
പേരാമ്പ്ര: മലയോര മേഖലയിലെ ഏക ഗവ. കോളജായ പേരാമ്പ്ര സി.കെ.ജി സ്മാരക സര്‍ക്കാര്‍ കോളജിന് ‘നാക് ‘ അക്രഡിറ്റേഷനില്‍ എപ്ലസ് ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ ജൂലൈ 21, 22, 23 തിയതികളില്‍ കോളജില്‍ നടന്ന ‘നാക് ‘ ടീമിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ മികച്ച നേട്ടം.
കര്‍ണാടക കേന്ദ്ര സര്‍വകലാശാലയിലെ മുന്‍ വി.സി പ്രൊഫ. ചന്ദ്രശേഖര്‍, പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഡോ. നടരാജന്, ഒഡിഷ സര്‍വകലാശാലയിലെ ഡോ. മൊഹന്തി എന്നിവര്‍ അടങ്ങിയ സംഘമാണ് കോളജ് സന്ദര്‍ശിച്ചത്. നിലവില്‍ ‘നാക് ‘ അംഗീകാരമുള്ള ജില്ലയിലെ സര്‍ക്കാര്‍ കോളജുകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡാണ് കോളജിനു ലഭിച്ചത്.
കോളജില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാനും കംപ്യൂട്ടര്‍ ലാബ് വികസനത്തിനും സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണന്റെ എം.എല്‍.എ ഫണ്ടില്‍ നിന്ന് ഏഴുലക്ഷം രൂപ നല്കാന് തീരുമാനമായിട്ടുണ്ട്. പുതിയ അക്കാദമിക് ബ്ലോക്ക്, മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം, ലാബുകള്‍, ഹോസ്റ്റലുകള്‍, കാന്റീന്, സ്റ്റാഫ് ക്വാട്ടേഴ്സ് തുടങ്ങിയവ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോളജിലെ വിവിധ പദ്ധതിക്കള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ എട്ടു കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
പ്രൊഫ. ചിത്രഗംഗാധരനാണു നിലവില്‍ കോളജ് പ്രിന്‍സിപ്പല്‍.