2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിങ്ങള്‍ക്കും നേടാം സിവില്‍ സര്‍വിസ്

രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

നവാസ് മൂന്നാംകൈ 9847321323

അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇന്ത്യന്‍ ഭരണ സംവിധാനത്തിലെ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് സിവില്‍ സര്‍വിസ് പരീക്ഷയിലെ വിജയികള്‍. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് എന്നിവ ഉള്‍പ്പെടെ ഏറ്റവും മികച്ച തൊഴില്‍മേഖലയാണിത്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ 24 സര്‍വിസുകളിലേക്കുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള സിവില്‍ സര്‍വിസ് പരീക്ഷ, മത്സരപരീക്ഷകളുടെ എവറസ്റ്റാണ്. ചിട്ടയായ പരിശീലനവും കഠിന പ്രയത്‌നവുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും സിവില്‍ സര്‍വിസ് കരസ്ഥമാക്കാനാവും. സിവില്‍ സര്‍വിസിലെ ഏറ്റവും വലിയ മെച്ചം അധികാരം, സേവനസൗകര്യം, സുരക്ഷിതമായ ജീവിതം, മെച്ചപ്പെട്ട സേവനം, മികച്ച പദവി എന്നിവയെല്ലാം ഇവിടെ ഒന്നിക്കുന്നു എന്നുള്ളതാണ്. ഐ.എ.എസ് നേടാന്‍ ലക്ഷ്യമിടുന്ന ഒരാള്‍ ഐ.എ.എസ് നേടിക്കഴിഞ്ഞ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ലക്ഷ്യമിടണം. ലക്ഷ്യം ദൃശ്യരൂപത്തില്‍ എപ്പോഴും മനസിലൂടെ പോയ്‌കൊണ്ടിരിക്കണം. ആഗ്രഹിക്കുന്ന ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് പൂര്‍ണമായി വിശ്വസിക്കണം. ലക്ഷ്യവും പ്രയത്‌നവും ചേര്‍ന്നാല്‍ മഹാവിജയത്തിന്റെ നേര്‍വഴി തെളിയും. ചിട്ടയായ പഠനത്തിലൂടെ സിവില്‍ സര്‍വിസ് എന്ന സ്വപ്നനേട്ടം സ്വയത്തമാക്കാന്‍ ആര്‍ക്കും സ്വാധിക്കുമെന്ന് വിജയികളുടെ കഥ ബോധ്യപ്പെടുത്തുന്നു.

അപേക്ഷിക്കാനുള്ള യോഗ്യത

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തില്‍ (പ്രൊഫഷണല്‍/ടെക്‌നിക്കല്‍ ഉള്‍പ്പെടെ) സര്‍വകലാശാല ബിരുദമാണ്. ഓരോ വര്‍ഷവും അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗവും സാധാരണ ബിരുദത്തിനേക്കാള്‍ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരാണ്. ഐ.എ.എസി ലെ 100 ഒഴിവുകളിലേക്ക് ശരാശരി 3 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. 35-40%പേര്‍ അപേക്ഷകള്‍ എന്‍ജിനീയറിംഗ് ശാഖകളില്‍ ബിരുദമുള്ളവരും 5-7% പേര്‍ മെഡിക്കല്‍ – കാര്‍ഷിക ബിരുദദാരികളും 4% പേര്‍ മാനേജ്‌മെന്റ് ബിരുദമുള്ളവരുമാണ്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-32 വയസ്(നേരത്തെ 30 വയസായിരുന്നു) എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 37 വയസ് വരെയും ഒ.ബി.സി ക്കാര്‍ക്ക് 35 വയസ് വരെയും അപേക്ഷിക്കാം. വികലാംഗര്‍ക്ക് അവരുടെ വിഭാഗത്തിന് (ജനറല്‍/ഒ.ബി.സി/എസ്.സി/എസ്.ടി) അനുവദിക്കപ്പെട്ട പ്രായപരിധിക്ക് പുറമെ 10 വര്‍ഷത്തെ ഇളവ് ലഭിക്കുന്നതാണ്. ജനറല്‍ വിഭാഗക്കാര്‍ക്ക് 6 തവണവരെയും (നേരത്തെ 4 തവണ), ഒ.ബി.സിക്കാര്‍ക്ക് 9 തവണവരെയും (നേരത്തെ 7 തവണ)പരീക്ഷ എഴുതാം. എന്നാല്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ നിന്ന് എത്രതവണ വേണമെങ്കിലും പരീക്ഷ എഴുതാം. ബിരുദപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ അവര്‍ മെയിന്‍പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയിരിക്കണം. അക്കാദമിക ബിരുദങ്ങള്‍ക്ക് പുറമെ തിങ്കിംഗ് ആന്റ് റീസണിംഗ് എബിലിറ്റി, പക്വതയാര്‍ന്ന പെരുമാറ്റം, മികച്ച ആശയ വിനിമയ ശേഷി, നിരീക്ഷണ പാടവം, നേതൃത്വപാടവം എന്നിവയുടെ സമന്വയം സിവില്‍ സര്‍വിസില്‍ എത്തിപ്പെടാനും അതില്‍ തിളങ്ങാനുമുള്ള അനുബന്ധഘടകങ്ങളാണ്.

