2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാം മാറേണ്ടിയിരിക്കുന്നു, നല്ലൊരു നാളേയ്ക്കുവേണ്ടി

ഡോ പി ടി അബ്ദുല്‍ റഹ്മാന്‍ +971506505422

ആശയദാരിദ്ര്യംമൂലമല്ല ആശയാതിപ്രസരംകൊണ്ട് ഒന്നുമെഴുതാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന്. ലോകത്തിന്റെ പലകോണുകളില്‍ നടമാടുന്ന അതിക്രമങ്ങളിലും വംശീയനരഹത്യകളിലും ആര്‍ക്കുവേണ്ടിയെന്നറിയാതെ മരിച്ചുവീഴുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരിറ്റു കണ്ണീരര്‍പ്പിക്കാന്‍പോലും കഴിയാതെ അന്ധാളിച്ചിരിക്കുകയാണ്  നാമോരോരുത്തരും.
ജന്മംനല്‍കിയ കുഞ്ഞിനോടു കരുണതോന്നാത്ത മാതാപിതാക്കള്‍, പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ കൊല്ലാന്‍  ഐ.സി.യുവില്‍പ്പോലും പതിയിരിക്കുന്ന മക്കള്‍, സ്വന്തം ചോരയില്‍ ജനിച്ച പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്ന രക്ഷിതാക്കള്‍, ശിഷ്യയുമായി അവിഹിതത്തിലേര്‍പ്പെടുന്ന ഗുരു, അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടുന്ന കൗമാരക്കാരന്‍, എതിരാളിയെ കൈവിറയലില്ലാതെ വെട്ടിവീഴ്ത്തുന്ന രാഷ്ട്രീയക്കാരന്‍..! ഇങ്ങിനെ ഒരുകാലത്തു കേട്ടുകേള്‍വിയില്ലാത്ത പലതും സര്‍വസാധാരണമായിരിക്കുന്നു ഇന്ന്.
രണ്ടുപേര്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അതു പരിഹരിക്കാന്‍ മൂന്നാമതൊരാള്‍ എക്കാലത്തുമുണ്ടായിരുന്നു.  അതു വീട്ടിലെ കാരണവരാകാം. അതല്ലെങ്കില്‍ നാട്ടുപ്രമാണിയാകാം. ഒരു പിതാവിനും സ്വന്തംമക്കളോട് അവിഹിതചിന്തയില്ലായിരുന്നു, മക്കള്‍ക്കു മാതാപിതാക്കള്‍ ഏറെ ആദരണീയരായിരുന്നു, പക്ഷേ, എവിടെയോവച്ചു പിടിവിട്ടപോലെ. എല്ലാം കീഴ്‌മേല്‍മറിഞ്ഞു.
എല്ലാവരും തുല്യ ദുഖിതരാണ്. ആര്‍ക്കും സ്‌നേഹം കിട്ടുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും പരസ്പരം ശത്രുക്കളുമാണ്. ശത്രുക്കളെയുണ്ടാക്കാന്‍ പ്രത്യേക ക്യാമ്പുകള്‍. വെറുപ്പും വിദ്വേഷവും വളര്‍ത്തി വരുംതലമുറയുടെ വളര്‍ച്ചതന്നെ മുരടിപ്പിക്കുന്ന തലതിരിഞ്ഞ പ്രത്യയശാസ്ത്രങ്ങള്‍. കൊല്ലാനും കൊലപാതകം ന്യായീകരിക്കാനും പുതിയപുതിയ ആശയങ്ങള്‍. ഒന്നുകില്‍ പശു, അല്ലെങ്കില്‍ കൊടി, അതുമല്ലെങ്കില്‍ തൊലിയുടെ നിറം.
മാധ്യമങ്ങള്‍ തങ്ങളുടെ ധര്‍മംമറന്ന് അസത്യങ്ങളും അര്‍ധസത്യങ്ങളും ജനങ്ങളുടെ മേല്‍ അടിച്ചു കയറ്റുന്നു. ഭരണ,പ്രതി പക്ഷങ്ങള്‍ അവരവരുടെ ചെയ്തികള്‍ക്ക് അനുകൂലമായി വിഷയങ്ങളെ വ്യാഖ്യാനിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ട ന്യായാധിപന്മാരും ഉദ്യോഗസ്ഥരും അവരവുടെ സാമ്രാജ്യവികസനത്തിലേയ്ക്കു ചുരുക്കപ്പെട്ടു..
ഒരു എഴുത്തുകാരനു മറ്റൊരെഴുത്തുകാരനെ കണ്ടുകൂടാ. ഒരു സംവിധായകനു മറ്റൊരു സംവിധായകനെ പിടിക്കില്ല.  ഒരു അത്‌ലറ്റിനു മറ്റൊരു അത്‌ലറ്റിനെ വെറുപ്പാണ്. ഒരു പ്രഭാഷകനു മറ്റൊരു പ്രഭാഷകനോടു നീരസം. ഒരു നടനു മറ്റൊരു നടനോട് ഈഗോ. ഒരു പാര്‍ട്ടിക്കു മറ്റേ പാര്‍ട്ടിയോടു പക… ഇങ്ങനെ ചിന്ത എങ്ങോട്ടു തിരിച്ചാലും ചെന്നെത്തുന്നത് ഇത്തരം അഴുക്കുചാലുകളില്‍.
