
മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വന്‍ തോല്‍വി.
ആര്.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിനോട് തോറ്റു. ഇതടക്കം തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന സഖ്യം നാലു സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.
ആര്.എസ്.എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂര്‍, ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെ തുടങ്ങിയ പ്രധാന ഇടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തോറ്റു. 30 വര്‍ഷമായി ബി.ജെ.പി ജയിച്ചുവന്ന നാഗ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസാണ് വിജയിച്ചത്.
ഇവിടെ ബി.ജെ.പിയുടെ സന്ദീപ് ജോഷിയെ കോണ്‍ഗ്രസിന്റെ അഭിജിത് വന്‍സാരി പതിനാലായിരത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുപ്പക്കാരന്‍കൂടിയാണ് സന്ദീപ് ജോഷി.
നേരത്തെ, മുതിര്‍ന്ന ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി, ദേവേന്ദ്ര ഫഡ്നാവിസിന്റെ പിതാവ് തുടങ്ങിയവര്‍ പ്രതിനിധീകരിച്ച നാഗ്പൂര്‍, ബി.ജെ.പിയുടെ ഉറച്ച മണ്ഡലമായായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവിടത്തെ തോല്‍വി പാര്‍ട്ടിക്കു വലിയ ക്ഷീണമാണ്. 1989ല്‍ ഇവിടെ ജയിച്ചായിരുന്നു ഗഡ്കരി മഹാരാഷ്ട്ര നിയമസഭയിലെത്തിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെയിലും പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതും ശ്രദ്ധേയമാണ്.