2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദ്വീപിലെ തീരദേശ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നോട്ടിസ് കൂട്ടത്തോടെ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍
കവരത്തി : തീരപ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കവരത്തിയിലെ ഭൂഉടമകള്‍ക്ക് നല്‍കിയ നോട്ടിസ് പിന്‍വലിച്ചു.
കവരത്തി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ നല്‍കിയ നോട്ടിസിനെതിരേ ഭൂഉടമകള്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് വിശദീകരണം ആവശ്യപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് ജൂണ്‍ 25 ന് നല്‍കിയ നോട്ടിസ് പിന്‍വലിച്ചുകൊണ്ടു കവരത്തി ബി.ഡി.ഒ ജെ ജമാലൂദ്ദീന്‍ ഇന്നലെ പുതിയ നോട്ടിസ് നല്‍കിയത്. കവരത്തിയിലെ 80 പേര്‍ക്ക് നല്‍കിയ നോട്ടിസാണ് പിന്‍വലിച്ചത്. 1965 ലെ എല്‍.ആര്‍.ടി റെഗുലേഷന്‍ അനുസരിച്ച് ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഭൂഉടമകളുടെ ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കുമെന്നുമായിരുന്നു നോട്ടിസ്. ഇതിനെതിരേ ഭൂഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ബി.ഡി.ഒയ്ക്ക് പൊളിച്ചുമാറ്റാനും നോട്ടിസ് നല്‍കാനും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബി.ഡി.ഒക്ക് ഡെപ്യൂട്ടി കലക്ടറുടെ ചുമതല കൈമാറി ഉത്തരവ് ഇറങ്ങി. നോട്ടിസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നതിനാലും കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ലക്ഷദ്വീപ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് മാത്രമേ അധികാരമുള്ളുവെന്ന നിയമപ്രശ്‌നംകൂടി വന്നതോടെയാണ് നോട്ടിസുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായത്.
എന്നാല്‍ സുഹെലി ദ്വീപിലെ 19 പേര്‍ക്ക് നല്‍കിയ നോട്ടിസ് പിന്‍വലിച്ചിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.