2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നല്ല മനുഷ്യന്‍, നല്ല കലാകാരന്‍

ശ്രീകുമാരന്‍ തമ്പി

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മാതൃഭാഷ തെലുങ്കാണ്. ആന്ധ്രയിലെ നെല്ലൂരിലാണ് ജനനം. ഗായകനായ പിതാവ് പാടിയ പാട്ടുകള്‍ കേട്ടാണ് എസ്.പി.ബി പാട്ടുകള്‍ പഠിക്കുന്നത്. യേശുദാസിനെയോ മറ്റു പാട്ടുകാരെയോ പോലെ ശാസ്ത്രീയ സംഗീതം അദ്ദേഹം പഠിച്ചിരുന്നില്ല. സാധാരണ പാട്ടുകാര്‍ ശാസ്ത്രീയ സംഗീതം പഠിച്ചിട്ട് പാട്ടുപാടി, ഞാന്‍ പാടിയിട്ട് ശാസ്ത്രീയ സംഗീതം പഠിച്ചുവെന്ന് ബാലു പറയാറുണ്ട്. എന്‍ജിനീയറിങ്ങിന് ഞാന്‍ പഠിച്ച മദ്രാസിലെ കോളജിലെ ജൂനിയര്‍ കൂടിയായിരുന്നു എന്ന ബന്ധവും അദ്ദേഹവുമായുണ്ട്. അന്ന് എന്നെ ബാലുവിന് അറിയാമായിരുന്നു. കാരണം കോളജിലെ സീനിയറായിരുന്നു. നല്ല മാര്‍ക്കോടു കൂടി പാസായിരുന്നു. ഇക്കാര്യങ്ങള്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടാണ് ബാലു മനസിലാക്കിയത്. എന്റെ പാട്ടുപാടാനായി വന്നപ്പോഴാണ് ബാലു ഈ വിവരം പറഞ്ഞത്. അപ്പോഴാണ് ഞങ്ങള്‍ ഒരു കോളജിലായിരുന്നു പഠിച്ചതെന്ന് തിരിച്ചറിഞ്ഞത്. രണ്ടു പേരും എന്‍ജിനീയര്‍മാരാവാന്‍ വന്നവരാണ്. ഞാന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹം ഇടയ്ക്കുവച്ച് പഠനം നിര്‍ത്തി സംഗീതത്തിലേക്ക് മടങ്ങി. മദ്രാസില്‍ തന്നെയായിരുന്നു താമസം.

ഏതു ഭാഷയും സ്വായത്തമാക്കാനുള്ള അസാമാന്യ ശേഷി എസ്.പി.ബിക്കുണ്ടായിരുന്നു. തമിഴ്, കന്നഡ, തെലുങ്ക് സംഗീത രംഗത്ത് ബാലുവിന് നിര്‍ണായക പങ്കാണുള്ളത്. ഞാന്‍ കന്നഡയില്‍ ഒരു സിനിമ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിലെ എല്ലാ പാട്ടുകളും പാടിയത് അദ്ദേഹമാണ്. മലയാളത്തില്‍ ബാലു ആദ്യമായി പാടിയത് വയലാര്‍ എഴുതിയ ‘ഈ കടലും മറുകടലും’ എന്ന പാട്ടാണ്, കടല്‍പ്പാലം എന്ന സിനിമയില്‍. പക്ഷേ 1970- 71ല്‍ ഞാന്‍ എഴുതിയ ‘നീല സാഗര തീരം’ എന്നതാണ് അദ്ദേഹം രണ്ടാമത് പാടിയ പാട്ട്, യോഗമുള്ളവര്‍ എന്ന സിനിമയില്‍. ഈ പാട്ടിന്റെ റിഹേഴ്‌സലിനായി എത്തിയപ്പോള്‍ എന്നെ പരിചയപ്പെടുത്തുന്നതിനിടെ എസ്.പി.ബി പറഞ്ഞു, മുന്‍പേ അറിയാം ഞങ്ങള്‍ ഒരു കോളജിലാണ് പഠിച്ചിരുന്നത്, സീനിയറാണെന്ന്. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. നല്ല ഓര്‍മശക്തിയുള്ളയാളായിരുന്നു അദ്ദേഹം. മൂന്ന് ഭാഷകളില്‍ 40,000ല്‍ കൂടുതല്‍ പാട്ടുകള്‍ പാടിയിരുന്നു. ഇത് നിസ്സാര കാര്യമല്ല. ഇന്ത്യയില്‍ അദ്ദേഹം പാടാത്ത ഭാഷകള്‍ വളരെ കുറവാണ്. ഹിന്ദിയില്‍ വളരെ മികച്ച പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. ലതാ മങ്കേഷ്‌കറിനൊപ്പം വളരെ സുന്ദരമായ പാട്ടുകള്‍ പാടിയിട്ടുണ്ട്.

