2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

നീതി വൈകിപ്പിക്കാന്‍ അനുവദിക്കരുത്


1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍സിങ്, ഉമാ ഭാരതി , വിനയ് കത്യാര്‍ തുടങ്ങി 13 പേര്‍ക്കെതിരേ സുപ്രിംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചിരിക്കുകയാണ്. സാങ്കേതികകാരണം പറഞ്ഞ് അലഹബാദ് ഹൈക്കോടതി അദ്വാനിയുള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ ഹരജിയിലാണു വിധി. ഇടവേളകളില്ലാതെയും കേസ് മാറ്റിവയ്ക്കാതെയും രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതിനിടയില്‍ ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെയുള്ള കേസ് റായ്ബറേലിയിലും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനെതിരേയുള്ള കേസ് ലഖ്‌നൗവിലുമായി കഴിഞ്ഞ 25 വര്‍ഷമായി നടന്നുവരുകയാണ്. രണ്ടു കേസും ഒന്നിച്ചു പരിഗണിച്ചാല്‍ മതിയെന്നാണു സുപ്രിംകോടതി ഉത്തരവ്. രണ്ടു കേസുകളും ഒന്നിച്ച് ലഖ്‌നോ കോടതിയില്‍ വീണ്ടും വിചാരണയ്ക്കു വിധേയമാകുമ്പോള്‍ അനന്തമായി നീളാനുള്ള സാധ്യത ഏറെയാണ്. ലഖ്‌നൗ കോടതി നേരത്തേ ഗൂഢാലോചനക്കേസ് നിലനില്‍ക്കുകയില്ലെന്നു വിധിക്കുകയും അലഹബാദ് ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു.

അതാണിപ്പോള്‍ സുപ്രിംകോടതി തള്ളിയിരിക്കുന്നത്. രാഷ്ട്രീയമായി ഈ വിധി ബി.ജെ.പിക്കു വലിയ തിരിച്ചടിയൊന്നും നല്‍കുകയില്ല. എന്നാല്‍, സംഘ്പരിവാര്‍ രാഷ്ട്രീയത്തിനുള്ളിലെ വടംവലിയില്‍ നരേന്ദ്രമോദി, അമിത്ഷാ അച്ചുതണ്ടിനു വിധി വലിയ ആശ്വാസം പകരുന്നതുമാണ്. രാഷ്ട്രപതിസ്ഥാനത്തേക്ക് എല്‍.കെ അദ്വാനിയുടെ പേര് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐയെ ഉപയോഗിച്ച് ആ സാധ്യത ഇല്ലാതാക്കുകയായിരുന്നു മോദിയും കൂട്ടാളികളുമെന്ന ആരോപണമുണ്ട്.

പഴയതുപോലെ എതിര്‍ത്തുനില്‍ക്കാനുള്ള ത്രാണി എല്‍.കെ അദ്വാനിയുടെ ഗ്രൂപ്പിന് ഇല്ലാത്തതിനാല്‍ കേസിന്റെ വിചാരണയ്ക്കു വഴങ്ങുകയെന്നതാണ് അദ്ദേഹത്തിന്റെ മുമ്പിലുള്ള വഴി. പാര്‍ട്ടിയില്‍ തന്റെ മുഖ്യ എതിരാളിയായ എല്‍.കെ അദ്വാനി രാഷ്ട്രപതിയാകുന്നത് നരേന്ദ്രമോദി അനുവദിക്കില്ല. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ബാബരി മസ്ജിദിനെക്കുറിച്ചുള്ള ചര്‍ച്ച പിന്നെയും സജീവമാകുമെന്നതൊഴിച്ചാല്‍ സുപ്രിംകോടതി വിധികൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല. രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നു സുപ്രിംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെ സംഭവിക്കണമെന്നില്ല.
അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിചാരണ നാലുമാസത്തിനകം തീര്‍ക്കണമെന്നു ബംഗളൂരു കോടതി പറഞ്ഞിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും വിചാരണ ഇഴഞ്ഞാണു നീങ്ങുന്നത്. എല്‍.കെ അദ്വാനിയുടെ വിചാരണയും അന്തിമവിധിയും അനന്തമായി നീളാനാണു സാധ്യത. ഇരുകേസിലുമുള്ള നൂറിലധികം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്.

പ്രതിയായിക്കഴിഞ്ഞ ഉമാ ഭാരതി കേന്ദ്രമന്ത്രി സ്ഥാനത്തു തുടരുന്നതു ധാര്‍മികമായി തെറ്റാണ്. അവരുടെ രാജിയാണു പ്രധാനമന്ത്രി ആവശ്യപ്പെടേണ്ടത്. രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നതിനാല്‍ കല്യാണ്‍സിങ്ങിനെയും വിചാരണയ്ക്കു വിധേയമാക്കാനാവില്ല. ഭരണഘടനാ പദവിയിലുള്ളതിനാല്‍ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നു നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ജവം കാണിക്കുകയാണു വേണ്ടത്.

ഗൂഢാലോചനക്കുറ്റം ഇവരില്‍ സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്കു പ്രതികള്‍ മന്ത്രിയായും ഗവര്‍ണറായും തുടരുന്നത് ഇന്ത്യയുടെ മഹത്തായ ജനാധിപത്യപൈതൃകത്തിനേല്‍ക്കുന്ന കളങ്കമായിരിക്കും. നമ്മുടെ നീതിന്യായ സംവിധാനം എത്ര ഇഴഞ്ഞാണു പോകുന്നതെന്നു ബാബരി മസ്ജിദ് ധ്വംസനക്കേസ് വ്യക്തമാക്കുന്നു. വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്നത് അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. വിചാരണ കഴിഞ്ഞ് അന്തിമവിധിയുടെ സമയമടുക്കുമ്പോഴേയ്ക്കും പ്രതികളില്‍ പലരും കാലയവനികക്കുള്ളില്‍ മറയാനുള്ള സാധ്യതയേറെയാണ്. നീതിന്യായവ്യവസ്ഥയ്ക്ക് എന്തോ പാകപ്പിഴവുണ്ടെന്ന ധാരണയായിരിക്കും ഇതുവഴി പൊതുസമൂഹത്തിനുണ്ടാവുക. വൈകിയാണെങ്കിലും നീതി നടപ്പാകുന്നുവെന്നതു രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ക്ക് ഊര്‍ജം പകരുന്നതാണ്. സമൂഹത്തില്‍ ഉന്നതരായി വിരാജിക്കുന്നവര്‍ കുറ്റവാളികളാണെന്ന കോടതിവിധി തന്നെ ആശ്വാസപ്രദമാണ്.


Also Read…രാഷ്ട്രപതിക്കസേര സ്വപ്‌നംകണ്ടു; മൂക്കുകുത്തി വീണു

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.