
മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിക്ക് വിഷം നല്‍കിയത് ഹോട്ടല്‍ റൂമില്‍ വച്ചാണെന്നും റൂമില്‍നിന്നു കണ്ടെത്തിയ വെള്ളകുപ്പിയില്‍ നൊവിചൊക് അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ടീം അംഗങ്ങളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു എന്നാണ് നവല്‍നിയുടെ ടീം ആരോപിക്കുന്നത്. സൈബീരിയന്‍ നഗരമായ ടോംസ്കില് നവല്‍നി താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്നു കണ്ടെത്തിയ കുപ്പിവെള്ളത്തില്‍ ജര്‍മന്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ നൊവിചൊക് അംശം കണ്ടെത്തിയതായാണ് വിവരം.
ഓഗസ്റ്റ് 20ന് സൈബീരിയയിലെ ടോംസ്കില് നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നവല്‍നി കുഴഞ്ഞുവീഴുകയായിരുന്നു. വിമാനം അടിയന്തരമായി ഇറക്കി ഓംസ്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവല്‍നിയെ പിന്നീട് ജര്‍മനിയിലേക്ക് മാറ്റുകയായിരുന്നു. വിമാനത്താവളത്തിലെ കഫേയില്‍നിന്ന് കുടിച്ച ചായയില്‍ വിഷം കലക്കി നല്‍കുകയായിരുന്നു എന്നാണ് നേരത്തെ ഉയര്‍ന്ന സംശയിച്ചിരുന്നത്. എന്നാല്‍ നവല്‍നിയുടെ ശരീരത്തില്‍ വിഷാംശം ചെന്നതിന്റെ ലക്ഷണമില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ശക്തനായ വിമര്‍ശകനായ അലക്സി നവല്‍നിയെ റഷ്യന്‍ രഹസ്യാന്വേഷണസംഘം അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കുടുംബവും അനുയായികളും ആരോപിക്കുന്നത്. ജര്‍മനിയില്‍ ചികിത്സയില്‍ കഴിയുന്ന നവല്‍നിയുടെ നില മെച്ചപ്പെട്ടുവരുന്നതാണ് റിപ്പോര്‍ട്ട്.