2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നഗരങ്ങളിൽ റഷ്യൻ മിസൈൽ വർഷം; നിരവധി പേർ കൊല്ലപ്പെട്ടെന്ന് ഉക്രൈൻ

   

കീവ്
തലസ്ഥാനമായ കീവിലടക്കം പ്രധാന നഗരങ്ങളിൽ റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയതോടെ നിരവധി പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ അധികൃതർ. കീവിനു പുറമെ ലിവീവിലും ഖാർകീവിലുമാണ് അധിനിവേശ സേന കഴിഞ്ഞ ദിവസം മിസൈൽ വർഷിച്ചത്. പടിഞ്ഞാറൻ നഗരമായ ലിവീവിലെ വിമാനത്താവളത്തിലും റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇവിടുത്തെ വിമാന അറ്റകുറ്റപ്പണി പ്ലാന്റിലും മിസൈൽ പതിച്ചതായി മേയർ ആൻഡ്രി സദോവി പറഞ്ഞു. മറ്റൊരു നഗരമായ മരിയോപോളിൽ റഷ്യൻ സേനയും ഉക്രൈൻ വിമതസേനകളും ചേർന്ന് ആക്രമണം കടുപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കീവിലെ പാർപ്പിട സമുച്ചയത്തിൽ റഷ്യൻ റോക്കറ്റ് പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ ഇവിടുത്തെ സ്‌കൂളുകൾക്കും കേടുപാടു പറ്റിയിട്ടുണ്ട്. കിഴക്കൻ നഗരമായ ഖാർകീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ ആറുനില വിദ്യാഭ്യാസ സമുച്ചയം തകർന്ന് ഒരാൾ കൊല്ലപ്പെട്ടു.
ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫോൺ സംഭാഷണം നടത്തി. ഉക്രൈൻ അധിനിവേശം കടുപ്പിക്കാൻ റഷ്യ ചൈനയിൽനിന്ന് ആയുധങ്ങൾ ആവശ്യപ്പെട്ടുവെന്ന വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ചർച്ച. അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യക്കെതിരേ ഏർപ്പെടുത്തുന്ന ഉപരോധത്തിന്റെ ഭാഗമാവാൻ ഷീയോട് ബൈഡൻ ചർച്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. റഷ്യക്കെതിരേ പാശ്ചാത്യ ശക്തികളോടൊപ്പം ചൈനയും അണിനിരക്കണമെന്ന് യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാനും ആവശ്യപ്പെട്ടു. ചൈനയുടെ ഭാവി അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളുമായുമാണെന്നും മറിച്ച് റഷ്യക്കൊപ്പമാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.