ഈ വര്‍ഷം തന്നെ നീറ്റ് അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഡെന്റല്‍ പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രിംകോടതിയുടെ ഉത്തരവിനെ മറികടക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഒരുങ്ങുകയാണ്. ഓഡിനന്‍സിന്റെ ആവശ്യകത രാഷ്ട്രപതിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ രാഷ്ട്രപതിയെ സന്ദര്‍ശിച്ചിട്ടുമുണ്ട്. നേരത്തേ ഉത്തരാഖണ്ഡ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ രാഷ്ട്രപതി തിടുക്കം കാണിച്ചുവെന്ന ആരോപണം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഓഡിനന്‍സ് സംബന്ധിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ രാഷ്ട്രപതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി നഡ്ഡയുടെ സന്ദര്‍ശനം. ഈ വര്‍ഷം തന്നെ നീറ്റ് അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം നല്‍കാനാണ് ഡല്‍ഹി സര്‍ക്കര്‍ തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ക്വാട്ടയിലുള്ള സീറ്റുകളെ ഈ വര്‍ഷം മാത്രം ദേശീയ പരീക്ഷയില്‍ നിന്നും ഒഴിവാക്കി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമവും ഡെന്റിസ്റ്റ് നിയമവും ഭേദഗതി ചെയ്യാനാണ് ഓഡിനന്‍സിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി സുപ്രിംകോടതി ഉത്തരവിനെ ഭാഗികമായി മറകടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തേ കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ ഈ വര്‍ഷം തന്നെ നടത്തുന്നതിന് അനുകൂലമായിരുന്നു. പക്ഷേ, പിന്നീടുണ്ടായ മലക്കം മറിച്ചില്‍ ഈ രംഗത്തെ സ്വകാര്യ കുത്തകകളെ സംരക്ഷിക്കാനാണെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഓഡിനന്‍സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ സ്ഥാപനങ്ങള്‍ക്കും നീറ്റ് ഈ വര്‍ഷം തന്നെ ബാധകമാണെന്ന് മെയ് 28ന് ഇറക്കിയ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായിരുന്നു. ഈ നിലപാടില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റമാണിപ്പോള് വിവാദങ്ങള്‍ക്ക് ഇടം കൊടുത്തിരിക്കുന്നത്. ഓഡിനന്‍സ് സംബന്ധിച്ചുള്ള ഫയലുകള്‍ രാഷ്ട്രപതിക്ക് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹം ഒപ്പുവച്ചിരുന്നില്ല.
നിയമസാധുത പരിശോധിക്കാനായി നിയമോപദേശകരോടാവശ്യപ്പെടുകയും ആരോഗ്യ മന്ത്രാലയത്തോട് ഓഡിനന്‍സിന്റെ ആവശ്യകത വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് രാഷ്ട്രപതി. ഉത്തരാഖണ്ഡില്‍ കോടതി ഇടപെട്ട് രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചത് പോലുള്ള ഒരനുഭവം ആവര്‍ത്തിക്കാന്‍ ഇടവരുത്തിക്കൂടാ എന്ന രാഷ്ട്രപതിയുടെ നിലപാടാണ് കൂടുതല്‍ വിശദീകരണം നല്‍കാനായി മന്ത്രി നഡ്ഡ രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. 2013 ല്‍ നീറ്റ് പരീക്ഷ നടത്തുന്നത് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഏതാനും സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചതനെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഇടപെടലിനെ തുടര്‍ന്ന് 2013 ലെ ഉത്തരവ് സുപ്രിംകോടതി തന്നെ റദ്ദാക്കി. എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ വര്‍ഷം തന്നെ നീറ്റ് ബാധകമാണെന്ന് മെയ് 28ന്റെ ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കോടതിയുത്തരവിനെതിരെയുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തെ ചോദ്യം ചെയ്യപ്പെടുന്നതിന് പല കാരണങ്ങളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസും ഉന്നയിക്കുന്നത്.
മെഡിക്കല്‍ പ്രവേശനത്തിനും ബിരുദാനന്തര പരീക്ഷയ്ക്കും രാജ്യത്തൊട്ടാകെ ഒറ്റപരീക്ഷ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരിയില്‍ തന്നെ തീരുമാനമെടുത്തതാണ്. 2012 ഡിസംബറിലാണ് ആദ്യമായി നീറ്റ് (നാഷണല്‍ എലജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനപരീക്ഷ നടന്നത്. ഇതിനെതിരേ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളും ന്യൂനപക്ഷ വിദ്യാഭ്യാസ മേധാവികളും ചില സംസ്ഥാന സര്‍ക്കാരുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) നടത്തിയ നീറ്റ് പരീക്ഷക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അങ്ങിനെയാണ് 2013 ല്‍ സുപ്രിംകോടതി നീറ്റ് പരീക്ഷ റദ്ദാക്കിയതും തുടര്‍ന്ന് എം.സി.ഐയുടെ ഇടപെടലിനെ തുടര്‍ന്ന് 2013 ലെ ഉത്തരവ് റദ്ദാക്കിയതും വീണ്ടും നീറ്റ് പരീക്ഷ നടത്താന്‍ ഉത്തരവാകുകയും ചെയ്തത്. ഇതിനൊക്കെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുകൂലമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെയാണ് എം.സി.ഐയും ആരോഗ്യമന്ത്രാലയവും ഈ വര്‍ഷം തന്നെ നീറ്റ് പരീക്ഷ നടത്തുവാന്‍ ഒരുങ്ങിയതും മെയ് ഒന്നിന് പരീക്ഷ നടത്തിയതും. ആറരലക്ഷം വിദ്യാര്‍ഥികള്‍ ഒന്നാംഘട്ടമായ മെയ് ഒന്നിന് പരീക്ഷയെഴുതുകയും ചെയ്തു. ജൂലൈ 24 നാണ് രണ്ടാം ഘട്ട പരീക്ഷ. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.
സുപ്രിംകോടതി നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ റദ്ദായിപ്പോയിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍ ഡെന്റല്‍ പ്രവേശന പരീക്ഷകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ മാസം സുപ്രിംകോടതിയെ അറിയിച്ചിരുന്നതുമാണ്. സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷ വഴി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് പ്രവേശനമാകാമെന്നും സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കും കല്‍പ്പിത സര്‍വകലാശാലകള്‍ക്കും നീറ്റ് ബാധകമാക്കുന്നതില്‍ വിരോധമില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഈ കാര്യങ്ങള്‍ തന്നെയാണിപ്പോള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന ഓഡിനന്സിന്റെയും ഉള്ളടക്കം. ഓഡിനന്‍സ് പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ പരീക്ഷയില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയില്‍ ഇളവുകിട്ടും. ഇത് സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും ആക്ഷേപം.