ന്യൂഡൽഹി
വാട്‌സ്ആപ്പിൽ നിന്നും മറ്റു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് കരുതാനും അതു സംബന്ധിച്ച ഹരജി പരിഗണിക്കാനും കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി.
ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാധ്യായ നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് സച്ചിദേവ, തുഷാർ റാവു ഗിദേല എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
മതംമാറ്റം നിയമവിരുദ്ധമല്ലെന്നും ആളുകൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിൽ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. നിർബന്ധിത മതംമാറ്റം നടക്കുന്നതിന് തെളിവെവിടെയെന്ന് ഹരജി പരിഗണിക്കവെ കോടതി ചോദിച്ചു.
സ്ഥിതി വിവരക്കണക്കുകളോ മറ്റു ഉദാഹരണങ്ങളോ ഒന്നുമില്ല. ഇതൊന്നുമില്ലാതെ എങ്ങനെ കേസ് പരിഗണിക്കാൻ കഴിയും. ഇതിലാകെയുള്ളത് പത്രവാർത്തകൾ, വാട്‌സ്ആപ്പിൽ വന്ന വിവരങ്ങൾ, സമൂഹമാധ്യമത്തിൽ കണ്ട വിവരങ്ങൾ തുടങ്ങിയവയാണ്.
ഇത്തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടാകണമെന്നില്ല. സമൂഹമാധ്യമത്തിൽ വരുന്നത് ആധികാരിക വിവരമല്ലെന്നും കോടതി പറഞ്ഞു.
ഹരജിയിൽ കേന്ദ്രത്തിന് നോട്ടിസയക്കണമെന്നും അവർ മറുപടി സമർപ്പിക്കട്ടെയെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. രാജ്യത്ത് കൂടോത്രം, അന്ധവിശ്വാസം പ്രചരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ മാർഗങ്ങളിലൂടെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാണ് ഹരജിയിൽ ആരോപിച്ചിരുന്നത്.
Comments are closed for this post.