
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പര്യടനം നടത്തി. രാവിലെ തമ്പാനൂര്‍ അയ്യപ്പക്ഷേത്ര പരിസരത്ത് വി.എസ് ശിവകുമാര്‍ എം.എല്‍.എ പര്യടനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് കരിമഠം കോളനിയിലെത്തി. ഉച്ചവിശ്രമത്തിന് ശേഷം മണക്കാട് മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നും ആരംഭിക്കുമ്പോള്‍ മുദ്രാവാക്യം വിളിയോടെ തൊഴിലാളികള്‍ സ്വീകരണം നല്കി. അവര്‍ക്കായി ചെറുപ്രസംഗം. സെല്‍ഫിയെടുക്കാന്‍ നിന്നവരെ നിരാശപ്പെടുത്താതെ അവര്‍ക്കൊപ്പം ചേര്‍ന്നു ജഡ്ഷനില് നിന്നവരോട് വോട്ട് അഭ്യര്‍ഥിച്ചു അടുത്ത കേന്ദ്രത്തിലേക്ക്. വള്ളക്കടവ് ജങ്ഷനായിരുന്നു അവസാന പര്യടന കേന്ദ്രം. ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും യു.ഡി.എഫിന്റെ വിശ്വാസികളോടൊപ്പമുള്ള നിലപാടും വിശദീകരിച്ചും തരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളും കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ചര്‍ച്ചയാക്കിയുമാണ് പര്യടനം പുരോഗമിക്കുന്നത്.
ഇന്ന് പാറശ്ശാല മണ്ഡലത്തില്‍ ശശി തരൂര്‍ പര്യടനം നടത്തും. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് തമ്പാനൂര്‍ രവിയുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രീകരിച്ചുള്ള അവലോകന യോഗങ്ങള്‍ നടന്നു.