2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാദാപുരം; രാഷ്ട്രീയ നേതൃത്വങ്ങളുടെ നിസംഗത

കെ.കെ സുധീരന്‍

 

 

പതിറ്റാണ്ടുകളായി തുടരുന്ന നാദാപുരത്തെ അശാന്തിക്ക് പരിഹാരമാകാത്തത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിസംഗതയും കുറ്റകരമായ മൗനവുമാണ്. ഇതില്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെയും പങ്കുണ്ട്. നാട്ടു മധ്യസ്ഥതയില്‍ പറഞ്ഞുതീര്‍ക്കാവുന്ന കാര്യങ്ങള്‍വരെ തെരുവു സംഘട്ടനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കുമെല്ലാമെത്തുന്നതിനും ഇതുതന്നെയാണ് ഒരു പരിധിവരെ കാരണം.
സംഘര്‍ഷങ്ങളും കൊലപാതകവുമൊക്കെയുണ്ടാകുമ്പോള്‍ മാത്രം അപലപിക്കുകയും സമാധാനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന നേതൃത്വങ്ങള്‍ പക്ഷേ ഇടവേളകളില്‍ അണികളെ ഉത്തേജിപ്പിക്കാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍വരെ നാടിന്റെ സമാധാനഭംഗത്തിന് കാരണമാകുന്നു.

വടകരയുടെ കിഴക്കന്‍ മലയോരമേഖലയിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഇടയിലുള്ള നിസാരമെന്നു തോന്നിക്കാവുന്ന പ്രശ്‌നങ്ങള്‍വരെ ഇത്തരത്തില്‍ വലിയ കലാപങ്ങളിലേക്ക് നയിച്ചതാണ് നാദാപുരത്തിന്റെ ചരിത്രം. പകലന്തിയോളം പണികഴിഞ്ഞെത്തുന്നവര്‍ക്കും ഭൂവുടമകള്‍ക്കും ഇന്ന് സമാധാനപരമായി വീടുകളില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് പ്രദേശത്ത്. എപ്പോഴാണ് അശാന്തിയുടെ കനലുകള്‍ അക്രമത്തിന്റെ തീയായി മാറുകയെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. രാവിലെ വീടുകളില്‍നിന്നും ഇറങ്ങിപോകുന്ന മക്കളുടെയും ഭര്‍ത്താക്കന്‍മാരുടെയും സഹോദരങ്ങളുടെയും തിരിച്ചുവരവിന് പ്രാര്‍ത്ഥിച്ച് കഴിയേണ്ട അവസ്ഥ ഏറെ ഭീതിയുളവാക്കുന്നതാണ്.

ഏറെ സമാധാനത്തോടും സഹവര്‍ത്തിത്തോടും കഴിയുന്ന ഒരു ജനതയുടെ മേല്‍ അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തുന്നതിന് രാഷ്ട്രീയം കാരണമാകുന്നുവെന്നത് ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഓര്‍ക്കാന്‍പോലും കഴിയാത്തതാണ്. കുറ്റ്യാടി മുതല്‍ എടച്ചേരി വരെ നീണ്ടുകിടക്കുന്ന പ്രദേശത്ത് എന്ത് കുഴപ്പമുണ്ടായാലും നാദാപുരത്ത് കലാപം എന്നപേരിലാണ് പ്രചരിക്കുക.

പിന്നെ ഉള്‍നാടുകള്‍പോലും സംഘര്‍ഷഭൂമിയാകുന്നു. പരസ്പരമുള്ള ഈ കൊലവിളികള്‍ എല്ലാ രാഷ്ട്രീയകക്ഷികളിലുംപെട്ട എത്രയോ രക്തസാക്ഷികളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അക്രമങ്ങളുടെ ഭാഗമായി അംഗഭംഗം വന്നവര്‍ ഇതിലും എത്രയോവരും. മനുഷ്യനെ പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്നവര്‍ക്ക് തുണയാകുന്നത് രാഷ്ട്രീയമോ മതമോ എന്തുതന്നെയായാലും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ പ്രതികാരങ്ങള്‍ കണക്കുപുസ്തകത്തിന്റെ ഭാഗമാക്കുന്ന നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്തുതന്നെയാണ്.

കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും വീടുകള്‍ കൊള്ളയടിക്കുന്നതുമെല്ലാം നാദാപുരത്തിന്റെ സവിശേഷതയാണ്. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍തന്നെ മനസിലാകും ഇത്തരക്കാരുടെയുള്ളിലുള്ളത് രാഷ്ട്രീയമല്ല പകരം അശാന്തിയെ ആഘോഷമാക്കുന്ന മാനസികരോഗമാണെന്ന്. ഇതുതന്നെയാണ് നാദാപുരത്തെ ഓരോ വീടുകളിലെയും സ്ത്രീകളുടെ കണ്ണീര്‍ നമ്മോട് പറയുന്നത്. ഒരുതെറ്റും ചെയ്യാതെ ജീവിതകാലം മുഴുവന്‍ കരഞ്ഞുതീര്‍ക്കുന്ന കുടുംബങ്ങള്‍ക്ക് എന്ത് ശാന്തിയാണ് ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുക. തെരുവില്‍ വേട്ടയാടപ്പെടുന്ന ഓരോ മനുഷ്യജന്മങ്ങള്‍ക്കും പറയാനുള്ളതും കണ്ണീര്‍കടലായിമാറുന്ന കുടുംബാംഗങ്ങളുടെ വേദന തന്നെയാകും.

ഇച്ഛാശക്തിയോടെ ഒരുമിച്ചിരുന്നാല്‍ ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരുദിവസംകൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേ നാദാപുരത്തുള്ളു. എന്നാല്‍ അക്രമങ്ങളിലൂടെ പാര്‍ട്ടി വളര്‍ത്താമെന്ന് കരുതുന്ന നേതാക്കളുടെ വളഞ്ഞബുദ്ധി ഈ പ്രദേശത്തിന്റെ കണ്ണീരുണക്കില്ലെന്നത് പകല്‍പോലെ സത്യമാണ്.
രാഷ്ട്രീയമോ മതമോ നോക്കാതെ പരസ്പരം സ്‌നേഹത്തോടെ കഴിയുന്ന ഒരു ജനത തന്നെയാണ് നാദാപുരത്തുള്ളത്. എന്നാല്‍ ഇവര്‍ക്കിടയിലേക്ക് വിദ്വേഷത്തിന്റെ പക പടര്‍ത്തുന്നത് ആരായാലും അവര്‍ ഒരുകാലം ജനമധ്യത്തില്‍ ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യും. ഒരോ കൊലപാതകങ്ങളും അവസാനത്തേതാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നാദാപുരത്തുകാര്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉറച്ച പിന്തുണയാണ് ഇനി വേണ്ടത്. ഇനിയെങ്കിലും ജീവിതം കരഞ്ഞുതീര്‍ക്കുന്ന നിരപരാധികളെകുറിച്ച് നമുക്ക് ഓര്‍ക്കാം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.