2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നിപാ വൈറസിന്റെ ഊര്‍ജസ്രോതസ് റിബാവൈറിന്‍ തകര്‍ക്കും

പാര്‍ശ്വഫലങ്ങള്‍ ഏറെയെങ്കിലും ഭയപ്പെടാനില്ല


കെ.ജംഷാദ്

കോഴിക്കോട്: നിപാ വൈറസിനെ പ്രതിരോധിക്കാന്‍ എത്തിച്ചത് വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റിവൈറല്‍ വിഭാഗത്തില്‍പ്പെട്ട റിബാവൈറിന്‍. നിപാ വൈറസ് വ്യാപനം തടയാന്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ഈ മരുന്ന് ഹെപ്പറ്റൈറ്റിസ് -സി, ഡെങ്കിപ്പനി, സാര്‍സ് തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്.
മലേഷ്യയിലും മറ്റും രോഗപ്രതിരോധത്തിന് ഉപയോഗിച്ച നിരവധി പാര്‍ശ്വഫലങ്ങളുള്ള റിബാവൈറിന്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. വൈറസിന്റെ ശരീരത്തിലെ ഊര്‍ജസ്രോതസായ ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവയെ തകര്‍ത്താണ് വൈറസിനെ ഈ മരുന്ന് കീഴ്‌പ്പെടുത്തുന്നത്. വൈറസിന്റെ ഡീഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ് (ഡി.എന്‍.എ), റൈബോ ന്യൂക്ലിക് ആസിഡ് (ആര്‍.എന്‍.എ) എന്നിവയുമായി റിബാവൈറിന്‍ പ്രവര്‍ത്തിച്ച് റിബാ വൈറിന്‍ ട്രൈഫോസ്‌ഫേറ്റ് (ആര്‍.ടി.പി) എന്ന സംയുക്തമായി മാറുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വൈറസ് പെരുകാതെ നോക്കുകയും രോഗി പെട്ടെന്ന് മരണത്തിലേക്ക് പോകുന്നത് തടയുകയുമാണ് ചെയ്യുക.
ഗുരുതരമായ ഹെപ്പറ്റൈറ്റിസ് -സി രോഗത്തിന് റിബാവൈറിന്‍, ഇന്റര്‍ഫെറോണു (ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്നതും പല രോഗാണുക്കളെയും നിരോധിക്കുന്നതുമായ പ്രോട്ടീന്‍)കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. 1998 ഡിസംബറിലാണ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) റിബാവൈറിനെ അംഗീകരിക്കുന്നത്.
ആഗോളതലത്തില്‍ റെബെറ്റോള്‍, കോപെജസ്,റിബാസ്പിയര്‍, റിബാ പാക്, മോഡെറിബ തുടങ്ങിയ ബ്രാന്‍ഡുകളില്‍ മരുന്ന് ലഭ്യമാണ്. കാപ്‌സ്യൂളിന്റെയും വായിലൂടെ കഴിക്കുന്ന ദ്രവരൂപത്തിലുള്ള ഓറല്‍ സസ്‌പെന്‍ഷനായും മരുന്ന് ലഭിക്കും. അനീമിയ (വിളര്‍ച്ച)യാണ് ഈ മരുന്നിന്റെ പ്രധാന പാര്‍ശ്വഫലം. ഹൃദ്രോഗമുള്ളവര്‍ക്കും രക്തചംക്രമണ രോഗമുള്ളവര്‍ക്കും ഈ മരുന്ന് വിദഗ്ധ ഉപദേശത്തെ തുടര്‍ന്നേ നല്‍കാവൂ. ഗുരുതര വൃക്കരോഗികള്‍ ഈ മരുന്ന് ഉപയോഗിക്കരുതെന്നും വിവിധ മെഡിക്കല്‍ ജേണലുകള്‍ പറയുന്നു.
വിഷാദം, സൈക്കോസിസ് അസുഖമുള്ളവര്‍ക്കും മറ്റും ഈ മരുന്ന് സുരക്ഷിതമല്ല. തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും റിബാവൈറിന്‍ പാര്‍ശ്വഫലമുണ്ടാക്കാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ക്രമരഹിതമാകുകയാണ് ചെയ്യുക. ഡോക്ടറുടെ കര്‍ശന നിരീക്ഷണത്തിലേ ഈ മരുന്ന് നല്‍കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചാല്‍ മരുന്ന് നല്‍കുന്നത് നിര്‍ത്തണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ ലാറ്റിക് ആസിഡുമായി ചേര്‍ന്ന് ലാറ്റിക് അസിഡോസിസ് എന്ന അവസ്ഥയും ഈ മരുന്നിന്റെ പ്രധാന പാര്‍ശ്വഫലമാണ്. ഗര്‍ഭിണികള്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.
രോഗിയുടെ ശരീരഭാരത്തെ അനുസൃതമാക്കിയാണ് ഡോസ് നിര്‍ണയിക്കുന്നത്. 200, 400 എം.ജി ഗുളികകളാണ് സാധാരണ ലഭ്യമാകുന്നത്. ഈ മരുന്ന് 2 മുതല്‍ 8 ഡിഗ്രിവരെ ഊഷ്മാവില്‍ സൂക്ഷിക്കണം. ദിവസം രണ്ടു നേരം 24 മുതല്‍ 48 ആഴ്ചവരെ പ്രതിരോധ മരുന്ന് കഴിക്കണം. ഏകദേശം 250 ഗുളികകളാണ് ഒരാള്‍ കഴിക്കേണ്ടി വരിക. ഇത്ര കാലയളവ് മരുന്ന് കഴിക്കുന്നത് വൃക്ക, കരള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്. മരുന്ന് നല്‍കുന്നതിനു മുന്‍പ് രോഗിയുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും ഇതിനായി വിദഗ്ധ സംഘത്തെ മെഡിക്കല്‍ കോളജില്‍ ഉപയോഗിക്കുമെന്നും ആരോഗ്യ വകുപ്പ് അഡി. ഡയരക്ടര്‍ ഡോ. കെ.ജെ. റീന പറഞ്ഞു.

മറ്റു പാര്‍ശ്വഫലങ്ങള്‍

ചുമ,വയറുസ്തംഭനം, ഛര്‍ദ്ദി, മലബന്ധം, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ഭാരക്കുറവ്, ഭക്ഷണത്തിന് രുചിയില്ലായ്മ, വരണ്ട വായ, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പ്രയാസം, ഉറങ്ങാനുള്ള പ്രയാസം, ഓര്‍മക്കുറവ്, ചൊറിച്ചില്‍, വിയര്‍ക്കല്‍, ആര്‍ത്തവ വ്യതിയാനം, പേശിക്കും അസ്ഥിക്കുമുള്ള വേദന, മുടികൊഴിച്ചില്‍ എന്നിവയാണ് നിപാവൈറസിന്റെ പ്രധാന പാര്‍ശ്വഫലങ്ങള്‍. എല്ലാവരിലും പാര്‍ശ്വഫലം കാണണമെന്നില്ലെന്നും മിക്ക മരുന്നുകള്‍ക്കും ഈ പാര്‍ശ്വഫലങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.