ഇതിനു കാരണങ്ങളും പലരും കണ്ടെത്തിത്തുടങ്ങി. സോഷ്യല്‍ മീഡിയ, ധാര്‍മികവിദ്യാഭ്യാസത്തിന്റെ അഭാവം, വളര്‍ത്തു ദോഷം, ആശയദാരിദ്ര്യം, ആമാശയവികസനം..!
മനുഷ്യനെ ഒരു സമൂഹമായിക്കണ്ട് അവരുടെ ഐക്യമെന്ന ലക്ഷ്യത്തിലേയ്ക്കു നീങ്ങാത്തിടത്തോളം കാലം ഈ കാരണം കണ്ടെത്തലുകള്‍ക്കൊന്നും പ്രശ്‌നപരിഹാരമുണ്ടാക്കാനാവില്ല.
അവസരങ്ങള്‍ പരിമിതമാണ്, ആവശ്യക്കാര്‍ ഒട്ടനവധിയും. ഒരു രാജ്യത്ത് ഒരു പ്രധാനമന്ത്രിയേ ഒരുസമയത്തുണ്ടാകൂ. ഒരു പ്രസിഡന്റും. ഈ സ്ഥാനത്തെത്തുന്നവര്‍ പൂര്‍ണമായും ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹരാണോ അല്ലയോ എന്നതാണു പ്രശ്‌നം. അര്‍ഹരല്ലെങ്കിലും ആണെങ്കിലും അവരേക്കാള്‍ അതിനേക്കാള്‍ അര്‍ഹതയുള്ള എത്രയോപേര്‍ വേറെയുണ്ടായിരിക്കും. ഈ സാഹചര്യത്തോടു ക്ഷമയോടെ സമരസപ്പെടാനുള്ള മനുഷ്യന്റെ ജന്മസിദ്ധമായ  ക്ഷമയും, സഹിഷ്ണുതയും നഷ്ട്ടപെട്ടു പോയിരിക്കുന്നു. ഇത് കേവലം ഉദാഹരണത്തിന് വേണ്ടി പറഞ്ഞതാണ് എല്ലാ മേഘലയിലേക്കും ഇത്തരത്തിലുള്ള ഉപമകള്‍ തുലനം ചെയ്തു നോക്കുമ്പോള്‍ അധികാരത്തിനും, സ്ഥാനത്തിനും, പണത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയാറായ ഒരു സമൂഹത്തിന്റെ സ്വാഭാവിക അധഃപതനമാണ് നാം മേല്‍ വിവരിച്ച മിക്ക സംഭവങ്ങളുടെയും മൂല കാരണം.
ലക്ഷകണക്കിന് ജൂദരെ കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ തന്റെ ജീവിതത്തില്‍ നേരിട്ട ഇല്ലായ്മയുടെ കാരണം ജൂദന്മാരുടെ സാന്നിധ്യവും തങ്ങളനുഭവിക്കേണ്ട സമ്പത്തു ജൂദ വിഭാഗങ്ങളില്‍ കുമിഞ്ഞു കൂടിയെന്നുമൊക്കെ പറഞ്ഞു വംശീയ വിദ്ധോഷം ഉണ്ടാക്കി ആളുകളെ രണ്ടു തട്ടിലാക്കി ഭരണത്തിലെത്തി പച്ച മനുഷ്യരെ ഹൂതി ചെയ്തു ഫാഷിസത്തിന്റെ അപോസ്തലവനായി മാറിയപ്പോള്‍, വെറുത്തും, വെറുക്കാന്‍ പഠിപ്പിച്ചും, വെറുത്തു കഴിഞ്ഞാല്‍ കൊല്ലുന്നതിനു നിയമസാധുതയാവുമെന്നുമൊക്കെയുള്ള കിരാത സിദ്ധാന്തങ്ങളൊക്കെ കാലം ചവറ്റു കൊട്ടയില്‍ എറിഞ്ഞുടച്ചതാണ്, അവസാനം ഹിറ്റ്‌ലറും സ്വയം ഹൂതി നടത്തി ലോകത്തിനു കൊടുത്ത മെസേജ് വെറുപ്പിന്റെ സിദ്ധാന്തത്തിനു നിലനില്പില്ലെന്നത് തന്നെയായിരുന്നു.
