2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നിയമസഭാ തെരഞ്ഞെടുപ്പ്: ഫലം ഉറ്റുനോക്കി ദേശീയരാഷ്ട്രീയം

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ദേശീയരാഷ്ട്രീയവും ഉറ്റുനോക്കുന്നു. പതിവില്ലാത്ത വിധത്തിലുള്ള ശ്രദ്ധയാണ് ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പു ഫലത്തിനു ലഭിക്കുക. ഫലം എന്തുതന്നെ ആയാലും അതു ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു രാഷ്ട്രീയപ്പാര്‍ട്ടികളായ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും ഒരുപോലെ നിര്‍ണായകവുമാണ്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി ഫലം സംസ്ഥാന നേതാക്കളുടെ ഭാവിയെന്നതുപോലെ കേന്ദ്രനേതാക്കളുടെ ഭാവിയെയും ബാധിക്കുന്നതാണ്. സി.പി.എമ്മിനു നിലനില്‍പ്പാണ് പ്രശ്‌നമെങ്കില്‍ കേന്ദ്രത്തിലെ ഭരണം നഷ്ടമായതിനുപിന്നാലെ ഓരോ സംസ്ഥാനങ്ങളിലും മെലിഞ്ഞുണങ്ങികൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് ഫലം അഭിമാനപ്രശ്‌നമാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കേരളം ബാലികേറാമലയാണ്. അതിനാല്‍ കേന്ദ്രത്തില്‍ ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിന്റെ അനുകൂല സാഹചര്യം പരമാവധി മുതലെടുത്ത് അക്കൗണ്ടു തുറക്കലാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
കേരളത്തിനു പുറമെ പശ്ചിമബംഗാളിലെ ഫലവും സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരിക്കു നിര്‍ണായകമാണ്. കേരളാ ഘടകം എതിര്‍ത്തിട്ടും വി.എസ് അച്യുതാനന്ദന് സീറ്റ് നല്‍കാന്‍ തീരുമാനമെടുത്തത് യെച്ചൂരിയാണ്. അതിനാല്‍ കേരളത്തില്‍ പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വവും യെച്ചൂരിക്കാവും. കേരളത്തിലെ ബദ്ധവൈരികളായ കോണ്‍ഗ്രസ്സുമായി ബംഗാളില്‍ കൂട്ടുകൂടാന്‍ തീരുമാനമെടുത്തതും യെച്ചൂരി തന്നെ. അതിനാല്‍ ഈ രണ്ടുസംസ്ഥാനത്തെയും തോല്‍വി യെച്ചൂരിയുടെ ജനറല്‍ സെക്രട്ടറി പദത്തിന് തന്നെ ഇളക്കം തട്ടാന്‍ കാരണമാവും. പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷമില്ലാത്ത ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് ഇത്തരമൊരു സാഹചര്യത്തില്‍ തന്റെ നയ പരിപാടികള്‍ തുടര്‍ന്ന് നടത്താന്‍ യെച്ചൂരി ബുദ്ധിമുട്ടും.
എന്നാല്‍ കേരളത്തില്‍ മികച്ച വിജയം നേടാനായാല്‍ കേരളാ നേതാക്കളെപ്പോലെ തന്നെ അതു യെച്ചൂരിക്കും ബലംനല്‍കും. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അവലോകനത്തിനായി 22ന് പോളിറ്റ് ബ്യൂറോയും 23, 24 തിയതികളില്‍ കേന്ദ്ര കമ്മിറ്റിയും യോഗം ചേരുന്നുണ്ട്. നിലവില്‍ അധികാരത്തിലുള്ള അസമില്‍ കോണ്‍ഗ്രസ്സിനു വലിയ പ്രതീക്ഷയില്ലാത്തതും പാര്‍ട്ടി കേരളത്തിലെ ഫലത്തെ ഉറ്റുനോക്കാന്‍ കാരണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചുവെന്നും വിവാദങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിച്ചുവെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദങ്ങള്‍ ഭരണനേട്ടത്തെ ബാധിക്കില്ലെന്നു തന്നെയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലൂടെ മത്സരം മോദിയും സോണിയയും തമ്മിലാണെന്ന പ്രതീതി ജനിപ്പിക്കാന്‍ സാധിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. 75 സീറ്റ് വരെ നേടി ഭരണതുടര്‍ച്ച ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
40 മണ്ഡലങ്ങളില്‍ 25,000 വോട്ടിന് മുകളില്‍ ലഭിക്കുമെന്നുമാണ് ബി.ജെ.പി കേന്ദ്ര നേതാക്കളുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും വിവിധ കേന്ദ്രമന്ത്രിമാരും നിരവധി തെരഞ്ഞെടുപ്പുറാലികളില്‍ പങ്കെടുത്തു പ്രചാരണം സജീവമാക്കിയിരുന്നു. അതിനാല്‍ ഇത്തവണയും പാര്‍ട്ടി കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ലെങ്കില്‍ അതു പ്രധാനമന്ത്രിക്കും ബി.ജെ.പി അധ്യക്ഷനും ഏല്‍ക്കുന്ന കനത്ത ആഘാതമാവും. ഇരുവരും മുന്നില്‍ നിന്നു നയിച്ച ബിഹാര്‍ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ കേരളത്തിലും ഫലം മറിച്ചായാല്‍ അമിത്ഷായുടെ നേതൃശേഷിതന്നെ പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പെടും. ബി.ഡി.ജെ.എസുമായുള്ള കൂട്ടുകെട്ട് അടക്കമുള്ള എല്ലാ തന്ത്രങ്ങളും ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ടാണ് നടത്തിയതെന്നതിനാല്‍ വിജയ-പരാജയം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക അമിതാഷാ- മോദി ടീമിനെ തന്നെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.