കടമ്പകള്‍

2011 മുതല്‍ സിവില്‍ സര്‍വിസില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്‍ യു.ജി.സി ചെയര്‍മാന്‍ ഡോ.അരുണ്‍ നിഗവേക്കര്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് കടമ്പകള്‍ കടക്കുമ്പോഴാണ് ഒരാള്‍ സിവില്‍ സര്‍വിസുകാരനാവുന്നത്. 2012-ല്‍ പ്രിലിമിനറി പരീക്ഷക്ക് 5,36,000 ത്തിലധികം പേര്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ പരീക്ഷക്ക് ഹാജരായത് 2,71,500-ഓളം പേരാണ്. ഇതില്‍ നിന്ന് മെയിന്‍ പരീക്ഷക്ക് തൊരഞ്ഞെടുത്തതാകട്ടെ 13,092 പേരാണ്. ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചത് 2764 പേര്‍ക്കും. പ്രിലിമിനറി പരീക്ഷ എഴുതിയവരില്‍ നിന്ന് ആകെയുള്ള ഒഴിവിന്റെ 12 – 13 ഇരട്ടിപേരെയാണ് മെയിന്‍ പരീക്ഷക്കായി തെരഞ്ഞെടുക്കുക. അവസാന ഘട്ടമായ ഇന്റര്‍വ്യൂ അഥവാ പേഴ്‌സണാലിറ്റി ടെസ്റ്റില്‍ ഒഴിവുകളുടെ മൂന്നിരട്ടി അതായത് ഏതാണ്ട് 3000 പേര്‍ മത്സരിക്കുന്നു.

ചുരുക്കത്തില്‍ ആയിരത്തിന് രണ്ട് എന്ന അതികഠിനമായ വിജയശതമാനമാണ് സിവില്‍സര്‍വിസ് പരീക്ഷയുടെ മത്സരകടമ്പ. പ്രിലിമിനറി പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് റാങ്കിന് പരിഗണിക്കില്ല. മെയിന്‍ പരീക്ഷക്കുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനാണ് പ്രിലിമിനറി പരീക്ഷ 2013-ല്‍ 3,29,349 പേര്‍ പ്രിലിമിനറി പരീക്ഷ എഴുതിയപ്പോള്‍ 14,959 പേരാണ് മെയിന്‍ ലിസ്റ്റില്‍ ഇടം നേടിയത്. ഇവരില്‍ 3003 പേരാണ് മെയിന്‍ പരീക്ഷ വിജയിച്ചത്. പേഴ്‌സണാലിറ്റി ടെസ്റ്റില്‍ 1122 പേരാണ് അന്തിമലിസ്റ്റില്‍ (final list) സ്ഥാനം പിടിച്ചത്. 2014- ല്‍ 4 1/2 ലക്ഷത്തിലേറെ പേര്‍ പ്രിലിമിനറി പരീക്ഷ എഴുതിയപ്പോള്‍ 16993 പേരാണ് മെയിന്‍ പരീക്ഷക്ക് യോഗ്യത നേടിയത്. ഒരു വര്‍ഷത്തോളം നീളുന്ന നടപടി ക്രമങ്ങളിലൂടെയാണ് യു.പി.എസ്.സി എല്ലാ വര്‍ഷവും സിവില്‍ സര്‍വിസിന് യോഗ്യരായവരെ കണ്ടെത്തുന്നത്. മെയ് മാസത്തില്‍ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് www.upsc.gov.in അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം ലഭിക്കും. www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

പരീക്ഷയും മാധ്യമവും

csat ( civil service aptitude test) പ്രിലിമിനറി പരീക്ഷയില്‍ 200 മാര്‍ക്ക് വീതമുള്ള 2 പേപ്പറുകളാണുണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലാണ് ചോദ്യങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ ഉത്തരത്തിന് 1/3 നെഗറ്റീവ് മാര്‍ക്ക് ലഭിക്കും 100 ചോദ്യങ്ങളുള്ള ഒന്നാം പേപ്പറില്‍ ഇന്ത്യാചരിത്രം, ഭൂമിശാസ്ത്രം എന്നിവയാണ് ഉണ്ടാവുക. രണ്ടാം പേപ്പറില്‍ 80 ചോദ്യങ്ങളുണ്ടാവുന്നതാണ്. മെയിന്‍ പരീക്ഷ ഇപ്പോള്‍ മലയാളത്തിലും എഴുതാവുന്നതാണ്. എല്ലാ വര്‍ഷവും ഏതാണ്ട് 15%അപേക്ഷകര്‍ പ്രാദേശികഭാഷകളില്‍ പരീക്ഷ എഴുതി ജയിക്കുന്നുണ്ട്. മെയിനിന്റെ ഇംഗ്ലീഷ് ഭാഷാ പേപ്പറൊഴികെ എല്ലാ പേപ്പറുകളും മലയാളത്തിലെഴുതാം. കൂടാതെ ഐച്ഛിക വിഷയങ്ങളായി മലയാള ഭാഷയും സാഹിത്യവും തെരഞ്ഞെടുക്കുകയും ചെയ്യാം. ഇന്റര്‍വ്യൂവിനാകട്ടെ മലയാളം മാധ്യമമാക്കാന്‍ അവസരവും ഉണ്ട്.

തുടരും

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News