്‍, ബി.ജെ.പിയുടെ പിന്തുണ ലഭിച്ച റാന്നി എന്നീ പഞ്ചായത്തുകളിലാണ് സത്യപ്രതിജ്ഞ ചെയ്ത പ്രസിഡന്റുമാര്‍ രാജിവച്ചത്. അധികാരത്തിലെത്താന്‍ വര്‍ഗീയ ശക്തികളുടെ പിന്തുണ ആവശ്യമില്ലെന്ന പ്രഖ്യാപിത നയത്തെ തുടര്‍ന്നാണ് നടപടിയെന്ന് സി.പി.എം വിശദീകരിച്ചു. കോട്ടാങ്ങലില്‍ എല്‍.ഡി.എഫ് 5, എന്‍.ഡി.എ- 5, യു.ഡി.എഫ് 2, എസ്.ഡി.പി.ഐ 1  എന്നിങ്ങനെയാണ് കക്ഷിനില. എന്‍.ഡി.എയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എസ്.ഡി.പി.ഐ ഇടതു സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബിനു ജോസഫിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിനു രാജിവച്ചു.
റാന്നിയില്‍ ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ശോഭ ചാര്‍ളിയാണ് രാജിവച്ചത്. ആകെയുള്ള 13 എണ്ണത്തില്‍ അഞ്ചു വീതം സീറ്റുകള്‍ നേടി എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ബി.ജെ.പി രണ്ടും സ്വതന്ത്രനായി മത്സരിച്ച ഇടത് വിമതനും ബാക്കി സീറ്റില്‍ വിജയിച്ചു. സ്വതന്ത്രനായ കെ.ആര്‍ പ്രകാശ് കുഴിക്കാലയുടെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രകാശിനെ പ്രസിഡന്റാക്കാനും ധാരണയായിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ അവസാന നിമിഷം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ ശോഭ ചാര്‍ളി വിജയിച്ചു. തുടര്‍ന്ന് ഫലം വന്നതിനു പിന്നാലെ ഇടതു നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ശോഭയും രാജിവച്ചു. 
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ സിന്ധു സഞ്ജയന്‍ അധികാരമേറ്റതോടെ അനിശ്ചിതത്വം ഒഴിവായി.സിന്ധുവിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ആക്ടിങ് പ്രസിഡന്റായി ചുമതല നിര്‍വഹിക്കേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.