നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: ജീവനക്കാരെ രണ്ടുതട്ടിലാക്കി സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഡി.സി.ആര്‍.ജി (ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റിവിറ്റി)യും കുടുംബ പെന്‍ഷനുമില്ല. സര്‍വിസിലിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് നല്‍കുന്നതാണ് ഡി.സി.ആര്‍.ജിയും കുടുംബ പെന്‍ഷനും. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരുടെ ആശ്രിതര്‍ക്ക് ഇത് രണ്ടും ലഭിക്കുമ്പോഴാണ് ഒരേതസ്തികയില്‍ ജോലിചെയ്യുന്ന പങ്കാളിത്ത പെന്‍ഷന്‍കാരുടെ കുടുംബത്തോട് സര്‍ക്കാര്‍ അവഗണന തുടരുന്നത്.
കേന്ദ്രസര്‍ക്കാരിന് കീഴിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍കാരായിരുന്നിട്ടും ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമ്പോഴാണ് കേരളത്തില്‍ മാത്രം ഇത് തടഞ്ഞുവയ്ക്കുന്നത്. സര്‍വിസിലിരിക്കെ ജീവനക്കാര്‍ മരിച്ചാല്‍ പങ്കാളിത്ത പെന്‍ഷന്‍കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ആകെ നല്‍കുന്നത് സമാശ്വാസ ധനമാണ്. അതുതന്നെ അയാള്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനം മാത്രം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി ലഭിച്ചാല്‍ ഇത് നിര്‍ത്തലാക്കുകയും ചെയ്യും. യു.ഡി.എഫ് സര്‍ക്കാര്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ തുക തന്നെ സമാശ്വാസധനമായി നല്‍കണമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ സാമ്പത്തികബാധ്യത ചൂണ്ടിക്കാണിച്ച് 30 ശതമാനമാക്കി ചുരുക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പിന്റെ ഇരയാണ് പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജോലിചെയ്യവെ മരിച്ച തോംസണിന്റെ കുടുംബം. തോംസണ്‍ ബാങ്കില്‍ നിന്നെടുത്ത പേഴ്‌സണല്‍ ലോണിന്റെ പേരില്‍ കുടുംബം ഇപ്പോള്‍ റവന്യൂ റിക്കവറി നേരിടുകയാണ്. തോംസണ്‍ 2018 ഒക്ടോബറിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ പലതും പങ്കാളിത്ത പെന്‍ഷന്‍കാരനായതിനാല്‍ ലഭിച്ചില്ല. ഇതോടെ ബാങ്കിലെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. 3,38,000 രൂപയാണ് തോംസണ്‍ ലോണെടുത്തത്. ലോണും പലിശയും കൂടി നിലവില്‍ 4,24,994 രൂപയാണുള്ളത്. പണമടച്ചില്ലെങ്കില്‍ റവന്യൂറിക്കവറി നേരിടേണ്ടിവരുമെന്നാണ് വില്ലേജ് ഓഫിസില്‍ നിന്നയച്ച കത്തിലുള്ളത്. ഇത്തരത്തില്‍ സര്‍വിസിലിരിക്കെ മരിച്ച നിരവധിയാളുടെ കുടുംബങ്ങളാണ് ഡി.സി.ആര്‍.ജി അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത്.
Comments are closed for this post.