2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നവാസ് ശരീഫിന്റെ തിരിച്ചുവരവ്; പാകിസ്താനില്‍ പ്രതിപക്ഷ വേട്ട 

ഇസ്‌ലാമാബാദ്: ലണ്ടനില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി രാജ്യത്തേക്ക് തിരിച്ചുവന്ന് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് വന്നതോടെ പ്രതിപക്ഷ വേട്ട ശക്തമാക്കി ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. 
കഴിഞ്ഞദിവസം നവാസ് ശരീഫിന്റെ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ്(നവാസ്) പ്രസിഡന്റുമായ ശഹബാസ് ശരീഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയും സഹോദരിയും എം.പിയുമായ ഫര്‍യാല്‍ തല്‍പുരും കള്ളപ്പണം വെളുപ്പിച്ച കേസില്‍ കുറ്റക്കാരാണെന്ന് പാക് കോടതി വിധിച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. 
നേരത്തെ തിരിച്ചുവരവ് പ്രഖ്യാപിച്ചയുടനെ നവാസ് ശരീഫിനെതിരേ പാക് സര്‍ക്കാര്‍ അഴിമതിക്കേസില്‍ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിരുന്നു. ജയിലിലായിരുന്ന നവാസ് ശരീഫിനെ വിദഗ്ധ ചികില്‍സയുടെ പേരില്‍ ലണ്ടനിലേക്കു പോകാന്‍ അനുവദിച്ചത് വലിയ അബദ്ധമായിരുന്നുവെന്ന് അടുത്തിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 
കള്ളപ്പണം വെളുപ്പിച്ച കേസിലാണ് സര്‍ദാരിയും സഹോദരിയും കുറ്റക്കാരാണെന്ന് പാകിസ്താനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചത്. അതേസമയം ഇത് രാഷ്ട്രീയ പ്രതികാരമാണെന്നും സര്‍ദാരിയും സഹോദരിയും കഴിഞ്ഞ രണ്ടുവര്‍ഷമായി കോടതിയില്‍ ഹാജരാകുന്നുണ്ടെന്നും പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടി(പി.പി.പി) ചെയര്‍മാനും സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. 
ഇമ്രാന്‍ഖാന്റെ രാജിയാവശ്യപ്പെട്ട് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അടുത്ത മാസം വന്‍ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിട്ട സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ അഴിമതിക്കേസില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നത്. അടുത്ത മാസം നടക്കുന്ന പരിപാടിയിലേക്ക് നവാസ് ശരീഫിനെയും ക്ഷണിച്ചിരുന്നു.  
അതിനിടെ കഴിഞ്ഞദിവസം ലാഹോര്‍ ഹൈക്കോടതി പരിസരത്തുനിന്നും പൊലിസ് കസ്റ്റഡിയിലെടുത്ത ശഹബാസ് ശരീഫിനെ 14 ദിവസത്തേക്ക് നാഷനല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. 
700 കോടിയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് എന്‍.എ.ബി ശഹബാസിനെ അറസ്റ്റ് ചെയ്തത്. 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.