തിരുവനന്തപുരം: പ്രചാരണം കൊഴുപ്പിക്കാന്‍ കേരളത്തിലെത്തിയ ദേശീയ നേതാക്കളെ വലച്ച് പരിഭാഷകര്‍. പരിഭാഷകര്‍ക്കു പറ്റിയ അമളി ഇപ്പോള്‍ ചിരിമഴയായി നവമാധ്യമങ്ങളില്‍ പെയ്തിറങ്ങുകയാണ്. ഇടതുമുന്നണിയുടെ പ്രചാരണത്തിനായി എത്തിയ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെ കുഴപ്പത്തിലാക്കിയ പ്രസംഗത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി. മലയാളം കുറച്ചൊക്കെ അറിയാവുന്ന വൃന്ദാകാരാട്ട് പരിഭാഷകന്റെ തെറ്റുകള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയെങ്കിലും പരിഭാഷ ചെയ്യാനാവാതെ ബുദ്ധിമുട്ടുന്ന ‘സഖാവി’നെതിരേ ട്രോളുകള്‍ നിരവധിയാണ് ഇതിനകം ഇറങ്ങിയത്. ദ വുമണ്‍ ഓഫ് കേരള എന്നതിന് കേരളത്തിലെ കൊലപാതകികള്‍ എന്നാണ് പരിഭാഷകന്‍ പറഞ്ഞത്. ഇതു കേട്ട വൃന്ദാ കാരാട്ട് തെറ്റു തിരുത്തിക്കൊടുത്തു. എന്നിട്ടും തീര്‍ന്നില്ല പരിഭാഷകന്റെ നാക്ക് പിഴ. വൃന്ദാ കാരാട്ട് പിന്നീട് പറഞ്ഞതിന്റെയൊന്നും പരിഭാഷപ്പെടുത്താന്‍ സഖാവിന് കഴിഞ്ഞില്ല. തെറ്റുകള്‍ ആവര്‍ത്തിച്ചതോടെ കുറച്ചു മലയാളം എനിക്കറിയാം എന്നും വൃന്ദ മറുപടി നല്‍കി. പിന്നീട് പരിഭാഷകനെ അടുത്തേക്ക് വിളിച്ച് ഓരോ വാക്കും പറഞ്ഞു കൊടുത്തു. ഇനി എല്ലാം ശരിയാകുമെന്ന് സദസിനെ നോക്കി അവര്‍ പറഞ്ഞെങ്കിലും പരിഭാഷകന്റെ മലയാളം കേട്ട്് ചിരി അടക്കാനല്ലാതെ ഒന്നും ചെയ്യാനായില്ല. പരിഭാഷ കേട്ട് മലയാളം പറയാനും അവര്‍ മെനക്കെട്ടില്ല. കല്‍പ്പറ്റയിലെ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സംഭവം. പരിഭാഷകന്റെ മലയാളം കേട്ടു മടുത്ത ദേശീയ നേതാവ് പിന്നീട് പരിഭാഷയ്ക്ക് ഇട നല്‍കാതെ ഒറ്റയടിക്ക് എല്ലാം പറഞ്ഞു തീര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതുകേട്ട സദസ് ഒന്നടങ്കം കയ്യടിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദി പരിഭാഷ ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരേ നേരത്തെ ട്രോളുകള്‍ വന്നിരുന്നു. സി.പി.എം അനുഭാവികളാണ് അന്ന് കൂടുതല്‍ ട്രോളുകള്‍ പടച്ചുവിട്ടത്. അതിനാല്‍ കല്‍പ്പറ്റ സംഭവം ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
പരിഭാഷകരുടെ നാക്കുപിഴ അവസാനിക്കുന്നില്ല. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകന്റെ വീഡിയോയും നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. മലപ്പുറത്ത് കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ഉണ്ണികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു വെങ്കയ്യ നായിഡു. പരിഭാഷകന്‍ പറയുന്നതത്രയും തെറ്റാണെന്ന് മനസിലാക്കിയ വെങ്കയ്യ നിങ്ങള്‍ എന്റെ ഇംഗ്ലീഷിനെ നിങ്ങളുടെ ഇംഗ്ലീഷിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. അങ്ങനെയല്ല വേണ്ടത് താന്‍ പറയുന്ന ഇംഗ്ലീഷിന്റെ മലയാളമാണ് പറയേണ്ടതെന്നും വെങ്കയ്യ പരിഭാഷകന് നിര്‍ദ്ദേശം നല്‍കി.
ഇംഗ്ലീഷിലാണ് ഞാന്‍ സംസാരിക്കാന്‍ പോകുന്നതെന്ന് തുടക്കത്തിലെ പറയുന്ന മന്ത്രി ഇടയ്ക്ക് പരിഭാഷകന് തെറ്റിയപ്പോള്‍ മലയാളത്തില്‍ തന്നെ പറഞ്ഞു നല്‍കുകയും ചെയ്തു. ഏതായാലും പരിഭാഷകരുടെ മലയാളം കേട്ട് സഹിക്കെട്ട ദേശീയ നേതാക്കള്‍ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മലയാളം പഠിക്കുമെന്ന് ഉറപ്പാണ്.
Comments are closed for this post.