മതം മനുഷ്യനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചപ്പോള്‍, ആശയ സംവാദങ്ങളിലൂടെയും ഒത്തു നില്‍പ്പിലൂടെയും ദിനേനെ പുരോഗതിയിലേക്ക് മനുഷ്യനെ പിടിച്ചുയര്‍ത്താന്‍ എല്ലാ മതങ്ങളും സംസ്‌കാരങ്ങളും ഒരു പോലെ സഹായിച്ചു. ഇന്ന് മതം വൈരത്തിന്റെയും കിടമത്സരത്തിന്റെയുമായി മാറി, ഒന്നായി ആഘോഷിച്ചിരുന്നവക്ക് വേലി കെട്ടി തിരിച്ചു താന്താങ്ങളുടെ മത വിശ്വാസികള്‍ക്ക് പരിമിത പ്പെടുത്തി. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും, മുസ്ലിംകള്‍ക്ക് മാത്രമെന്നുമൊക്കെ ബോര്‍ഡുകള്‍ പൊങ്ങി..
അയല്‍വാസിയെ ബഹുമാനിക്കാന്‍ പഠിപ്പിച്ചവര്‍ വീടിനകത്തു തന്നെ ഭിത്തികെട്ടി തിരിച്ചു, ഒരേ വീടിന്റെ അപ്പുറത്തു നോമ്പും ഇപ്പുറത്തു പെരുന്നാളുമായി ആഘോഷിച്ചു. മതവും വിശ്വാസവുമൊക്കെ കച്ചവടവല്‍ക്കരിച്ചു.
മനുഷ്യന്‍ അടിസ്ഥാനമായി ഉള്‍ക്കൊള്ളേണ്ട മര്യാദ, സ്വഭാവ രീതി എന്നിവയിലൊക്കെ വേഷഭൂഷാതികളിലേക്ക് പരിമിതപ്പെടുത്തി, മതം മഹിതമായ സ്വഭാവ സംജ്ഞ യാണെന്ന് പറഞ്ഞു പ്രസംഗിച്ചര്‍ തന്നെ പരസ്യ തെറിയഭിഷേക മത്സരത്തിന്റെ ചുക്കാന്‍ പിടിച്ചു..
മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. ആരെയും വെറുക്കാനല്ല സ്‌നേഹിക്കാനാണ് പഠിപ്പിക്കേണ്ടത്, കൊല്ലാനല്ല ജീവിക്കാനാണ് സഹായിക്കേണ്ടത്, പഠിപ്പ് മുടക്കാനല്ല പഠിക്കാനാണ് ശ്രമിക്കേണ്ടത്, പരാജയപെടുത്താനല്ല വിജയിപ്പിക്കാനാണ് പ്രാര്ഥിക്കേണ്ടത്.
വിശുദ്ധ ഗ്രന്ഥങ്ങള്‍ മുന്നോട്ടു വെക്കുന്ന സ്വഭാവ രൂപീകരണത്തിലാവണം ശ്രദ്ധയൂന്നേണ്ടത്.
ഒരാളുടെ പുഞ്ചിരിയില്‍ ആനന്ദിക്കണം അയാളുടെ ആര്‍ത്തനാദത്തിലല്ല, ജീവിത ആസ്വദിക്കുക എന്ന് വെച്ചാല്‍ എല്ലാവരും സമാധാനമായി ജീവിക്കുന്ന സാഹചര്യത്തിലെ അത് സാധ്യമാവൂ. ഒരാള്‍ താങ്കളെ പരിഹസിച്ചാല്‍ താങ്കള്‍ അവരോടൊപ്പ മിരിക്കേണ്ട എന്നതാണ് ഖുര്‍ആന്‍ പ്രവാചകനോട് ആജ്ഞാപിച്ചതു, അല്ലാതെ ഒന്ന് ഇങ്ങോട്ട് പറഞ്ഞാല്‍ രണ്ടു അങ്ങോട്ട് പറഞ്ഞാലേ ശരിയാവൂ എന്നതല്ല ഇസ്ലാമിക തത്വം, അനാവശ്യ വിവാദങ്ങളില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മാറി നില്‍ക്കുക. മത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ആത്മ സംയമനം പാലിച്ചു മുന്നോട്ട് പോകുക. നാം മലയാളികള്‍ക്ക് ഒരു സ്വഭാവ ഗുണമുണ്ടായിരുന്നു, അത് പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനുമുള്ള മാനസിക വിശാലതയായിരുന്നു
നമുക്ക് ഒന്ന് കൂടി ശ്രമിച്ചാല്‍ ആ പഴയ കാല നന്മയിലേക്കു    തിരിച്ചു പോകാന്‍  കഴിയില്ലേ, കഴിയണം!
മതവും രാഷ്ട്രീയവും, വര്‍ണവും ഭാഷയ്‌ക്കൊക്കെ നമ്മുടെ സ്വകാര്യതയാക്കി നമുക്ക് ഒന്നായി ജീവിച്ചു കൂടെ മനുഷ്യനായി.. പരസ്പരം പുഞ്ചിരിക്കുന്ന ജീവികളായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.