
ഏടുകളിലെ നിയമങ്ങളും നിയമത്തിലെ പഴുതുകളും കൈമുതലാക്കി കൊടുംകുറ്റവാളി രക്ഷപ്പെടുന്നത് ഇതാദ്യമൊന്നുമല്ല. ബലാത്സംഗം തെളിഞ്ഞിട്ടുണ്ടെങ്കിലും കൊല്ലാന്‍ വേണ്ടി സൗമ്യയെ ഗോവിന്ദച്ചാമി എന്തെങ്കിലും ചെയ്തു എന്നു തെളിവൊന്നുമില്ലെന്നാണ് സുപ്രിം കോടതി പറഞ്ഞത്. ഐ.പി.സി 302 പ്രകാരം വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റം ചെയ്തിട്ടില്ലെന്നു പറയുന്ന കോടതി പക്ഷേ നാലഞ്ചു തവണ ഗോവിന്ദച്ചാമി സൗമ്യയുടെ തല ട്രെയിനിലെ കംപാര്‍ട്ട്മെന്റില്‍ ഇടിച്ചതു സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐപിസി 300 പ്രകാരം കൊലക്കുറ്റം ചാര്‍ത്താമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പോലും പറയുന്നുണ്ട്. കൊല്ലണം എന്ന ഉദ്ദേശത്തോടെ അല്ലെങ്കില്‍ പോലും മരണത്തിന് കാരണമാകുന്ന തരത്തില്‍ മുറിവേല്പിക്കുകയും ആ മുറിവ് മൂലം ഇര മരണപ്പെടുകയും ചെയ്താല്‍ ഐ.പി.സി 300 പ്രകാരം അത് കൊലക്കുറ്റമായി പരിഗണിക്കാമായിരുന്നു.
ആവശ്യമെന്ന് വരുമ്പോള്‍ പരിഗണിക്കാമയിരുന്നു നിരവധി തെളിവുകള്‍ ലഭ്യമായതായിരുന്നു. ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടില്‍ നിന്നും കണ്ടെത്തിയ രക്തം സൗമ്യയുടേതാണ് എന്നതിനും ശാസ്ത്രീയ സ്ഥിരീകരണമുണ്ട്. സൗമ്യയുടെ ശരീരത്തില്‍ നിന്നും ഗോവിന്ദച്ചാമിയുടെ ബീജം കണ്ടെത്തിയതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടില്‍ നിന്ന് പൊട്ടിപ്പോയ ബട്ടണ്‍, സൗമ്യയുടെ മുടിയില്‍ ചൂടുന്ന ക്ലിപ്പിന്റെ കഷ്ണം, മറ്റു വസ്തുക്കള്‍ തുടങ്ങിയ തെളിവുണ്ടായിട്ടും നിരാകരിച്ച സുപ്രിം കോടതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന് കരുതുന്ന സാധാരണക്കാരന് സ്വയം നിയമം നടപ്പാക്കാന്‍ തുനിഞ്ഞാല്‍ പിന്നീട് പരിതപിച്ചിട്ട് കാര്യമില്ല.