
ചങ്ങനാശേരി: പഞ്ചസാര കയറ്റിവന്ന ലോറി കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
എ.സി റോഡില്‍ ചങ്ങനാശേരിക്കു സമീപം മനയ്ക്കച്ചിറ പാലത്തിനോട് ചേര്‍ന്ന് റോഡിന് സമീപമുള്ള കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാവാം കാരണമെന്ന് കരുതുന്നു. ലോറി മറിഞ്ഞ കുഴിയോട് ചേര്‍ന്ന് നിരവധി വീടുകളുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല.
അപകടമുണ്ടായ സ്ഥലത്തിരുന്ന ഇരുചക്രവാഹനം പൂര്‍ണമായും തകര്‍ത്ത് സമീപത്തെ മതിലിന് മുകളിലേയ്ക്കാണ് ലോറി തലകീഴായി വീണത്. 600 ചാക്ക് പഞ്ചസാരയുമായി മുംബൈയില്‍ നിന്ന് ചങ്ങനാശേരി മാര്‍ക്കറ്റിലേയ്ക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പിന്നീട് മറ്റ് വാഹനത്തിലേയ്ക്ക് ചാക്കുകള്‍ മാറ്റിയതിന് ശേഷമാണ് ലോറി ഉയര്‍ത്തിയത്. ചങ്ങനാശേരി പൊലിസ് സ്ഥലത്തെത്തിയിരുന്നു.