2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നീറ്റ്: നിരപരാധികളെ പ്രതിയാക്കിയെന്ന് ആരോപണം ‘ അറസ്റ്റ് ചെയ്തത് വസ്ത്രം മാറാൻ മുറി തുറന്നു കൊടുത്തതിന്’

സ്വന്തം ലേഖകൻ
കൊല്ലം • നീറ്റിനെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിച്ചുമാറ്റിയ സംഭവത്തിൽ സ്വകാര്യ ഏജൻസിക്കെതിരേ കോളജിലെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. ഏജൻസിയിലെ ജീവനക്കാരുടെ നിർദേശപ്രകാരമാണ് ഉൾവസ്ത്രം അഴിപ്പിച്ചതെന്ന് കേസിൽ റിമാൻഡിലായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവർ പറഞ്ഞു.

കുട്ടികളുടെ ഉൾവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ പരിശോധനയ്ക്കിടെ കുറേ കുട്ടികളെ മാറ്റി നിർത്തിയിരുന്നു. ഇവരിൽ ചിലർ കരയുന്നുണ്ടായിരുന്നു. എന്തിനാണെന്ന് കരയുന്നതെന്ന് തിരക്കിയപ്പോൾ വസ്ത്രം മാറാൻ സ്ഥലമുണ്ടോന്ന് കുട്ടികൾ തിരക്കി. ഏജൻസി ജീവനക്കാരുടെ നിർദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുത്തു.
തങ്ങൾ വിശ്രമിക്കുന്ന മുറിയാണ് തുറന്നുകൊടുത്തത്. ഇതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശുചീകരണ തൊഴിലാളികൾ പറഞ്ഞു. വസ്ത്രം അഴിപ്പിക്കുന്നതു സംബന്ധിച്ച് ചോദിച്ചപ്പോൾ ചട്ടം ഇതാണെന്നും തങ്ങൾക്ക് ഇങ്ങനെ ചെയ്‌തേ പറ്റുവെന്നുമാണ് ഏജൻസി ജീവനക്കാർ മറുപടി നൽകിയെന്നും അവർ പറഞ്ഞു.അതേസമയം കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊലിസ് നിയമപദേശം തേടും. അറസ്റ്റിലായ അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇവരെ കടയ്ക്കൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻസ് ചെയ്തു. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു.

ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിലെ ജീവനക്കാരായ എസ്. മറിയാമ്മ, കെ. മറിയാമ്മ, പരീക്ഷാ പരിശോധന ഏജൻസിയിലെ ജീവനക്കാരായ ഗീതു, ജ്യോത്സന, ബീന എന്നിവരാണ് റിമാൻഡിലുള്ളത്. ഇന്നലെയും അന്വേഷണ സംഘം കോളജിലെത്തി പരിശോധന നടത്തി.സംഭവത്തിൽ നിരപരാധികളെ പ്രതിയാക്കിയെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കൾ ചടയമംഗലം പൊലിസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമമെന്നും ഇവർ കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.