കഠ്മണ്ഡു
ശ്രീലങ്കയ്ക്കു പിന്നാലെ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാൻ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസം അവധി നൽകുന്നതും ഇറക്കുമതി നിയന്ത്രിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ. ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാൻ അടുത്തയാഴ്ച പൊതുമേഖലയിലെ ഓഫിസുകൾക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കാനാണ് നീക്കം.
നേപ്പാൾ സെൻട്രൽ ബാങ്കിന്റെയും നേപ്പാൾ ഓയിൽ കോർപറേഷന്റെയും നിർദേശത്തെ തുടർന്നാണ് സർക്കാർ ഇത്തരത്തിൽ നീക്കം നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. വിദേശനാണ്യത്തിന്റെ ഭീമമായ കുറവ് നേരിടുന്നതിനാൽ ശ്രീലങ്കയുടെ വഴിയെ നേപ്പാളും നീങ്ങുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേപ്പാളിന്റെ വിദേശനാണ്യ കരുതൽശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു. നിലവിൽ 1.17 ലക്ഷം കോടി നേപ്പാൾ രൂപ മാത്രമാണ് ശേഖരം. ഏഴു മാസത്തെ ചെലവിനുള്ള തുക മാത്രമാണ് ഇപ്പോൾ സർക്കാരിന്റെ കൈവശമുള്ളത്. രാജ്യത്തിന്റെ ആകെ കടം മൊത്ത വരുമാനത്തിന്റെ 43 ശതമാനത്തിലും കവിഞ്ഞു.
വിദേശനാണ്യ കരുതൽശേഖരം വർധിപ്പിക്കുന്നതിനായി വിദേശത്ത് ജോലി ചെയ്യുന്ന നേപ്പാൾ പൗരന്മാരോട് ബാങ്കുകളിൽ ഡോളർ അക്കൗണ്ടുകൾ ആരംഭിക്കാനും നിക്ഷേപങ്ങൾ നടത്താനും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല വലിയ രീതിയിൽ പ്രതിസന്ധി നേരിട്ടതാണ് വിദേശ കറൻസിയിൽ ക്ഷാമമുണ്ടാക്കിയത്.
രണ്ടു മാസത്തോളമായി ഉക്രൈനിൽ റഷ്യ തുടരുന്ന അധിനിവേശം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. കൂടാതെ റഷ്യൻ, ഇറാൻ, വെനിസ്വേല രാജ്യങ്ങളിൽ നിന്നുള്ള എണ്ണയ്ക്കുള്ള ഉപരോധവും നേപ്പാളിന് തിരിച്ചടിയായി.
Comments are closed for this post.