2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദോഹ മല്‍സ്യമാര്‍ക്കറ്റ് നഗരത്തില്‍ നിന്നും മാറ്റുന്നു

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറില്‍ മിതമായ നിരക്കില്‍ ഫ്രഷ് മല്‍സ്യം ലഭിക്കാന്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്ന അബൂഹമൂറിലെ മല്‍സ്യമാര്‍ക്കറ്റ് നാളെ ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. പകരം ഉംസലാലില്‍ പുതിയ മല്‍സ്യ മാര്‍ക്കറ്റ് വൈകുന്നേരത്തോടെ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

അബൂഹമൂര്‍ മല്‍സ്യമാര്‍ക്കറ്റിലേക്ക് ഇറക്കുമതി ചെയ്യുന്ന മല്‍സ്യങ്ങളുടെ അവസാനത്തെ ലേലം നാളെ പുലര്‍ച്ചെ നടക്കുമെന്ന് ധന വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. പ്രാദേശിക മല്‍സ്യലേലം സൂര്യാസ്തമനത്തിനു ശേഷം ഉംസലാല്‍ മല്‍സ്യമാര്‍ക്കറ്റിലാണ് നടക്കുകയെന്നും സര്‍ക്കുലറില്‍ പറയുന്നു.

ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ഭാഗമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മല്‍സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടുന്നത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുമോയെന്ന് മീന്‍വില്‍പ്പനക്കാര്‍ക്ക് ആശങ്കയുണ്ട്. പുതിയ മല്‍സ്യമാര്‍ക്കറ്റിലേക്ക് മാറാനുള്ള നടപടിക്രമങ്ങള്‍ക്ക് നാളെ ഉച്ച വരെ അധികൃതര്‍ സമയം നല്‍കിയിട്ടുണ്ട്. പുതിയ മല്‍സ്യമാര്‍ക്കറ്റിലെ സ്ഥലം രണ്ട് വര്‍ഷത്തേക്കാണ് വാടകയ്ക്ക് നല്‍കുന്നത്. ധന വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നാളെ ഉച്ചയ്ക്ക് കരാറുകള്‍ ഒപ്പുവയ്ക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തില്ലെങ്കില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റില്‍ സ്ഥലം ലഭിക്കാനുള്ള മീന്‍ കച്ചവടക്കാരുടെ അവകാശം നഷ്ടമാവുകയും മന്ത്രാലയം മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.

മല്‍സ്യക്കച്ചവടക്കാരുടെ പ്രതിനിധികളെ കഴിഞ്ഞ ദിവസം ഉംസലാലിലെത്തിച്ച് അധികൃതര്‍ അനുവദിച്ച സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തിരുന്നു. പുതിയ സ്ഥലം വിശാലവും ശുചിത്വമുള്ളതും ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ളതുമാണെന്ന് കച്ചവടക്കാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

പുതിയ മല്‍സ്യമാര്‍ക്കറ്റ് ആളുകള്‍ക്ക് പരിചിതമാവുന്നതുവരെ കച്ചവടം മന്ദഗതിയിലാവുമെന്നു തന്നെയാണ് മിക്ക കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്. മറ്റൊരു പ്രശ്‌നം പച്ചക്കറി മാര്‍ക്കറ്റ് അബൂഹമൂറില്‍ ഇപ്പോഴുള്ള സ്ഥലത്തു നിന്നും മാറ്റുന്നില്ല എന്നതാണ്. പച്ചക്കറി വാങ്ങാനെത്തുന്നവര്‍ ഇനി മത്സ്യം വാങ്ങാതെ മടങ്ങുമെന്നും മത്സ്യമാര്‍ക്കറ്റിനെ ഉപേക്ഷിക്കുമെന്നും ഭയപ്പെടുന്നവരുമുണ്ട്. പുതിയ മല്‍സ്യമാര്‍ക്കറ്റ് ദോഹയില്‍ നിന്ന് അകലെയാണെന്നതും പ്രതിസന്ധിയാവും.

അതേ സമയം, പുതിയ സ്ഥലത്തെ സൗകര്യങ്ങളും ശുചിത്വവും ഉപഭോക്താക്കളെ ആകര്‍ഷിക്കും. 50 പേര്‍ക്ക് കച്ചവടം ചെയ്യാനുള്ള സൗകര്യം പുതിയ മല്‍സ്യ മാര്‍ക്കറ്റിലുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത ലേല കേന്ദ്രവും ആവശ്യത്തിന് പാര്‍ക്കിങും ഒരുക്കിയിട്ടുണ്ട്. കഫ്റ്റീരിയ, തേന്‍, നട്ട്‌സ്, സുഗന്ധവ്യഞ്ജന വസ്തുക്കള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ചെടികള്‍, ഫ്രോസണ്‍ ചിക്കന്‍ തുടങ്ങിയവ വില്‍ക്കുന്ന ഷോപ്പുകളും ഉംസലാല്‍ മല്‍സ്യ മാര്‍ക്കറ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സൈലിയയിലും അല്‍വക്‌റയിലും പുതിയ മാര്‍ക്കറ്റുകള്‍ ഉടന്‍ തുറക്കും. അതുവരെ പഴം പച്ചക്കറി വില്‍പ്പന അബൂഹമൂറിലെ മാര്‍ക്കറ്റില്‍ തുടരും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച രാവിലെ 6 മുതല്‍ 10.30 വരെയും വൈകീട്ട് 3 മുതല്‍ 10 വരെയുമാണ് ഉംസലാലിലെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News