2022 June 29 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

നന്മ സ്‌റ്റോറുകള്‍ മാത്രമല്ല; കണ്‍സ്യൂമര്‍ ഫെഡും നിര്‍ത്തണം


കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 750 നന്മ സ്‌റ്റോറുകള്‍ പൂട്ടുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ എം രാമനുണ്ണി അറിയിച്ചിരിക്കുകയാണ്. വെള്ളാനകള്‍ മേയുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളിലൊന്നാണ് കണ്‍സ്യൂമര്‍ ഫെഡ്. ടോമിന്‍ തച്ചങ്കരി എം.ഡിയായി വന്ന് കണ്ണീരൊഴുക്കി പോയത് കൊണ്ടും സ്ഥാപനം രക്ഷപ്പെട്ടില്ല. കെടുകാര്യസ്ഥതകൊണ്ടും അഴിമതി കൊണ്ടും കണ്‍സ്യൂമര്‍ ഫെഡിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ നന്മ സ്‌റ്റോറുകള്‍ പൂട്ടുന്നതു കൊണ്ടെന്തു ഫലം?
സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിലധികം നന്മ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിമാസം അയ്യായിരം രൂപയില്‍ കൂടുതല്‍ വിറ്റുവരവ് നടക്കാത്ത പല സ്‌റ്റോറുകളും ഉണ്ട്. ദിവസം നൂറുരൂപയ്ക്ക് പോലും വിറ്റുവരവ് നടക്കുന്നില്ല. ഒരു മുറുക്കാന്‍ കടയില്‍പോലും ദിവസം ആയിരം രൂപയുടെ വിറ്റുവരവ് നടക്കും. ഒരോ നന്മ സ്‌റ്റോറുള്‍ക്ക് വേണ്ടിയും പ്രതിമാസം 20,000 രൂപയോളം വരെ ഫെഡിനു ചെലവാക്കേണ്ടിവരുന്നു. ശമ്പളം, വൈദ്യുതി, യാത്രപ്പടി എന്നീ ഇനങ്ങളിലാണ് ഇത്രയും തുക ചെലവാക്കുന്നത്. യാതൊരു സാധ്യതാപഠനവും നടത്താതെ മുക്കിലും മൂലയിലും നന്മ സ്‌റ്റോറുകള്‍ ആരംഭിച്ചതിന്റെ ദുരന്തവും കൂടിയാണിത്. 418 കോടി രൂപയുടെ നഷ്ടത്തിലാണ് കണ്‍സ്യൂമര്‍ ഫെഡ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് എം.ഡി തന്നെ  സമ്മതിക്കുമ്പോള്‍ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും ആ സ്ഥാപനത്തില്‍ കൊടികുത്തിവാഴുകയാണെന്നല്ലേ കരുതേണ്ടത്.
2014 മുതല്‍ കണ്‍സ്യൂമര്‍ ഫെഡ് ഊര്‍ദ്ധശ്വാസം വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്ഥാപനത്തെ രക്ഷിക്കാന്‍ ക്രിയാത്മകമായ ഒരു പരിപാടിയും നേരത്തേ യു.ഡി.എഫ് സര്‍ക്കാര്‍ ഭാഗത്തുനിന്നോ സ്ഥാപനാധികാരികളില്‍ നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരും ഈ സ്ഥാപനത്തെ എങ്ങനെ രക്ഷിച്ചെടുക്കാമെന്നതിനെക്കുറിച്ച് ഗൗരവപൂര്‍ണമായ ചിന്തയിലേക്ക് വന്നിട്ടില്ല.
കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ നിന്നും നിര്‍ധനരായ സാധാരണക്കാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത്, കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ത്രവേണി, നീതി സ്‌റ്റോര്‍ എന്നിവയിലൂടെയായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം 2015 ല്‍ നിലച്ചതും അഴിമതിയുടെ പേരില്‍ അന്നത്തെ എം.ഡിയായിരുന്ന വി സതീശന്‍ സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ ഡയറക്ട് ബോര്‍ഡ് ഇടപെട്ട് തിരിച്ചെടുത്തതും എം.ഡി സതീശന്റെ സ്ഥാനമൊഴിയലിലാണ് കലാശിച്ചത്. രണ്ടുവര്‍ഷം മുന്‍പുതന്നെ കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള പല സ്ഥാപനങ്ങളും പൂട്ടിത്തുടങ്ങിയിരുന്നു. നാലുജില്ലകളിലായി എട്ടു ത്രിവേണി സ്‌റ്റോറുകളും രണ്ട് ഗോഡൗണുകളും സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കാത്തതു കാരണം പൂട്ടി. ഫെഡിന് നേരത്തേ ആയിരം നന്മ സ്‌റ്റോറുകളും മുന്നൂറോളം ത്രിവേണി സ്‌റ്റോറുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡയറക്ടറേറ്റ് ബോര്‍ഡിലെ അംഗങ്ങളുടെ താല്‍പര്യത്തിനൊത്ത് നന്മ സ്‌റ്റോറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. മുക്കിലും മൂലയിലും നന്മ സ്‌റ്റോറുകളും ത്രിവേണി സ്‌റ്റോറുകളും പൊന്തിവരാന്‍ തുടങ്ങി. ഇവര്‍ക്കൊക്കെ ശമ്പളം നല്‍കാനുള്ള വരുമാനം പോലും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചതുമില്ല. അഞ്ഞൂറു രൂപയില്‍ താഴെ മാത്രം വില്‍പന നടക്കുന്ന നന്മ സ്‌റ്റോറുകളില്‍ രണ്ടും മൂന്നും ജീവനക്കാരെ കണ്‍സ്യൂമര്‍ ഫെഡ് നിയമിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഏനാക്ക്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പറവൂര്‍, തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരി, ചാലക്കുടി, വെള്ളറട, പാങ്ങോട് എന്നിവിടങ്ങളിലെ ത്രിവേണി സ്‌റ്റോറുകള്‍ക്കു നേരത്തെ തന്നെ താഴ് വീണതാണ്. തൃശൂര്‍, ബാലരാമപുരം ഗോഡൗണുകളും നേരത്തേ തന്നെ പൂട്ടിയിരുന്നു. ഭീമമായ വാടക നല്‍കി ഇത്തരം ഗോഡൗണുകളില്‍ ശൂന്യത നിറച്ചുകൊണ്ട് നിലനിര്‍ത്തേണ്ട ഒരാവശ്യവുമില്ല. ഇനിയും ഇത്തരം ഗോഡൗണുകളും ത്രിവേണി സ്‌റ്റോറുകളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. എം.ഡി. രാമനുണ്ണി പറയുന്ന നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 750 നന്മ സ്‌റ്റോറുകള്‍ നിര്‍ത്തുന്നതു കൊണ്ടൊന്നും കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷിക്കാന്‍ കഴിയില്ല. കോടികളുടെ കടം തലയിലേറ്റി നില്‍ക്കുന്ന കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷിക്കാന്‍ 750 നന്മ സ്‌റ്റോറുകള്‍ പൂട്ടുന്നതു കൊണ്ടെന്തു ഫലം?
