2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നൂറു വയസുകഴിഞ്ഞ വനിതയുടെ കഥ; ഒരു അന്‍പതുകാരന്റെയും !

എം.വി സക്കറിയ

 

 

നൂറ്റിമൂന്നു വയസുകാരിയുടെയും അമ്പത് വയസുകാരന്റെയും കഥകളാണ് പറയാന്‍ പോവുന്നത്. രണ്ടു പേരും ഇന്ത്യക്കാര്‍ തന്നെ.
പോളണ്ടില്‍ 2019 ല്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നാലിനങ്ങളിലാണ് ആ നൂറ്റിമൂന്നുകാരി സ്വര്‍ണ്ണം വാരിക്കൂട്ടിയത്. നൂറുമീറ്റര്‍, ഇരുനൂറു മീറ്റര്‍ ഓട്ടം, ഷോട്പുട്, ജാവലിന്‍ ത്രോ എന്നിവയായിരുന്നു ഇനങ്ങള്‍.

പഞ്ചാബിലെ പട്യാലയാണ് ഈ വനിതയുടെ സ്വദേശം. പേര് മന്‍കൗര്‍.അന്താരാഷ്ട്ര തലത്തില്‍ 31 സ്വര്‍ണ്ണം നേടി. ദേശീയ മല്‍സരങ്ങളില്‍ 13 ഉം!! ഓട്ടം തുടരുന്നതിനാല്‍ ഇനിയും നേടാനുമിരിക്കുന്നു. ‘ഞാന്‍ നന്നായി ഓടുന്നു; പിന്നെയെന്തിന് നിര്‍ത്തണം’ അവര്‍ പറയുന്നു! എല്ലാ പെണ്‍കുട്ടികളും നന്നായി ആഹാരം കഴിക്കണം. കായിക പരിപാടികളില്‍ സജീവമാവുകയും വേണം. അതാണ് മന്‍കൗറിന്റെ ഉറച്ച അഭിപ്രായം. ഓഹോ, ഇന്ത്യയില്‍ ഇങ്ങിനെ ഒരു പ്രശസ്തമായ കായിക താരമോ? സ്‌കൂളിലൊന്നും അവരെക്കുറിച്ചൊന്നും കേട്ടിട്ടേയില്ലല്ലോ! 1916 ല്‍ ജനിച്ച അവരുടെ യൗവനകാല നേട്ടങ്ങള്‍ എന്തൊക്കെയാവും? ഇങ്ങിനെയൊക്കെയാവും നിങ്ങളില്‍ പലരുടേയും മനസില്‍ ഉയരുന്ന ചോദ്യങ്ങള്‍! പക്ഷെ വാസ്തവം അവയൊന്നുമല്ല, അവര്‍ അക്കാലത്ത് കായിക രംഗത്ത് എവിടെയും ഉണ്ടായിരുന്നതേയില്ല! ജീവിതത്തില്‍ ആദ്യമായി കായിക താരത്തിന്റെ കുപ്പായമണിയുമ്പോള്‍ മന്‍കൗറിന് പ്രായം 93 തികഞ്ഞിരുന്നു! ‘യലേേലൃ ഹമലേ വേമി ില്‌ലൃ’ എന്നാണല്ലോ ചൊല്ല്. എത്ര ശരി.അവരിലെ പ്രതിഭയെ കണ്ടെത്തി വളര്‍ത്തിയതോ? സ്വന്തം മകന്‍ ഗുര്‍ദേവ് സിംഗ്! അമ്മയേക്കാള്‍ 20 വയസിന്റെ പ്രായവ്യത്യാസമുള്ള മകന്‍ വെറ്ററന്‍സ് ചാംപ്യന്‍ഷിപ്പുകളില്‍ സജീവമാണ്. അമ്മയ്ക്ക് എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി മകന്‍ പ്രോല്‍സാഹിപ്പിച്ചു. ‘ഇനിയെനിക്ക് അതൊക്കെ സാധിക്കമോടാ, പ്രായമായില്ലേ’ 90 കഴിഞ്ഞപ്പോള്‍ അത്‌ലറ്റാവാന്‍ പറഞ്ഞവരോട്, ഇങ്ങിനെയൊന്നുമായിരുന്നില്ല ആ അമ്മയുടെ മറുപടി. നിശ്ചയമായും നാം കണ്ടു പഠിക്കേണ്ട അമ്മ!! ഇനി അമ്പതുകാരനായ ഹൈസ്‌കൂള്‍ അദ്ധ്യാപകന്റെ കഥയിലേക്ക്. അദ്ദേഹത്തിന്റെ മകനായ 22 വയസുകാരന്‍, ടി.