ഷമീര്‍ രാമപുരം
പഴയ ഒരുവണ്ടി സൈക്കിളില്‍ പാട്ടുപെട്ടി ഘടിപ്പിച്ച് തോളില്‍ കറുത്ത തോല്‍ബാഗും ചുമന്ന് തൂവെള്ള വസ്ത്രധാരിയായി കാരുണ്യവഴിയില്‍ സഞ്ചരിച്ച നിമിഷകവിയായിരുന്നു ഈയിടെ അന്തരിച്ച പി.കെ.എം മുഹമ്മദ്. മിന്നാമിനുങ്ങിന്റെ കളിയാരു കണ്ടു, മുന്നില്‍ നിനക്കാരു മണിമുത്തു തന്നു, മന്നാന്‍ വിധിയുണ്ട് പോവേണം പൊന്നേ, മരണത്തില്‍ മുമ്പെനിക്ക് എത്തേണം തന്നെ, വാനില്‍ പറക്കാന്‍ ചിറകാരു തന്നു മുത്തും ഘടിപ്പിച്ചിട്ടെങ്ങോട്ടു പോണൂ, ഈ ലോകം വിട്ടങ്ങു പോകുന്നു ഞാനേ, ഒരുകൂട്ടം അഹലുകളെ തേടിയാണേ തുടങ്ങിയ പാട്ടുകളിലൂടെയാണ് അദ്ദേഹം ആസ്വാദക ഹൃദയങ്ങളില്‍ ചേക്കേറിയത്. ഹൂര്‍ലീങ്ങളുടെ താരാട്ട് കേള്‍ക്കാന്‍ ഹൗളില്‍ കൗസറിലെ വെള്ളം കുടിക്കാന്‍, ഹാജത്ത് വീട്ടുവാന്‍ അലതല്ലി പോണേ, ആരും കൊതിക്കും ഇടം തേടി ആണേ തുടങ്ങി തൊട്ടില്‍ മുതല്‍ കട്ടിലു വരെയുള്ള ജീവിത വഴികളെ ഇശലിന്റെ നിറവും മണവും ചേര്‍ത്ത് ആസ്വാദകര്‍ക്ക് പകരുകയായിരുന്നു ഈ നാടന്‍ കലാകാരന്‍.
പാടിയും പറഞ്ഞും എഴുതിയും മാപ്പിളപ്പാട്ടിനോടൊപ്പം സഞ്ചരിച്ച അദ്ദേഹം നൂറിലധികം മാപ്പിളപ്പാട്ടുകള്‍ രചിച്ചു. നബിദിന ആഘോഷ പരിപാടികളിലേക്കായി മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ദഫ് പാട്ടുകളും ചിട്ടപ്പെടുത്തി. പ്രവാചക പ്രകീര്‍ത്തന പാട്ടുപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പഴയകാല മാപ്പിള കഥാപ്രസംഗ വേദികളിലെ പിന്നണി ഗായകനായിരുന്നു. രാഷ്ട്രിയ ഹാസ്യഗാനങ്ങള്‍, കഥാപ്രസംഗം, തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍ എന്നിവയും ചിട്ടപ്പെടുത്തിയിരുന്നു.
ഉപജീവനത്തിനായി ലോട്ടറി വില്‍പ്പന വരെ നടത്തിയ അദ്ദേഹം പുഴക്കാട്ടിരി പഞ്ചായത്ത് ഭരണസമിതിയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുമുണ്ട്. പ്രശസ്ത ഖിസ്സ പാട്ടുകാരന്‍ മൂസാക്ക എന്ന പരേതനായ എം.പി.എം കുട്ടി മലപ്പുറത്തിന്റെ സന്തത സഹചാരിയായിരുന്നു. മലപ്പുറം ഖിസ്സ, മലപ്പുറം പോരിശ തുടങ്ങിയ ഇസ്‌ലാമിക ചരിത്ര കഥാപ്രസംഗങ്ങള്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചു. നിരവധി ഗായകരിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒട്ടനവധി ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും പി.കെ.എമ്മിന്റ വരികളാണെങ്കിലും അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നില്ല.
മക്കരപറമ്പ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടായ്മ ശഅ്ബാന്‍ നിലാവ് 2016 അവാര്‍ഡ് നല്‍കി മലപ്പുറം ടൗണ്‍ഹാളില്‍ വെച്ച് ഈ കലാകാരനെ ആദരിച്ചിട്ടുണ്ട്. ജീവിതസഞ്ചാരത്തിനിടയില്‍ ഒരിക്കലെങ്കിലും വിശുദ്ധ ഹറം ശരീഫിലെത്തി ഉംറയും ഹജ്ജും നിര്‍വഹിക്കണമെന്ന ചിരകാല അഭിലാഷം ബാക്കിയാക്കിയാണ് പി.കെ.എം യാത്രയായത്.
Comments are closed for this post.