
ന്യൂഡല്‍ഹി: കടുത്ത ഭീഷണിയും അടിച്ചമര്‍ത്തലും നേരിട്ട് വിദ്യാര്‍ഥികളുള്‍പ്പെടെ ജനാധിപത്യ മതേതരവിശ്വാസികളായ ആബാലവൃദ്ധം ജനങ്ങള്‍ രാജ്യത്തെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരേ പോരാടുമ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞു ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിപക്ഷക്കൂട്ടായ്മയില് നിന്നു വിട്ടുനില്‍ക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേയുള്ള തുടര്‍പ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയും ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളും വിട്ടുനിന്നു. ഡി.എം.കെ, എസ്.പി എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തില്ല.
ഭരണഘടനയുടെപോലും നിലനില്‍പ്പു ഭീഷണിയിലായ ഘട്ടത്തില്‍ അതിനെതിരായ കൂട്ടായ പോരാട്ടത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ വിചിത്രമായ കാരണങ്ങളാണ് ചില നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന ദേശീയ പണിമുടക്കിനിടയില്‍ പശ്ചിമ ബംഗാളില്‍ സി.പി.എം, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് മമത ഉന്നയിക്കുന്ന കാരണം. കോണ്‍ഗ്രസും സി.പി.എമ്മും പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തെ അക്രമത്തിലേക്കു നയിക്കുകയാണെന്നു കുറ്റപ്പെടുത്തി മമത ബി.ജെ.പിക്ക് ആയുധം നല്‍കിയിരിക്കുകയാണ്.
രാജസ്ഥാനില്‍ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരെ കോണ്‍ഗ്രസ് കൂറുമാറ്റിച്ച് ഒപ്പം കൂട്ടിയെന്ന കെറുവാണ് മായാവതിക്ക്. അതിനു മേമ്പൊടിയായി രാജസ്ഥാനില്‍ മതിയായ ചികിത്സ കിട്ടാതെ കുട്ടികള്‍ മരിച്ചിട്ടും അവരുടെ വീടുകളില്‍ പോകാതെ പ്രിയങ്കഗാന്ധി യു.പിയില്‍ വെടിയേറ്റു മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച കാരണവും നിരത്തുന്നു. തങ്ങളെ വിളിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് കെജ്രിവാള് പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ രാജ്യത്തെ സംഘടനകളോടും പൗരരോടും യോഗം ആഹ്വാനം ചെയ്തു. പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച എല്ലാ മുഖ്യമന്ത്രിമാരും ജനസംഖ്യാ രജിസ്റ്ററിനെതിരേയും ഇതേ നിലപാട് സ്വീകരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച യോഗം തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ തുടങ്ങിയവ രാജ്യത്ത് വര്‍ധിച്ചതായി വിലയിരുത്തി. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം സര്‍ക്കാര്‍ രാജ്യത്ത് വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തു നടക്കുന്ന സമാധാനപരമായ എല്ലാ സമരത്തോടും ഐക്യദാര്‍ഢ്യമുണ്ടെന്ന് യോഗം വ്യക്തമാക്കി. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, ഗുലാംനബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, എന്‍.സി.പി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, സീതാറാം യെച്ചൂരി (സി.പി.എം), ഹേമന്ത് സോറെന് (ജെ.എം.എം), മനോജ് ഝാ (ആര്.ജെ.ഡി ), ഡി. രാജ (സി.പി.ഐ), ശരത് യാദവ് (എല്‍.ജെ.ഡി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്), ശത്രുജീത് സിങ് (ആര്.എസ്.പി), തോമസ് ചാഴിക്കാടന് (കെ.സി.എ), സിറാജുദ്ദീന് അജ്മല്‍ (എ.ഐ.യു.ഡി.എഫ്), ഹസ്നയ്ന് മസൂദി (എന്‍.സി), മിര്‍ മുഹമ്മദ് ഫയാസ് (പി.ഡി.പി), കുപേന്ദ്ര റെഡ്ഢി (ജെ.ഡി.എസ്), അജിത് സിങ് (ആര്.എല്‍.ഡി), ജിതിന് റാം മാഞ്ചി (എച്ച്.എ.എ), ഉപേന്ദ്ര കുശ്വാഹ (ആര്.എല്‍.എസ്.പി), രാജു ഷെട്ടി (സ്വാഭിമാന്‍ പക്ഷ), ജി. ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്), തോല് തിരുമാവളവന് (വി.സി.കെ) എന്നിവര്‍ പങ്കെടുത്തു.