എന്റെ അനുഭവത്തില്‍ കലാകാരന്മാരുടെ കൂട്ടത്തില്‍ നല്ല മനുഷ്യരായിട്ടുള്ളവര്‍ വളരെ കുറവാണ്. പലരും നല്ല കലാകാരനായിരിക്കും, പക്ഷേ നല്ല മനുഷ്യനായിരിക്കില്ല. ഒന്നുകില്‍ വന്ന വഴി മറക്കുന്നവന്‍, തന്നോളമില്ലാത്തവനോട് പുച്ഛം കാട്ടുന്നവര്‍ തുടങ്ങിയവരായിരിക്കും. പക്ഷേ ബാലുവിനെ പോലെ വിനയമുള്ള മനുഷ്യര്‍ കുറവാണ്. ചായ കൊണ്ടുവരുന്നവരോടു പോലും മോനേ, അനിയാ, തമ്പി എന്നേ വിളിക്കാറുള്ളൂ. യാതൊരു ജാഡയുമുണ്ടായിരുന്നില്ല. കൃത്യസമയത്തെത്തിയിട്ടില്ലെങ്കില്‍ ഞാന്‍ താമസിച്ചുപോയെന്ന് ക്ഷമാപണം നടത്തും. ഇത്തരത്തില്‍ നന്മയുടെ പ്രതീകമായിരുന്നു. ബാലുവിനോട് ഞാന്‍ ആവശ്യപ്പെട്ടതിനോട് അദ്ദേഹം ഒരിക്കലും നോ പറഞ്ഞിരുന്നില്ല.

എന്റെ നല്ല സ്‌നേഹിതനായിരുന്നു എസ്.പി.ബി. രണ്ട് ലോകങ്ങളായതിനാല്‍ വല്ലപ്പോഴുമേ കണ്ടുമുട്ടാറുള്ളൂ. എപ്പോഴെങ്കിലും കണ്ടുമുട്ടിയില്‍ മടിച്ചുനില്‍ക്കാതെ ഓടിവരും. നമ്മള്‍ അങ്ങോട്ടു ചെല്ലുന്നതുവരെ കാത്തുനില്‍ക്കുകയൊന്നുമില്ല. സ്റ്റുഡിയോവിലൊക്കെ നില്‍ക്കുമ്പോള്‍ പുറത്തു നിന്നൊരടിയായിരിക്കും, തിരിഞ്ഞുനോക്കുമ്പോള്‍ ബാലുവാകും. നിഷ്‌കളങ്കമായ അടുപ്പമാണുണ്ടായിരുന്നത്. വിമാനത്താവളത്തിലോ മറ്റെവിടെയെങ്കിലും കണ്ടുമുട്ടിയാല്‍ കുറച്ചു മാത്രം സംസാരിച്ച് എന്നാ ശരി എന്നു പറഞ്ഞു പിരിയാന്‍ ശ്രമിക്കുമ്പോള്‍ ബാലു പറയും ‘എന്നാ ശരി, എത്ര നാളിനു ശേഷമാണ് കണ്ടുമുട്ടുന്നത്. അവിടെയിരിക്ക്, കുറച്ച് സംസാരിച്ചിട്ട് പോകാം.