ടി.സി കഴിഞ്ഞ് എയ്ഡഡ് യു.പി.സ്‌കൂളില്‍ അദ്ധ്യാപകനാണ്. ഒപ്പം പ്രൈവറ്റായി ഡിഗ്രി പഠിക്കുന്നു. ഒഴിവുസമയങ്ങളില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് വേറെയും. യുട്യൂബ് പ്രയോജനപ്പെടുത്തി, കാര്യങ്ങള്‍ പഠിച്ച്, ക്ലാസുകള്‍ മികച്ചതാക്കാന്‍ ഉപകരിക്കുന്ന പലവിധ പഠനസഹായികള്‍ കമ്പ്യൂട്ടറില്‍ തയാറാക്കുന്നതില്‍ നിപുണനുമാണ് ആ ചെറുപ്പക്കാരന്‍. അച്ഛനാവട്ടെ പുതുമകള്‍ യാതൊന്നും അംഗീകരിക്കാത്ത, ഉപയോഗപ്പെടുത്താന്‍ സന്നദ്ധനല്ലാത്ത പഴഞ്ചനും! ‘ഇത്രയും വയസായ നമുക്കൊക്കെ ഇനി എങ്ങിനെ ഈ മാതിരി സംഗതികളൊക്കെ പഠിച്ചെടുക്കാന്‍ പറ്റും?’ സംഗതി അച്ഛനും മകനും നല്ല സുഹൃത്തുക്കളെപ്പോലെയാണെങ്കിലും ഇക്കാര്യത്തില്‍ എന്നും വാദപ്രതിവാദങ്ങളാണ്.’ഇത്രയുമായില്ലേ, ഇനി പുതിയതൊന്ന് തുടങ്ങാനൊന്നും വയ്യ’ എന്ന നിലപാടില്‍ അച്ഛന്‍ പാറ പോലെ ഉറച്ചുതന്നെ നില്‍ക്കുന്നു! കൂടെ ജോലി ചെയ്യുന്ന, തന്നേക്കാള്‍ പ്രായമുള്ള പലരും പുതുമകളെ വാരിപ്പുണര്‍ന്നിട്ടും അദ്ദേഹം ഉണരുന്നതേയില്ല!!വൈകിത്തുടങ്ങിയിട്ടും ഏറെ തിളങ്ങുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ലോകമെമ്പാടുമുണ്ട്. അതില്‍ ഏറ്റവും തിളക്കമാര്‍ന്ന അദ്ധ്യായമാണ്, നമുക്കൊക്കെയും പ്രചോദനമാവേണ്ട സംഭവമാണ്, 93-ാം വയസില്‍ തുടങ്ങിയിട്ടും കുതിച്ചുമുന്നേറിയ, നാരി ശക്തി പുരസ്‌കാര്‍ ജേതാവ് കൂടിയായ മന്‍കൗറിന്റെ ജീവിതകഥ. സൂം എന്ന ആപ്പ് ഉപയോഗിച്ച് ഓണ്‍ലെനില്‍ നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമെടുക്കുന്ന, വലിയ ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാത്ത, എഴുപതുകാരന്‍ ഇത്തരം പോസിറ്റീവ് മനോഭാവം തുടരുന്നവരുടെ പ്രതീകമാണ്. പുതുമയോട് പുറംതിരിഞ്ഞ് പേടിച്ചു നില്‍ക്കുന്നവര്‍ക്കും, വൈകിപ്പോയെന്ന് വിലപിക്കുന്നവര്‍ക്കും മാറാതിരിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ തീര്‍ച്ചയായും വരികതന്നെ ചെയ്യും. കൊറോണാനന്തര കാലഘട്ടത്തില്‍ പ്രത്യേകിച്ചും.
മാറ്റങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കാനാവില്ലതന്നെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.