1967 ലാണ് കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ചത്. അമിതമായ വിലക്കയറ്റത്തില്‍ നിന്നും കരിഞ്ചന്തയില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് സ്ഥാപനം തുടങ്ങിയത്. ദിവസം മുപ്പതിനായിരം രൂപയുടെ വരുമാനം വരെ ഉണ്ടായിരുന്നു. ആരംഭത്തില്‍ സ്ഥാപനം വളര്‍ത്തിക്കൊണ്ടുവരേണ്ടതിനു പകരം കറവപ്പശുവാക്കാനാണ് ഉദ്യോഗസ്ഥന്‍മാര്‍ ശ്രമിച്ചത്. വിപണിവിലയേക്കാളും കുറഞ്ഞവിലക്ക് കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും സാധനങ്ങള്‍ ലഭ്യമാകാന്‍ തുടങ്ങിയപ്പോള്‍ വിപണിവില താഴോട്ടുവന്നു. ഒരര്‍ഥത്തില്‍ അന്നൊക്കെ വിപണിയെ നിയന്ത്രിച്ചത് കണ്‍സ്യൂമര്‍ ഫെഡായിരുന്നു. അത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി നിലനിന്ന ഒരു സ്ഥാപനത്തെയാണ് ജീവനക്കാരും ഉദ്യോഗസ്ഥരും ഡയറക്ട് ബോര്‍ഡും ചേര്‍ന്ന് നശിപ്പിച്ചത്. പ്രതീക്ഷയോടെ നന്മ സ്‌റ്റോറുകളിലേക്കും ത്രിവേണി സ്‌റ്റോറുകളിലേക്കും കയറിച്ചെല്ലുന്ന ഉപഭോക്താവ് ഒഴിഞ്ഞ റാക്കുകള്‍ കണ്ട് നിരാശയോടെ മടങ്ങിപ്പോവുകയാണിന്ന്.
2014 ലെ ഓണത്തിനു ശേഷം കണ്‍സ്യൂമര്‍ ഫെഡിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിട്ടില്ല. തിന്നുമുടിക്കുന്ന ഒരു സ്ഥാപനത്തിന് എന്തിന്റെ ബലത്തിലാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുക? ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുവാന്‍ പ്രയാസപ്പെടുമ്പോഴും പുതിയ നിയമനങ്ങള്‍ മുറക്ക് നടക്കുകയായിരുന്നു സ്ഥാപനത്തില്‍. കൈക്കൂലി വാങ്ങിയാണ് ഓരോ ദിവസവും ജീവനക്കാരെ നിയമിച്ചുകൊണ്ടിരുന്നത്. 2012 ന് ശേഷം ഒരാവശ്യവുമില്ലാതെ 4500 ജീവനക്കാരെയാണ് പുതുതായി നിയമിച്ചത്. ഇവര്‍ക്ക് ഇരിപ്പിടം നല്‍കാനായിരുന്നു മുക്കിന് മുക്കിന് നന്മ സ്‌റ്റോറുകള്‍ ആരംഭിച്ചത്.
ഒരു പഞ്ചായത്തില്‍ ഒരു നന്മ സ്‌റ്റോര്‍ എന്ന നയം അട്ടിമറിച്ച് ഓരോ വാര്‍ഡിലും നന്മ സ്‌റ്റോറുകള്‍ തുടങ്ങിയതില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡിന്റെ തകര്‍ച്ചയുടെ ആരംഭം കുറിച്ചു. ഇതിനൊക്കെ പുറമേ മാനേജര്‍ ട്രെയ്‌നീസ് എന്ന പേരില്‍ കുറേപ്പേരെ നിയമിച്ചിട്ടുണ്ട്. ഒരു പണിയുമില്ലാതെ കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങളില്‍ നാലായിരത്തിലധികം പേര്‍ വെറുതേ കുത്തിയിരിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ ശമ്പളം നല്‍കാനായി മാത്രം പ്രതിമാസം 40 കോടി രൂപയോളം ചെലവുവരും. അവിഹിത മാര്‍ഗത്തിലൂടെ സ്ഥാപനത്തില്‍ നിയമിച്ചവരെ മുഴുവന്‍ പിരിച്ചുവിടാതെ നന്മ സ്‌റ്റോറുകള്‍ മാത്രം നിര്‍ത്തലാക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല.
കണ്‍സ്യൂമര്‍ ഫെഡിനെ നശിപ്പിച്ചുകൊണ്ടിരുന്ന വെള്ളാനകളെ പറഞ്ഞുവിടുക തന്നെ വേണം. അഴിമതിയില്‍ മുച്ചൂടും നശിച്ച ഈ സ്ഥാപനത്തിനു പകരം നിര്‍ധനരായ ജനങ്ങള്‍ക്ക് മിതമായ വിലക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാകുന്ന മറ്റൊരു സ്ഥാപനമാണ് ഉയര്‍ന്നുവരേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.