
തിരുവനന്തപുരം: വില്പനികുതി പിരിവിന് ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ പാത പിന്തുടരാന് തീരുമാനിച്ച് ധനമന്ത്രി തോമസ് ഐസക്. 100 രൂപയില്‍ കൂടുതല്‍ വരുന്ന സാധനം വാങ്ങിയാല്‍ വാറ്റ് നല്കിയെന്നു തെളിയിക്കുന്ന ബില്‍ ധനകാര്യവകുപ്പിന്റെ മൊബൈല്‍ ആപ്പിലോ സര്‍ക്കാരിന്റെ ഫേസ്ബുക്ക് പേജിലോ, വാട്സ്ആപ്പിലോ അയച്ചു കൊടുത്താല്‍ മാസംതോറും നറുക്കിട്ടെടുക്കുന്ന ഒരാള്‍ക്ക് 50000 രൂപ കാഷ് അവാര്‍ഡ് നല്‍കും.
ഈ വര്‍ഷം ജനുവരി മുതലാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ പദ്ധതി ഡല്‍ഹിയില്‍ നടപ്പിലാക്കിയത്. ഇതുവഴി നികുതിപിരിവ് പത്തിരട്ടി വര്‍ധിക്കുകയും ചെയ്തു. അതുപോലെ കേരളത്തിലും നടപ്പിലാക്കാനാണ് തോമസ് ഐസക് നടപടി ആരംഭിച്ചത്. 2006ല്‍ ഇതേ പോലെ ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാല്‍ അന്നു 1000 രൂപ മുതലുള്ള ബില്ലിനായിരുന്നു സമ്മാനമുണ്ടായിരുന്നത്. എന്നാല്‍ ബില്ലിനൊപ്പം കൂപ്പണും പൂരിപ്പിച്ചു നല്‍കണമായിരുന്നു. പല സ്ഥാപനങ്ങളും ആയിരത്തിനു താഴെ ബില്ല് അടിക്കുകയോ കൂപ്പണ്‍ നല്‍കുകയോ ചെയ്തിരുന്നില്ല. ഈ പദ്ധതിയില്‍ മാറ്റം വരുത്തിയാണ് ബില്ലിന്റെ കോപ്പി മൊബൈല്‍ ആപ്പിലോ വാട്സ്ആപ്പിലോ നല്കിയാല് മാസം തോറും ലക്കി പ്രൈസ് നടപ്പിലാക്കാന്‍ പോകുന്നത്. ഈ ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കും. ഈ ആഴ്ച സി.പി.എം കേന്ദ്ര കമ്മിറ്റിയ്ക്ക് ഡല്‍ഹിയില്‍ പോകുന്ന തോമസ് ഐസക് മനീഷ് സിസോദിയയുമായി സംസാരിച്ച് ഡല്‍ഹിയില്‍ നടപ്പിലാക്കിയ വിധത്തിലായിരിക്കും ഇവിടെയും നടപ്പിലാക്കുക.
ഏതാണ്ട് 15,552 രൂപയുടെ ബാധ്യതയുള്ളതായിട്ടാണ് ധനവകുപ്പ് കണക്കുകൂട്ടിയിരിക്കുന്നത്. കുടിശിക കൊടുത്തുതീര്‍ക്കാന്‍ മാത്രം ഉടന്‍ 6,102 കോടി വേണം. ഇതിനായി കടമെടുത്താല്‍ സംസ്ഥാനം റവന്യൂകമ്മിയിലേക്ക് നീങ്ങുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിനെ മറികടക്കാന്‍ നികുതിസമാഹരണം ഊര്ജിതമാക്കണമെന്നുമുള്ള റിപ്പോര്ട്ടിന്റെടിസ്ഥാനത്തിലാണ് മന്ത്രിയുടെ പുതിയനീക്കം.