2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നെടുമങ്ങാട് മാര്‍ക്കറ്റ് മാലിന്യം നിറഞ്ഞ് നശിക്കുന്നു

കെ. മുഹമ്മദ് റാഫി

നെടുമങ്ങാട്: പ്രിയപ്പെട്ട സമ്പത്ത് എം.പി നെടുമങ്ങാട് ടൗണില്‍ ഇങ്ങനെയും ഒരു മാര്‍ക്കറ്റ് ഉണ്ട്. അങ്ങു കഴിഞ്ഞ 10 വര്‍ഷമായി പ്രതിനിധാനം ചെയ്യുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രധാന നഗരസഭയിലെ പൊതു മാര്‍ക്കറ്റാണിത്. അങ്ങു ഇപ്പോഴെങ്കിലും ഇത് ഒന്ന് വന്നു കാണണം. നെടുമങ്ങാട് മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികളുടെ വാക്കുകളാണിത്. പുഴുവരിക്കുന്ന മാലിന്യം, അസഹനീയമായ ദുര്‍ഗന്ധം, ചീഞ്ഞളിഞ്ഞ ഉപയോഗ ശൂന്യമായി ഉപേക്ഷിച്ച മല്‍സ്യങ്ങള്‍, മീന്‍ വെള്ളത്തില്‍ ചവിട്ടാതെ മാര്‍ക്കറ്റിനുള്ളില്‍ കയറാന്‍ കഴിയാത്ത അവസ്ഥ. ഇത്രയും ശോചനീയമാണ് നെടുമങ്ങാട് മാര്‍ക്കറ്റ്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടുത്തെ എം.പി ഇടതു പക്ഷത്തെ സമ്പത്തു, നെടുമങ്ങാട് എം എല്‍ എ സി. ദിവാകരന്‍, നഗരസഭാ ഭരിക്കുന്നതാകട്ടെ കാലങ്ങളായി സി.പി.എമ്മും. മലയോര മേഖലയില്‍ പ്രധാന മാര്‍ക്കറ്റാണിത്. ദിവസേന നൂറു കണക്കിനാളുകള്‍ എത്തുന്ന മാര്‍ക്കറ്റിലെ ശോചനീയ വസ്ഥ നിരവധി തവണ ചൂണ്ടി കാട്ടിയെങ്കിലും പരിഹരിക്കാന്‍ ഭരണ കര്‍ത്താക്കള്‍ക്കു താല്പര്യമില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. മത്സ്യ മാര്‍ക്കറ്റിനു പുറമെ ഇറച്ചി വ്യാപാരം, ഉണക്ക മത്സ്യ വിപണനം, പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങിയ നൂറു കണക്കിന് വ്യാപാരികളുടെയും ആശ്രയമാണ് ഈ മാര്‍ക്കറ്റ്. മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നതു കാരണം മാര്‍ക്കറ്റിന്റെ ഭൂരിഭാഗം പ്രദേശത്തും വ്യാപാരികളോ സാധനം വാങ്ങാന്‍ എത്തുന്നവരോ അടുക്കാറില്ല.
പലയിടത്തും പുഴുക്കള്‍ നിറഞ്ഞ അവസ്ഥയിലാണ്. വര്‍ഷാ വര്‍ഷം നഗരസഭാ ബജറ്റുകളില്‍ മാര്‍ക്കറ്റ് നവീകരണത്തിന് കോടികളുടെ പദ്ധതികളാണ് ഉള്‍കൊള്ളിക്കുന്നതു. എന്നാല്‍ ഇതുവരെയായി മാര്‍ക്കറ്റിനകത്തു ഒരു ലൈറ്റ് പോലും ഇടാന്‍ ഇവര്‍ക്കായിട്ടില്ല. ബജറ്റിന് പുറമെ കാല്‍ കോടി രൂപയ്ക്കു പുറത്താണ് വര്‍ഷം മാര്‍ക്കറ്റ് ലേലത്തില്‍ പോകുന്നത്. ലേലം പിടിക്കുന്നവര്‍ വ്യാപാരികളില്‍ നിന്നും ദിവസവും കടകാശ് പിരിക്കുന്നതല്ലാതെ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാന്‍ തയാറാകുന്നില്ല. ലേല തുക പോലും മാര്‍ക്കറ്റിന്റെ നവീകരണത്തിന് നഗരസഭാ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് ഖേദകരം. എം.എല്‍.എ ഫണ്ട്, എം.പി ഫണ്ട് എന്നൊക്കെ പറഞ്ഞു ബോര്‍ഡുകള്‍ വെക്കുന്നുണ്ട് എങ്കിലും നാളിതുവരെ വരെയായി ഇലക്ഷന് സമയത്തല്ലാതെ ഇവരാരും ഇതിനകത്ത് കയറാറും ഇല്ല. ഇതില്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്തു കോണ്‍ഗ്രസിലെ പാലോട് രവി എം.എല്‍.എ ആയിരുന്നപ്പോള്‍ കൊണ്ട് വന്ന ആധുനിക മത്സ്യ മാര്‍ക്കറ്റ് ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഉപകാര പ്രദമായിരുന്നു. എന്നാല്‍ പില്‍ക്കാലത്തു ആധുനിക മത്സ്യ മാര്‍ക്കറ്റ് അറ്റകുറ്റ പണികള്‍ നടത്താതെയും, ശുജീകരണം ചെയ്യാതെയും മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാതെയും വന്നതോടെ നശിക്കുകയും പ്രവര്‍ത്തനം അവതാളത്തില്‍ ആകുകയും ചെയ്തു.  മാര്‍ക്കറ്റിലെ ശോചനീയാവസ്ഥ ഇവിടുത്തെ ജനങ്ങളെ നിത്യ രോഗികള്‍ ആക്കിയതോടെ പലരും വീടുകള്‍ വിട്ടു മാറി താമസിക്കുകയാണ്. മുന്‍ കാലങ്ങളെ പോലെ വാഗ്ദാനങ്ങള്‍ നല്‍കാതെ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് ഇത്തവണ വോട്ട് നല്‍കും എന്നാണ് സമീപവാസികളും വ്യാപാരികളും പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.