2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നിയമ അക്കാദമി


തിരുവനന്തപുരത്തെ ലോ അക്കാദമി ലോകോളജ് മാനേജ്‌മെന്റിനെതിരേ അവിടുത്തെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഇരുപതു ദിവസം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. സംസ്ഥാനത്തെ വിദ്യാര്‍ഥിസംഘടനകളെല്ലാം തന്നെ സമരരംഗത്തുണ്ട്. പ്രത്യക്ഷത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളുടെ പിന്തുണയും സമരത്തിനുണ്ട്. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍ത്തും ന്യായമാണെന്നു പൊതുസമൂഹം സമ്മതിക്കുന്നുമുണ്ട്. എന്നിട്ടും സംസ്ഥാനത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടു സ്ഥാപന മാനേജ്‌മെന്റ് ധാര്‍ഷ്ട്യമനോഭാവത്തോടെ നിലകൊള്ളുകയാണ്.

പ്രബുദ്ധകേരളത്തില്‍ തന്നെയാണോ ഇതെല്ലാം സംഭവിക്കുന്നതെന്ന് ആരും ചിന്തിച്ചുപോകുന്ന തരത്തിലുള്ള അതീവഗുരുതരമായ ആരോപണങ്ങളാണ് അക്കാദമി മാനേജ്‌മെന്റിനും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കുമതിരേ ഉയര്‍ന്നുവന്നിരിക്കുന്നത്. കാംപസിനകത്തു വിദ്യാര്‍ഥികളെ പരസ്യമായി ജാതി പറഞ്ഞ് അധിക്ഷേപിക്കുക, പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ സ്വകാര്യത കവര്‍ന്നെടുക്കുന്ന തരത്തില്‍ ഹോസ്റ്റലില്‍പോലും കാമറ സ്ഥാപിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുക, പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുക എന്നിങ്ങനെ നീണ്ടുപോകുന്നു ആരോപണങ്ങള്‍.

ഈ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അതില്‍ കഴമ്പുണ്ടെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഒരു വിദ്യാര്‍ഥിനിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരേ പൊലിസ് കേസെടുത്തിട്ടുമുണ്ട്. എന്നിട്ടും പ്രിന്‍സിപ്പലിന്റെ രാജിയടക്കം വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടക്കാതെ പോകുകയാണ്. സര്‍ക്കാരും മറ്റു നിയമസംവിധാനങ്ങളും നോക്കുകുത്തികളായി നില്‍ക്കുകയുമാണ്.

അക്കാദമിയുടെ ചരിത്രവും അതിനെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹതയും പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതാക്കളുമായി മാനേജ്‌മെന്റിനുണ്ടെന്നു പറയപ്പെടുന്ന അവിശുദ്ധ ബന്ധങ്ങളുമൊക്കെ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നുവെന്നു പ്രസ്താവനകളിലൂടെ അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളും സര്‍ക്കാരുമെല്ലാം മാനേജ്‌മെന്റിനെ തൊടാന്‍ ഭയപ്പെടുന്നു.

അക്കാദമി സ്ഥാപിക്കാനായി ഗവര്‍ണറും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അംഗങ്ങളായ ട്രസ്റ്റിനാണു 1968ല്‍ 11 ഏക്കര്‍ 49 സെന്റ് ഭൂമി പതിച്ചുനല്‍കിയത്. ക്രമേണ ഈ ട്രസ്റ്റ് തന്നെ അപ്രസക്തമാകുകയും ഭൂമി സ്ഥാപനം നടത്തുന്ന വ്യക്തികളുടെ കൈവശമെത്തുകയും ചെയ്തു. ഈ സ്ഥലത്ത് അവര്‍ വീടുപോലും നിര്‍മിച്ചു. പല പാര്‍ട്ടികളും മുന്നണികളും മാറിമാറി അധികാരത്തിലിരുന്ന കാലയളവിലാണ് ഇതെല്ലാം സംഭവിച്ചത്. അവരാരും ഇതൊന്നും കണ്ടതോ അറിഞ്ഞതോ ഇല്ല.

സ്ഥാപനത്തിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകളൊന്നും കാണാനില്ലെന്നാണ് ഇപ്പോള്‍ സര്‍വകലാശാല പറയുന്നത്. അക്കാദമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും തങ്ങള്‍ക്കാണെന്നു നടത്തിപ്പുകാര്‍ പറയുമ്പോള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ കാണുന്നത് ഇതു സര്‍ക്കാര്‍ സ്ഥാപനമാണെന്നതാണ്. എന്നിട്ടും സ്ഥാപനത്തെ നിയന്ത്രിക്കാന്‍ ആവുന്നില്ലെന്നു മാത്രമല്ല പല രാഷ്ട്രീയകക്ഷികളും മാനേജ്‌മെന്റിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുകയും ചെയ്യുന്നു.

അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടികളുടെ പ്രതിനിധികള്‍ പോലും സിന്‍ഡിക്കേറ്റില്‍ മാനേജ്‌മെന്റിനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തുന്ന നിലപാടു സ്വീകരിക്കുകയോ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയോ ഒക്കെയാണു ചെയ്തത്. സ്ഥാപനത്തെ നിലക്കുനിര്‍ത്താന്‍ ബാധ്യസ്ഥതയുള്ള, സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന സി.പി.എം നില്‍ക്കുന്നതാകട്ടെ മധ്യസ്ഥ റോളിലും. പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നിരവധി നേതാക്കള്‍ ഈ സ്ഥാപനത്തില്‍ പിന്‍വാതില്‍ നിയമനം നേടി പഠിച്ചിറങ്ങിയിട്ടുണ്ടെന്നും അവരുടെയൊക്കെ ശുപാര്‍ശയില്‍ പലര്‍ക്കും ഇവിടെ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നുമുള്ള യാഥാര്‍ഥ്യം ഇതിനോടു ചേര്‍ത്തുവായിക്കുമ്പോള്‍ കള്ളക്കളി വ്യക്തമാകും.

എന്തൊക്കെയായാലും നിയമവാഴ്ചയെയും കേരളത്തിന്റെ സാംസ്‌കാരികബോധത്തെയുമൊക്കെ വെല്ലുവിളിച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ ഈ സ്ഥാപനത്തെ അനുവദിക്കുന്നത് സംസ്ഥാനത്തിനാകെ അപമാനകരമാണ്. സര്‍ക്കാരില്‍നിന്നോ രാഷ്ട്രീയ കക്ഷികളില്‍ നിന്നോ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നു ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയഭേദം മറന്നുകൊണ്ട് ശക്തമായ ബഹുജനശബ്ദം ഈ സ്ഥാപനത്തിനെതിരേ ഉയരേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.