
ഹരിപ്പാട്: ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാത്ത വീട് പൊളിച്ചുമാറ്റിയവര്‍ ദുരിതത്തില്‍.
വീട്പൊളിച്ചുമാറ്റിയെങ്കിലും ഒരു സാമ്പത്തികവര്‍ഷം പിന്നിടാറായിട്ടും നാളിതുവരെ ഒരുഗഡു പൈസ പോലും ഗുണഭോക്താവിന് ലഭിച്ചില്ല. കുമാരപുരം ഗ്രാമ പഞ്ചായത്തില്‍ എരിക്കാവ് വാര്‍ഡ് നമ്പര്‍ 14ല്‍ ലക്ഷ്മി നിലയത്തില്‍ സിന്ധുജ-രമണന് ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ. ഇവര്ലൈഫ് മിഷന് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് വന്നു സ്ഥലം അളന്നു ബോധ്യപ്പെട്ടു അനുമതിയും നല്‍കിയിരുന്നു.
കാര്‍ത്തികപ്പള്ളി താലൂക്ക് ഉപഭോക്തൃ സമിതി ജനറല്‍ സെക്രട്ടറി ഇത് സംബന്ധിച്ചു ഗ്രാമ പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ സത്യം വെളിവാക്കി. 20 സെന്റ് ഭൂമി സ്വന്തായിട്ടുള്ള സിന്ധുജയെ ഭൂരഹിത വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് ചെന്നിരുന്ന ഉദ്യോഗസ്ഥര്‍ അളന്നു ബോധ്യപ്പെട്ടത് ആരുടെ ഭൂമിയാണെന്ന് അറിയില്ല.
ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും ജില്ലാ കോര്‍ഡിനേറ്റര്‍ക്കും ഉപഭോക്തൃ സമിതി സെക്രട്ടറി പരാതി നല്‍കിയിട്ടുണ്ട്. രമണന് തെങ്ങുകയറ്റ തൊഴിലാളിയാണ്. സിന്ധുജ തൊഴിലുറപ്പു തൊഴിലാളിയും. രണ്ടു പെണ് കുട്ടികളുമായി കെട്ടുറപ്പില്ലാത്തവീട്ടിലാണ് അന്തിയുറക്കം. ഉണ്ടായിരുന്ന കുടിലും അധികാരികള്‍ പൊളിച്ചു കളയിച്ചു. ബന്ധപെട്ട മേലധികാരികളുടെ കനിവ് കാത്ത് കഴിയുകയാണ് ഈ കുടുംബം.