2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍; പ്രതിഷേധവുമായി യുവജന സംഘടനകള്‍

പാലക്കാട്: നഗരസഭാ മന്ദിരത്തിനു മുകളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജയ്ശ്രീറാം എന്ന മുദ്രാവാക്യം പതിച്ച ബാനറും പ്രധാനമന്ത്രി മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറും ഉയര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭാ മന്ദിരത്തിനു മുകളില്‍ ദേശീയ പതാക ഉയര്‍ത്തി. വര്‍ഗീയതക്കെതിരേ ദേശീയ പതാക എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ കെട്ടിടത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത്.
അതേ സമയം ദേശീയ പതാകയുമായി നഗരസഭയിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് പൊലിസ് ആര്‍.എസ്.എസിന്റെ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ജയ്ശ്രീരാം എന്നെഴുതിയ ബാനര്‍ വച്ച സംഭവത്തില്‍ ശക്തമായ നടപടിവേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലിസ് കേസെടുത്തെങ്കിലും ലളിതമായ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ഐ.പി.സി 153 വകുപ്പാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ആര്‍.എസ്.എസ് നടത്തിയ നീക്കത്തെ പൊലിസ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ലഘുവായി സമീപിക്കുന്നവെന്നാണ് പരാതി ഉയരുന്നത്. അതേസമയം, ആര്‍.എസ്.എസ് നഗരസഭാ മന്ദിരത്തില്‍ വര്‍ഗീയ ബാനര്‍ വച്ചതില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും പൊലിസില്‍ പരാതി നല്‍കി. പ്രതിഷേധത്തിന് ദേശീയ പതാക ഉപയോഗിച്ചുവെന്നാണ് ബി.ജെ.പിയുടെ പരാതി.
ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുകയാണെന്നാരോപിച്ച് ഇന്നലെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തില്‍ കര്‍ശന നടപടിയാവശ്യപ്പെട്ട് എന്‍.സി.എച്ച്.ആര്‍.ഒ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിനു പിന്നാലെയാണ് പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളില്‍ നിയമത്തെ വെല്ലുവിളിച്ച് പട്ടാപ്പകല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജയ്ശ്രീറാം എന്ന മുദ്രാവാക്യം പതിച്ച ബാനറും പ്രധാനമന്ത്രി മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറും ഉയര്‍ത്തിയത്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ ബാനറോ പതിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രകോപനപരമായ നീക്കം നടത്തിയതെന്നും ഈ അക്രമത്തിനെതിരേ കര്‍ശനടപടി സ്വീകരിക്കണമെന്നും എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.