
നെടുമ്പാശ്ശേരി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മിന്നലിലും നെടുമ്പാശ്ശേരി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കുന്നുകര, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലാണ് കൂടുതല്‍ നാശമുണ്ടായത്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചതിന് പുറമെ വാഴ അടക്കമുള്ള നിരവധി കൃഷികളും നശിച്ചിട്ടുണ്ട്.
കുന്നുകര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അടുവാശ്ശേരി മലായിക്കുന്ന് ചാമപ്പറമ്പില്‍ രാമകൃഷ്ണന്റെ വീടിന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ കനത്ത നാശം സംഭവിച്ചു. മിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരുകള്‍ തുളച്ച നിലയിലാണ്. മുറിക്കകത്ത് ചുമരിനോട് ചേര്‍ന്ന കട്ടിലില്‍ ഉറങ്ങുകയായിരുന്ന രാമകൃഷ്ണന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വയോധികയായ രാമകൃഷ്ണന്റെ അമ്മയും, മകന്റെ ഭാര്യയും മക്കളുമാണ് മിന്നല്‍ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ശക്തമായ മിന്നലിന് തൊട്ട്പിറകെ മുറിയാകെ കറുത്തപുക നിറയുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്വിച്ച് ബോര്‍ഡുകള്‍ പൂര്‍ണമായും കരിഞ്ഞ് ഇളകി വീണു. സണ്ഷെയ്ഡിനും ഭിത്തികളുടെ അകത്തും പുറത്തും മിന്നലില്‍ കേട്പാടുണ്ടായി. മുകള്‍ ഭാഗം പലയിടത്തും ഭിത്തി വിണ്ട് കീറിയ നിലയിലാണ്.
വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വൃക്ഷങ്ങള്‍ കടപുഴകി വീണു. കിഴക്കെ മേയ്ക്കാട് തുഷാര മന്ദിരം രാമചന്ദ്രന്റെ വീടിന് സമീപത്തുണ്ടായിരുന്ന തേക്ക് മരം കടപുഴകി വീണ് വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു. ഹരിത നഗറില്‍ പൈനാടത്ത് ചന്ദ്രന്റെ വീടിന് മുകളിലേയ്ക്ക് സമീപത്തെ ദേവസ്വം പറമ്പില്‍ ചെല്ലപ്പന്റെ പറമ്പില്‍ നിന്ന് പ്ലാവ് കടപുഴകി. വീടിന്റെ അടുക്കള ഭാഗവും കുളിമുറിയും തകര്‍ന്നു. നിരവധി ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനിലേയ്ക്ക് മറിഞ്ഞതിനാല്‍ മണിക്കൂറുകളോളം വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.