
ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിന് ശേഷം മാത്രമെ കോടതിയില്‍ ചോദ്യം ചെയ്യാവൂയെന്ന് ഡല്‍ഹി ഹൈക്കോടതി.
തെരഞ്ഞെടുപ്പ് നടത്തുന്ന അധികൃതരുടെ ഏകപക്ഷീയമായ നടപടികള്‍ മൂലമോ വഞ്ചനാപരമായ പ്രവൃത്തികള്‍ കൊണ്ടോ അല്ലാതെയോ നാമനിര്‍ദേശ പത്രിക തള്ളിയാല്‍ അത്തരം കേസുകള്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷമെ കോടതിയില്‍ ചോദ്യം ചെയ്യാവൂ എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് അനു മല്‍ഹോത്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സന്‍ജു ബാല എന്ന യുവതി നല്കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.
ഹരജിക്കാരിയുടെ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശകന്റെ താമസസ്ഥലത്തെ വിലാസം തെറ്റായി എഴുതി എന്ന് കണ്ടെത്തിയ കമ്മിഷന് ഇവരുടെ പത്രിക തള്ളിയിരുന്നു. സന്‍ജു മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വാര്‍ഡിലെ താമസക്കാരനായിരുന്നില്ല അവരുടെ നിര്ദേശകന്. എന്നാല്‍, നാമനിര്‍ദേശ പത്രികയില്‍ നിര്ദേശകന് ആ വാര്‍ഡില്‍ താമസിക്കുന്ന ആളാണെന്ന് തെറ്റായി എഴുതിയിരുന്നു. ഇക്കാരണത്താല്‍, കമ്മിഷന് ഇവരുടെ നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു.