2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നോവായി ഇരട്ടക്കൊലപാതകത്തിലെ ഇരകളുടെ കുടുംബം ആലപ്പുഴയിൽ ഇന്നും കണ്ണീർ തോർന്നിട്ടില്ല

തമീം സലാം കാക്കാഴം
ആലപ്പുഴ
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ സമാനമായി നടന്ന കൊലപാതകത്തിലെ ഇരകളായി ആലപ്പുഴയിൽ രണ്ട് കുടുംബങ്ങളുണ്ട്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനി(38)ന്റെയും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ (45)ന്റെയും കുടുംബത്തിന്റെ കണ്ണീർ ഇതുവരെ ഉണങ്ങിയിട്ടില്ല.
ഡിസംബർ 18ന് രാത്രിയും പിറ്റേന്ന് പുലർച്ചെയുമായി പത്തര മണിക്കൂറിന്റെയും 13 കിലോമീറ്ററിന്റെയും അകലത്തിൽ രാഷ്ട്രീയപ്പകയിൽ തകർന്നതു രണ്ടു കുടുംബങ്ങളായിരുന്നു.
അതിക്രൂരമായിരുന്നു ഇരുകൊലപാതകങ്ങളും. രണ്ടിടത്തായി നാലു പെൺകുട്ടികൾക്ക് പിതൃസ്‌നേഹം നഷ്ടമായി. ഷാനിന്റെ ഭാര്യ ഫൻസിലയുടെയും മുഹമ്മ കെ.ഇ കാർമൽ സ്‌കൂളിലെ വിദ്യാർഥിനിയായ ഫിബ ഫാത്തിമയുടെയും നഴ്‌സറി വിദ്യാർഥിനി ഫിദ ഫാത്തിമയുടെയും സങ്കടം ഇതുവരെ തോർന്നിട്ടില്ല. ’10 മിനിറ്റിനുള്ളിൽ എത്താം’ എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്ത ഉപ്പയെയും കാത്തിരുന്ന പൊന്നോമനകൾക്കു മുന്നിലെത്തിയത് മൂടിപ്പൊതിഞ്ഞെത്തിച്ച മൃതദേഹം.
ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനു വെട്ടേറ്റത്. രാത്രി 11.30നു കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചു. ഡിസംബർ 19ന് രാവിലെ ആറരയോടെയായിരുന്നു ഷാൻവധത്തിന് പ്രതികാരമായി വെള്ളക്കിണറിലെ വീട്ടിൽ കയറി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ (45) അമ്മ വിനോദിനിയുടെയും ഭാര്യ ലിഷയുടെയും മുന്നിൽവച്ചു വെട്ടിക്കൊന്നത്. ആറു ബൈക്കുകളിലായി 12 പേരാണ് എത്തിയത്. മക്കളായ ഭാഗ്യയുടെ ഹൃദ്യയുടെയും ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ല.അഡ്വ. കെ.എസ് ഷാൻ, രഞ്ജിത്ത് ശ്രീനിവാസൻ കേസുകളിൽ അന്വേഷണസംഘം ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത് അടുത്തിടെയാണ്. ഷാൻ വധക്കേസിൽ നേരിട്ടു പങ്കെടുത്തവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ( രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്. 483 പേജുകളുള്ളതാണ് കുറ്റപത്രം. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് ആർ.എസ്.എസ് നേതാക്കൾ ഒളിവിലാണ്.
രഞ്ജിത്ത് വധക്കേസിൽ 1,100 പേജുകളായാണ് കുറ്റപത്രം. 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതിയിൽ കുറ്റപത്രം നൽകിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.