ആദിൽ ആറാട്ടുപുഴ
തിരുവനന്തപുരം
ഒന്നും പഠിപ്പിക്കാതെ പരീക്ഷ നടത്തി വിവാദത്തിലായ സാക്ഷരതാ മിഷൻ പഠിതാക്കളുടെ കണ്ണിൽ പൊടിയിടാൻ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. എന്നാൽ പഠനം നടത്താനുള്ള പുസ്തകങ്ങൾ ഇനിയും പ്രിന്റ് ചെയ്തിട്ടില്ല.
പ്ലസ് ടു, പത്താം ക്ലാസ് തുല്യതാ ക്ലാസിലെ പഠിതാക്കൾ നാലുമാസത്തോളമായി ഓൺലൈൻ ക്ലാസിൽ പഠനം നടത്തുന്നത് പുസ്തകങ്ങളില്ലാതെയാണ്. അധ്യാപകരായ പ്രേരക്മാർ എതിർത്തിട്ടും ഒരു ക്ലാസ് പോലും നൽകാതെയാണ് നേരത്തേ നാല്, ഏഴ്, തുല്യതാ കോഴ്‌സുകളിൽ സാക്ഷരതാ മിഷൻ പരീക്ഷ നടത്തി വിവാദത്തിലായത്.
കൊവിഡ് നിയന്ത്രണങ്ങളിൽ പഴിചാരി ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെങ്കിലും അതിലും കൃത്യതയില്ല. അധ്യാപകർക്ക് തോന്നുമ്പോൾ തോന്നുന്ന രീതിയിലാണ് ക്ലാസ് നടത്തുന്നതെന്നും പഠിതാക്കൾ പരാതിപ്പെടുന്നു. സമയത്ത് ക്ലാസ് നടത്താത്തതിലുപരി ചില ദിവസങ്ങളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചവസാനിപ്പിക്കാൻ നാലും അഞ്ചും ക്ലാസുകളും നടത്തുകയാണെന്നും പഠിതാക്കൾ പറയുന്നു. പുസ്തകമില്ലെന്ന പരാതി ശക്തമായപ്പോൾ സാക്ഷരതാ മിഷൻ അധികൃതർ അവസാനം വിദ്യാർഥികൾക്ക് നൽകിയ ഉറപ്പ് കഴിഞ്ഞ ഡിസംബറിൽ പുസ്തകം നൽകുമെന്നായിരുന്നു. ഏറ്റവും പ്രധാന ക്ലാസുകളായ പ്ലസ് ടു, പത്താംക്ലാസ് വിദ്യാർഥികൾക്ക് പുസ്തകം പ്രിന്റ് ചെയ്യാത്തത് എത്ര വിദ്യാർഥികൾ പഠനത്തിനുണ്ടാകും എന്ന ലിസ്റ്റില്ലാത്തതിനാലാണെന്നാണ് അവസാനം വിദ്യാർഥികളുടെ പരാതിക്ക് അധികൃതർ നൽകിയ മറുപടി.
Comments are closed for this post.