
നെടുമങ്ങാട് : അരുവിക്കര നെടുമങ്ങാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ് നവീകരണം പാതിവഴിയില്‍.
ഇരു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് 41.60 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയിപ്പോഴും തുടങ്ങിയിടത്തു തന്നെ നില്ക്കുന്നു. ചിലയിടങ്ങളില്‍ സ്ഥലം ഏറ്റെടുത്തതൊഴിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ അംഗീകാരം ലഭിച്ച മൂന്ന് റോഡുകളില്‍ ഒന്നാണ് നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ്.
മഞ്ച റോഡ് തുടങ്ങുന്ന നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനില്‍നിന്നും ആരംഭിച്ച് മഞ്ച, കളത്തറ, മുള്ളിലവിന്മൂട് വഴി അരുവിക്കര ജങ്ഷനിലെത്തി പൊലിസ് സ്റ്റേഷന് വഴി വെള്ളനാട് കുളക്കോട് അവസാനിക്കുന്ന രീതിയില്‍ 11 കിലോ മീറ്റര്‍ ദൂരം റോഡാണ് നവീകരിക്കാന്‍ പദ്ധതിയിട്ടിരുന്നത്. നിലവിലെ റോഡിന്റെ വീതി വര്‍ധിപ്പിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ഓടയും സംരക്ഷണ ഭിത്തിയും കലുങ്കുകളും നടപ്പാതയും നിര്‍മിച്ച് ബി.എം.ആന്റ് ബി.സി നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിനാണ് തീരുമാനം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 10.32 കോടി രൂപ പദ്ധതിയുടെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ വാട്ടര്‍ അതോറിട്ടിയുടെ എസ്റ്റിമേറ്റ് പ്രകാരം പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി 3 കോടി രൂപയും വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി 26.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
നെടുമങ്ങാട്, മഞ്ച മുതല്‍ മുള്ളിലവിന്മൂട് വരെയും അരുവിക്കര പാലം മുതല്‍ വെള്ളനാട് കുളക്കോട് വരെയുള്ള ഭാഗത്തെ റോഡ് പലയിടത്തും തകര്‍ന്ന അവസ്ഥയിലാണ്. രണ്ട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ആകെയുള്ള 11 കിലോ മീറ്ററില്‍ 9 കിലോ മീറ്ററോളം കടന്ന് പോകുന്നത് അരുവിക്കര നിിയോജക മണ്ഡലത്തിലെ അരുവിക്കര വെള്ളനാട് പഞ്ചായത്തുകളിലൂടെയാണ്.
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് കാലമേറെയായിട്ടും അധികൃതര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പി.ഡബ്ല്യു.ഡി. അധികൃതരുടെ അനാസ്ഥയാണ് റോഡ് നിര്‍മാണം അനിശ്ചിതത്വത്തിലാവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അപകടകരമായ വളവുകള്‍ ഒഴിവാക്കി റോഡുനിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.