സര്‍വകലാ വല്ലഭന്‍ എന്നത് ബാലുവിന് ഏറ്റവും അനുയോജ്യമാണ്. മികച്ച ഗായകന്‍. ക്ലാസിക്കല്‍ സംഗീതം പാടാതെ ക്ലാസിക്കല്‍ പാടും. ഇംഗ്ലീഷ് സംഗീതം പാടാതെ ഇംഗ്ലീഷ് പാടും. എന്റെ ‘ആക്രമണം’ എന്ന സിനിമയില്‍ ലില്ലി ലില്ലി മൈ ഡാര്‍ലി… എന്ന ഇംഗ്ലീഷ് ഗാനം പാടിയിട്ടുണ്ട്. ഇംഗ്ലീഷ് പാടുമ്പോള്‍ മൈക്കല്‍ ജാക്‌സന്‍ പാടിയതാണെന്ന് തോന്നും. ഹിന്ദി പാട്ട് പാടുമ്പോള്‍ ഹിന്ദിക്കാരന്‍ പാടിയതാണെന്ന് തോന്നും. കന്നഡക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ഇതു പോലെ ശുദ്ധമായ കന്നഡ ഭാഷ അവര്‍ പോലും പറയില്ലെന്ന്. എന്നോട് ബാലു പറഞ്ഞിട്ടുണ്ട് ‘ഐ തിങ്ക് യുവര്‍ ലാഗ്വേജ് ഈസ് ദ ടഫസ്റ്റ് ഇന്‍ ദ എന്റൈര്‍ വേള്‍ഡ് ‘എന്ന്. മലയാളം പോലെ പ്രയാസമായ മറ്റൊരു ഭാഷ ലോകത്തില്ലെന്ന്. മറ്റെല്ലാം പെട്ടെന്ന് പഠിക്കും പക്ഷേ മലയാളമാണ് വഴങ്ങാത്ത ഭാഷയായിട്ടുള്ളത്. എന്നാല്‍, മലയാളത്തില്‍ നാല്‍പതോളം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. എന്റേത് തന്നെ പന്ത്രണ്ടോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

ഏതുതരത്തിലുള്ള പാട്ടും ബാലുവിനെ ധൈര്യമായി ഏല്‍പ്പിക്കാന്‍ സാധിക്കും. യേശുദാസിനെയും ബലുവിനെയും ഞാന്‍ പാടിച്ചിട്ടുണ്ട്. ബാലുവിനെ തനിച്ചും, ജാനകിക്കൊപ്പവും കൂടാതെ ബാലുവും അവന്റെ സഹോദരി എസ്.പി ശൈലജയുമായും പാടിച്ചിട്ടുണ്ട്. മലയാളത്തില്‍ അത്രയില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ എന്നീ മൂന്ന് ഭാഷകളില്‍ ബാലുവിന്റെ അസാന്നിധ്യം നിഴലിച്ചുനില്‍ക്കും. വേറെ പാട്ടുകാരൊക്കെ വന്നിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ബാലുവാകാന്‍ പറ്റില്ല.

നൂറിലധികം സിനിമകളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്. നായകനായിട്ടും അച്ഛനായിട്ടും മികച്ച കൊമേഡിയനായിട്ടുവരെ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് വരെ ചെയ്തിട്ടുണ്ട്. ഞാന്‍ വലിയ ആളാണെന്ന് പറഞ്ഞു മാറി നിന്നിട്ടില്ല. തമിഴിലെ ചില സിനിമകള്‍ തെലുങ്കിലേക്ക് മാറ്റിയപ്പോള്‍ അതിലെ പല നായകരുടെയും ശബ്ദം നല്‍കിയത് ബാലുവാണ്. തമിഴിലെ പല സിനിമകളും തെലുങ്കിലേക്ക് ഡബ്ബിങ് ചെയ്യാറുണ്ട്. തെലുങ്കില്‍ മികച്ച രീതിയില്‍ ആ സിനിമകള്‍ പ്രദര്‍ശനം നടക്കാറുമുണ്ട്.

സിനിമ നിര്‍മിച്ചപ്പോള്‍ അതു വേണ്ട, നഷ്ടം വരുമെന്ന് ബാലു ഉപദേശിച്ചിരുന്നു. എന്നാല്‍ അതേ തെറ്റ് ബാലു പിന്നെ ചെയ്തു, സ്വന്തം മകനു വേണ്ടി. പ്രതീക്ഷിച്ചതുപോലെ ഗായകനായി ഉയരാതിരുന്നപ്പോഴാണ് ഇത്. എനിക്കുണ്ടായതു പോലെ ബാലുവിനും സാമ്പത്തിക നഷ്ടമുണ്ടായി. ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു സിനിമയെടുക്കരുതെന്ന് നിങ്ങള്‍ എന്നെ ഉപദേശിച്ചില്ലേ. അപ്പോള്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി പറഞ്ഞു ഫേറ്റ് (വിധി) എന്നു പറഞ്ഞു. ഇപ്പോഴുണ്ടായിരിക്കുന്നതും അവന്റെ യാത്രയിലെ ഫേറ്റാണ്. 74 വയസു മാത്രമേയുള്ളൂ. എന്നെക്കാള്‍ ആറു വയസിന് ചെറുപ്പമാണ്. അന്ന് ബാലു ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചതുപോലെ ഞാനും ആകാശത്തേക്ക് വിരല്‍ ചൂണ്ടുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.