2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നെയ്യാറ്റിന്‍കര: ബോബി ചെമ്മണൂര്‍  വാങ്ങിയ ഭൂമി വേണ്ടെന്ന് മക്കള്‍

 
 
നെയ്യാറ്റിന്‍കര: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്തു വാങ്ങിയ തര്‍ക്ക ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കള്‍. ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിനു നന്ദിയുണ്ടെന്നും സര്‍ക്കാരാണ് തങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടതെന്നും മക്കളായ രാഹുലും രഞ്ജിത്തും പറഞ്ഞു. 
ഇന്നലെ രാവിലെയാണ് അഞ്ചു ലക്ഷം രൂപ ചെലവിട്ട് തര്‍ക്ക ഭൂമിയുടെ അവകാശിയെന്ന് അവകാശപ്പെടുന്ന വസന്തയില്‍നിന്ന് ബോബി ഭൂമി വാങ്ങിയത്. എന്നാല്‍ ഭൂമി സംബന്ധിച്ച് കേസ് നിലനില്‍ക്കുകയാണെന്നും വസന്തയുടെ കൈയിലുള്ളത് വ്യാജ പട്ടയമാണെന്നും ആരോപണമുയര്‍ന്നതോടെ സംഭവം വിവാദമായി. 
ഇതിനിടെ നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിതെന്നും മക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30നു ഭൂമിയുടെ രേഖകള്‍ കൈമാറാനായി പോങ്ങില്‍ ലക്ഷംവീട് കോളനിയില്‍ ബോബി എത്തുകയും ചെയ്തിരുന്നു. 
എന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസിന് നന്ദിയുണ്ടെന്നും ഭൂമി വേണ്ടെന്നുമായിരുന്നു രാജന്റെ മക്കളുടെ പ്രതികരണം. ഭൂമി വസന്തയുടെ പേരിലെന്നുള്ളതിന് തെളിവില്ല. വസന്തയില്‍നിന്നു വാങ്ങിയ ഭൂരേഖ അവര്‍ക്കു തന്നെ തിരിച്ചു നല്‍കണം. വസന്തയ്ക്കു നല്‍കിയ പണം തിരികെ വാങ്ങി പാവങ്ങള്‍ക്ക് കൊടുക്കണമെന്നും ഇവര്‍ ബോബിയോട് പറഞ്ഞു. 
അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഭൂമി സ്വന്തമാക്കാന്‍ കുട്ടികളെ സഹായിക്കുമെന്ന് ഇവരെ സന്ദര്‍ശിച്ച ബോബി പറഞ്ഞു. വസന്ത നല്‍കിയ പട്ടയ രേഖകള്‍ താനും വക്കീലും പരിശോധിച്ചിരുന്നു. 
അങ്ങനെയാണ് പണം കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചത്. ഇനി അവര്‍ പറ്റിച്ചതാണെങ്കില്‍ അവര്‍ക്കെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്നും ബോബി വ്യക്തമാക്കി.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.