
ഗവേഷണരംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നതും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്താന്‍ കഴിയുന്നതുമാണ് ഇടുക്കി-തേനി അതിര്‍ത്തിയില്‍ പശ്ചിമഘട്ടം ഉള്‍പ്പെടുന്ന വനപ്രദേശത്ത് നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ന്യൂട്രിനൊ ഒബ്സര്‍വേറ്ററി. ചില വാര്‍ത്താക്കുറിപ്പുകള്‍ വായിച്ചാല്‍ ഇതെന്തൊ ഭീകരവും ഭൂമിയെ തകിടം മറിക്കുന്ന സംവിധാനവുമാണെന്ന് തോന്നിപ്പോകും.
അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളിലായതിനാല്‍ പദ്ധതി പ്രകൃതിയെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും. എന്നാല്‍, അറിയാന്‍ കഴിഞ്ഞതു പ്രകാരം ഒരു ക്വാറിയുടെ നാലിലൊന്ന് പോലും ദോഷകരമല്ല എന്നുള്ളതാണ്. പശ്ചിമഘട്ടത്തില്‍ എത്രയോ ക്വാറികളും പാറമടകളും പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതി മുന്നോട്ട് പോകുക തന്നെ വേണം. എന്നാല്‍, ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണം. അതിനുവേണ്ടത് വ്യക്തമായ പഠനം തന്നെയാണ്. ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.
തമിഴ്നാട്ടിലെ ചില രാഷ്ട്രീയ നേതാക്കളുടെ സമരം ജനങ്ങള്‍ക്കിടയില്‍ വിഭ്രാന്തി പരത്താന്‍ വേണ്ടിയുള്ളതാണ്. അതില്‍ നിന്ന് കിട്ടുന്ന വോട്ട് മാത്രമാണവരുടെ ലക്ഷ്യം. അതിനുവേണ്ടി ജീവന് ബലികൊടുക്കന് പോലും മടികാട്ടിയില്ല എന്നുള്ളതാണ് ദുഃഖകരമായ സത്യം. എന്നാല്‍ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേ അല്ലെന്ന മട്ടാണ് കേരള ഗവണ്മെന്റിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ളത്. 1600 കോടിയുടെ പദ്ധിയാണ് ഇന്ത്യ-ബേസ്ഡ് ന്യൂട്രിനൊ ഒബ്സര്‍വേറ്ററി. റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിനാണ് ഇതിന്റെ ചുമതല.
എന്നിരുന്നാലും പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുക തന്നെ വേണം. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി നില്ക്കുന്ന അവസരത്തില്‍. അതിനുവേണ്ടത് വ്യക്തമായ പഠനവും നിരീക്ഷണവും ചര്‍ച്ചയുമാണ്. അതിന് സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങണം.